അമിതവേഗതയിലെത്തിയ കാറിടിച്ചു; വഴിയരികിൽ കളിച്ചു കൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

Mail This Article
മുംബൈ∙ വഡാലയിൽ അമിതവേഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. അംബേദ്കർ കോളജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ രക്ഷിതാക്കൾക്കൊപ്പം കഴിയുകയായിരുന്ന നാലു വയസുകാരൻ ആയുഷ് ആണ് മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭുഷൻ ഗോലയെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
കാർ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ച ആയുഷ് പിതാവ് ലക്ഷ്മൺ കിൻവാഡെയ്ക്കും കുടുംബത്തിനുമൊപ്പം കാലങ്ങളായി വഴിയരികിലാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.