ആയുധനിയമ കേസ്: ലാലു പ്രസാദിന് മധ്യപ്രദേശിൽ നിന്ന് അറസ്റ്റ് വാറണ്ട്
Mail This Article
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിൽ സജീവമാകുന്നതിനിടെ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു മധ്യപ്രദേശിൽ നിന്ന് അറസ്റ്റ് വാറണ്ട്. ഗ്വാളിയറിലെ എംപി– എംഎൽഎ പ്രത്യേക കോടതിയിൽ 26 വർഷമായി നിലവിലുള്ള ആയുധ നിയമ കേസിലാണ് ലാലു യാദവിനു അറസ്റ്റ് വാറണ്ട്. കോടതിയിൽ 1998ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ലാലു യാദവിനു വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല.
കേസിൽ പ്രതിയായ അനധികൃത ആയുധ വിൽപനക്കാരനായ രാജ് കുമാർ ശർമ്മയുടെ മൊഴി അനുസരിച്ചാണ് ലാലു യാദവിനെ പ്രതി ചേർത്തിട്ടുള്ളത്. ഗ്വാളിയറിലെ ആയുധക്കച്ചവടക്കാരിൽ നിന്നു വാങ്ങിയ തോക്കുകൾ ബിഹാറിൽ ലാലു യാദവിനു മറിച്ചു വിറ്റുവെന്നായിരുന്നു മൊഴി. പിതാവിന്റെ പേരിലുള്ള വ്യത്യാസം കാരണം പ്രതി ആർജെഡി അധ്യക്ഷൻ ലാലു യാദവാണോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. പ്രതി ആർജെഡി അധ്യക്ഷൻ ലാലുവാണെന്ന നിഗമനത്തിലാണ് കേസ് എംപി– എംഎൽഎ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
കേസിൽ പ്രതിയായ ലാലു യാദവിന്റെ പിതാവിന്റെ പേര് കുന്ദ്രിക സിങ് എന്നാണ്. ആർജെഡി അധ്യക്ഷൻ ലാലുവിന്റെ പിതാവിന്റെ പേര് കുന്ദൻ റായി എന്നാണ്. ഇത്തവണ പ്രതിയുടെ പിതാവിന്റെ പേര് ഒഴിവാക്കിയാണ് കേസിൽ ഒളിവിലുള്ള പ്രതികളുടെ പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചത്.