ADVERTISEMENT

കൊച്ചി ∙ ഗുരുവായൂർ ദേവസ്വത്തിനു കീഴിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകളെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നതിനു പിന്നാലെ രൂക്ഷ പ്രതികരണവും കടുത്ത നടപടികളുമായി ഹൈക്കോടതി. ആർക്കാണ് ആനക്കോട്ടയുടെ ചുമതലയെന്ന് ആരാഞ്ഞ കോടതി, ആനകളെ മർദിച്ച സംഭവത്തിൽ ആര്‍ക്കൊക്കെ എതിരെ നടപടി എടുത്തെന്നും ആരാഞ്ഞു. 

Read also: പാർക്കിങ്ങിനെച്ചൊല്ലി തർക്കം; കൊണ്ടോട്ടിയിൽ പൊലീസുകാരനും ഓട്ടോഡ്രൈവറും തമ്മിൽ മൽപ്പിടിത്തം– വിഡിയോ

എന്താണ് ആനക്കോട്ടയിൽ നടക്കുന്നതെന്ന് അറിവുണ്ടോ എന്ന് ഗുരുവായൂർ ദേവസ്വത്തോടു  കോടതി ചോദിച്ചു. മാനേജിങ് കമ്മിറ്റിക്ക് ഇതിൽ ഉത്തരവാദിത്തം വേണ്ടതില്ലേ എന്നും ആരാഞ്ഞു. ആനകളുടെ സംരക്ഷണം സംബന്ധിച്ച് എല്ലാ വിധ ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി ദേവസ്വം ബോ‍ർഡിനോട് നിർദേശിച്ചു. ആനകളോട് ക്രൂരമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവണം. ഇരുമ്പുതോട്ടി ഉപയോഗിക്കുന്ന പാപ്പാന്മാർക്കെതിരെ കർശന നടപടി വേണം. ആനക്കോട്ടയിൽ സിസിടിവി സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. 

പുന്നത്തൂർകോട്ടയിലെ ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, ആനകള്‍ക്ക് മർദനമേറ്റ സംഭവവും അതിന്മേൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നിവയുമടക്കം ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രന്‍, ജി.ഗിരീഷ് എന്നിവരുടെ ബെ​ഞ്ച് നിർദേശിച്ചു. സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലെ റേഞ്ച് ഫോറസ്റ്റ് ഓഫിസറെ കേസിൽ കക്ഷി ചേർത്ത കോടതി ഇവരോടും ചൊവ്വാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഫ്ലയിങ് സ്ക്വാഡിനെയും കേസിൽ കക്ഷി ചേർത്ത ഹൈക്കോടതി ഇന്നു തന്നെ പുന്നത്തൂർ ആനക്കോട്ടയിലെത്തി പരിശോധന നടത്താൻ നിർദേശിച്ചു. ചൊവ്വാഴ്ച ഈ റിപ്പോർട്ടും കോടതിക്ക് നൽകണം. ഏഷ്യൻ എലിഫന്റസ് സൊസൈറ്റി സ്ഥാപക സംഗീത അയ്യർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത അയ്യർ നൽകിയിരുന്ന ഹർജി കോടതി ഇന്നലെയും പരിഗണിച്ചിരുന്നു. 

English Summary:

Kerala High Court on elephants brutally thrashed in Guruvayur Anakottai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com