ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്കൂളിനു സമീപം ഞായറാഴ്ച രാവിലെ നടന്നത് ഉഗ്രസ്ഫോടനം. സ്‌കൂളിന്റെ മതിലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 7.47നായിരുന്നു സ്ഫോടനം. ഫൊറൻസിക് സംഘവും ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. സ്ഫോടനം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കാരണം വ്യക്തമല്ല. 

‌ഒരു പ്രദേശവാസി റെക്കോർഡ് ചെയ്ത വിഡിയോയിൽ സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തുനിന്നു പുക ഉയരുന്നത് കാണാം. ‘‘ഞാൻ വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ടതിനു പിന്നാലെ പുകയും കണ്ടു, വിഡിയോ റെക്കോർഡു ചെയ്‌തു. കൂടുതലൊന്നും എനിക്കറിയില്ല. ഇതിനു പിന്നാലെ പൊലീസ് സംഘവും ആംബുലൻസും സംഭവസ്ഥലത്തെത്തി’’ – പ്രദേശവാസി പറഞ്ഞു.

സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഓടകൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിൽ സ്‌കൂളിനു സമീപം പാർക്ക് ചെയ്‌തിരുന്ന കാറുകളുടെ ചില്ലുകൾ തകരുകയും പ്രദേശത്തെ കടകളുടെ സൈൻ ബോർഡുകൾ തകരുകയും ചെയ്‌തതായി പ്രദേശവാസികൾ പറഞ്ഞു. 

നാഷനൽ സെക്യൂരിറ്റി ഗാർഡിനെ അധികൃതർ വിവരം അറിയിച്ചിട്ടുണ്ട്. ഒരു സംഘം സംഭവസ്ഥലം സന്ദർശിച്ചേക്കുമെന്നാണ് വിവരം. ക്രൂഡ് ബോംബാകാം സ്‌ഫോടനത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

English Summary:

Crude Bomb Suspected in Delhi Explosion, NSG Investigating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com