ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ എസ്-300 വ്യോമ പ്രതിരോധ സംവിധാനം: റിപ്പോർട്ട്
Mail This Article
ടെഹ്റാൻ∙ ഇറാൻ നഗരമായ ഇസ്ഫഹാനിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. റഷ്യൻ നിർമിത എസ്-300 ആന്റി ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. 2016ലാണ് ഇറാന് എസ്-300 വ്യോമ പ്രതിരോധ സംവിധാനം റഷ്യ കൈമാറിയത്.
ഇറാന്റെ ആണവകേന്ദ്രവും വ്യോമ പ്രതിരോധ സംവിധാനങ്ങളുമുള്ള പ്രദേശത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണു വിവരം. ഡ്രോണുകളും മിസൈലും ഉപയോഗിച്ച് ഇറാനിൽ തകർത്ത പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തു രാജ്യാന്തര മാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസും ബിബിസിയുമാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഇസ്ഫഹാൻ രാജ്യാന്തര വിമാനത്താവളത്തിന്റെ വടക്കുകിഴക്കായി സ്ഥാപിച്ചിട്ടുള്ള എസ്-300 പ്രതിരോധ സംവിധാനത്തിന്റെ ആയുധപ്പുരയുടെ ചിത്രങ്ങളാണു പുറത്തുവന്നത്.
-
Also Read
കടൽ കടന്നൊരു പെൺകുട്ടി
ബിബിസിക്കു ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിൽ ഏപ്രിൽ 15ന് രഹസ്യ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന എസ്-300 കാണാം. ഗൂഗിൾ എർത്തിലെ ഏറ്റവും പുതിയ ചിത്രത്തിലാകട്ടെ എസ്-300 ഇല്ലാത്ത ശൂന്യസ്ഥലമാണു കാണുന്നത്. ആക്രമണമുണ്ടായതിന്റെ വടക്കു ഭാഗത്താണു നതാൻസ് ആണവകേന്ദ്രം. ഡ്രോണുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനത്തിൽ പതിച്ചെന്നാണു സൂചന. എന്നാൽ, ഇറാന്റെ വ്യോമാതിർത്തിയിൽ സംശയകരമായി ഒന്നും സൈന്യം കണ്ടെത്തിയിട്ടില്ലെന്നാണു രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
എസ്-300 പ്രതിരോധ സംവിധാനത്തിന്റെ റഡാറിനു കേടുപാട് സംഭവിച്ചെങ്കിലും മിസൈൽ ലോഞ്ചറുകൾക്കു കുഴപ്പമില്ല. ആക്രമണത്തിലെ നാശനഷ്ടത്തിന്റെ വ്യാപ്തി ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇരുപക്ഷവും അവകാശവാദങ്ങൾ ഉന്നയിക്കാത്തതിനാൽ ഇസ്രയേൽ എന്തുതരം ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും വ്യക്തമല്ല. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിയുമെന്ന സന്ദേശം ഇറാനു നൽകുകയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണു വിലയിരുത്തൽ.