‘കറുത്ത കുട്ടികൾക്ക് സൗന്ദര്യമത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? പറഞ്ഞതിൽ കുറ്റബോധമില്ല’: അധിക്ഷേപം തുടർന്ന് സത്യഭാമ
Mail This Article
തിരുവനന്തപുരം∙ നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചുള്ള വിവാദ പരാമർശങ്ങൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടു രൂക്ഷമായി പ്രതികരിച്ച് നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ. താൻ പറഞ്ഞതു തന്റെ അഭിപ്രായമാണെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കിയ അവർ, അധിക്ഷേപ പരാമർശങ്ങൾ ആവർത്തിച്ചു. മാധ്യമപ്രവർത്തകരോടു കയർത്തു സംസാരിക്കുകയും ചെയ്തു.
‘‘മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്പോൾ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. ഞങ്ങളെ പോലെ ഉള്ളവർ എന്താ സൗന്ദര്യ മത്സരത്തിനു പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികൾക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാർ വന്നാലും ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു
കറുത്ത ആൾക്കാർ കളിക്കാൻ പാടില്ലെന്നില്ല. അതു പെൺകുട്ടികളാണെങ്കിൽ കുഴപ്പമില്ല. ആൺകുട്ടികളാണെങ്കിൽ എന്റെ അഭിപ്രായത്തിൽ കുറച്ചു സൗന്ദര്യം വേണം. ഞാൻ പൊതു അഭിപ്രായമാണു പറഞ്ഞത്. ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ എടുത്തു കൊണ്ടു വാ’’– സത്യഭാമ പറഞ്ഞു.
അഭിമുഖത്തിൽ ‘അയാൾ’ എന്ന് ഉദ്ദേശിച്ചത് ആരെയാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, അത് ആരോ ആയിക്കട്ടെ, നിങ്ങൾ എന്തിനാണ് അറിയുന്നത് എന്നായിരുന്നു സത്യഭാമയുടെ മറുചോദ്യം. ‘‘ഏതോ ഒരാൾ എന്നു വിചാരിച്ചോളൂ, ഞാൻ ആരുടെയും പേരു പറഞ്ഞിട്ടില്ലല്ലോ. നിങ്ങൾ എന്തിനാണു കുത്തിക്കുത്തി ചോദിക്കുന്നത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല’’– സത്യഭാമ കൂട്ടിച്ചേർത്തു.
തന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ ഇനിയും സംസാരിക്കുമെന്നും പറഞ്ഞതിൽ കുറ്റബോധമില്ലെന്നും സത്യഭാമ വ്യക്തമാക്കി. ‘‘കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കും എന്നാൽ മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്പോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവർ മാർക്കിടില്ല എന്നു പറയും’’– അവർ പറഞ്ഞു.