വിവാഹസംഘത്തെ മർദിച്ച കേസിൽ എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്; സസ്പെൻഷൻ

Mail This Article
പത്തനംതിട്ട∙ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ ജിനുവിനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് സസ്പെൻഷൻ. ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി.

എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ എസ്ഐ എസ്.ജിനുവിനെ ജില്ലാ പൊലീസ് ഓഫിസിലേക്കു സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്. വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണു സംഭവം. കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മറ്റ് നാലുപേരെ ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്.
രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ ബാറിന്റെ ചില്ലുവാതിലിൽ തട്ടി മദ്യം ആവശ്യപ്പെട്ട് എട്ടംഗസംഘം പ്രശ്നമുണ്ടാക്കിയിരുന്നു. ശല്യം രൂക്ഷമായതോടെ ബാർ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ ഈ സമയം വാഹനത്തിലെത്തിയ വിവാഹസംഘം മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം വാഹനം നിർത്തി. ഇതേസമയം സ്ഥലത്തെത്തിയ പൊലീസ് ആളുമാറി വിവാഹസംഘത്തിനു നേരെ ലാത്തിവീശുകയായിരുന്നു. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിലുള്ള സ്ഥിരം പ്രശ്നക്കാരാണ് ബഹളമുണ്ടാക്കിയതെന്ന് ബാർ ജീവനക്കാർ പറഞ്ഞു.