നീതി നടപ്പാകുംവരെ പോരാടുമെന്ന് ജോളിയുടെ കുടുംബം; കയർ ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച്

Mail This Article
കൊച്ചി∙ യാചിച്ചിട്ടും കുറച്ചു സമയം കൂടി ജോളി മധുവിന് ലഭിച്ചില്ല. ഇന്ന് രാവിലെ 11.30ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ ആ ജീവിതത്തിന് അന്ത്യവിശ്രമമായി. കുടുംബാംഗങ്ങളും കയർ ബോർഡിലെ സഹപ്രവർത്തകരും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് ആദ്യം വീട്ടിലും പിന്നീട് പള്ളിയിലും അവർക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. അതിനിടെ, ജോളിയുടെ മരണത്തിൽ നീതി നടപ്പാക്കുന്നതുവരെ പോരാടുമെന്നും അന്വേഷണ റിപ്പോർട്ട് വരുന്നതിന് അനുസരിച്ചായിരിക്കും മുന്നോട്ടുള്ള നടപടികളെന്നും കുടുംബം വ്യക്തമാക്കി.
കാൻസർ അതിജീവിത കൂടിയായ ജോളി തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി 10നാണു മരിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തിന്റെ ഇരയാണ് ജോളിയെന്നു ചൂണ്ടിക്കാട്ടി കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു കുടുംബം ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവർക്കു പരാതി നൽകിയിരുന്നു. പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തുന്നുണ്ട്.
തൊഴിലിടത്തിൽ താൻ നേരിടുന്ന പീഡനങ്ങളും മറ്റും ചൂണ്ടിക്കാട്ടി ജോളി എഴുതിത്തുടങ്ങിയ കത്ത് പുറത്തായതിനു പിന്നാലെ ഇക്കാര്യങ്ങൾ പറയുന്ന അവരുടെ ടെലിഫോൺ സംഭാഷണങ്ങളും പുറത്തു വന്നിരുന്നു. കയർ ബോർഡിൽ നടക്കുന്ന അഴിമതിക്കു കൂട്ടുനിൽക്കാത്തതിനും മേലുദ്യോഗസ‌്ഥരുടെ ചെയ്തികളെ പിന്തുണയ്ക്കാത്തതിനുമുള്ള പ്രതികാര നടപടിയാണു തനിക്കുനേരെ നടക്കുന്നത് എന്ന് ജോളി ഈ സംഭാഷണങ്ങളിൽ പറയുന്നു. താൻ ഈശ്വരനിലാണു വിശ്വസിച്ചിരിക്കുന്നതെന്നും അഴിമതി നടത്തിക്കിട്ടുന്ന പണം തനിക്കു വേണ്ടെന്നും അവർ പറയുന്നതും ഈ സംഭാഷണങ്ങളിൽ കേൾക്കാം. ജോളി എഴുതിയ അവസാന കത്തിലും സമാനമായ അവസ്ഥകളാണു വിവരിച്ചിരുന്നത്.
ചെയർമാനോടു സംസാരിക്കാൻ തനിക്കു പേടിയാണെന്നു കത്തിൽ പറയുന്നു. തൊഴിലിടത്തിൽ ഒരു സ്ത്രീയെ മാനസികമായി പീഡിപ്പിക്കുന്നതാണ് ഇവിടെ നടക്കുന്നതെന്നും അവർ കത്തിൽ പറയുന്നു. ‘‘അത് എന്റെ ആരോഗ്യത്തിനും ജീവിതത്തിനും ഭീഷണിയാണ്. അതുകൊണ്ടു ഞാൻ നിങ്ങളോടു കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, കുറച്ചുനാൾകൂടി അതിജീവിക്കാൻ എന്നെ സഹായിക്കൂ’, എന്ന് എഴുതി പൂർത്തിയാക്കാൻ കഴിയാതെ ജോളി തളർന്നു വീഴുകയായിരുന്നു.
എല്ലാ വിധത്തിലും ജോളിയെ ദ്രോഹിക്കുകയായിരുന്നു മുൻ സെക്രട്ടറി ജിതേന്ദ്ര കുമാർ ശുക്ലയും നിലവിലെ ചെയർമാൻ വിപുൽ ഗോയലുമെന്നാണു കുടുംബം പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ പ്രസാദ് കുമാർ, സി.യു.ഏബ്രഹാം എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണു ബന്ധുക്കളുടെ ആവശ്യം. കാൻസർ രോഗികളെ സ്ഥലം മാറ്റരുതെന്ന ചട്ടംകൂടി ലംഘിച്ചാണ് ജോളിക്കു നിർബന്ധിത സ്ഥലംമാറ്റം നൽകിയത്. തുടർന്നു നൽകിയ അവധി അപേക്ഷ പോലും അംഗീകരിച്ചില്ല, ഒപ്പം ശമ്പളവും പിടിച്ചുവച്ചു, വിജിലൻസ് കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി, തുടങ്ങിയ ഒട്ടേറെ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. സ്ഥലം മാറ്റപ്പെടാൻ ജോളി ആരോഗ്യവതിയല്ല എന്ന് കയർ ബോർഡ് തന്നെ നിയമിച്ച മെഡിക്കൽ ബോർഡ് കണ്ടെത്തിയിട്ടും ഇതും പാലിക്കപ്പെട്ടില്ല. ജനുവരി 31ന് കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെട്ട ശേഷം ഭർതൃസഹോദരൻ കയർ ബോർഡ് സെക്രട്ടറിയെ ഫെബ്രുവരി രണ്ടിനു കണ്ടതിനുശേഷം നാലിനാണ് സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കുന്നത് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആരോപണവിധേയർക്കെതിരെ കയർ ബോർഡിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇവ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതിലൊന്നു വിവിധ എക്സിബിഷനുകളുമായി ബന്ധപ്പെട്ടു നടക്കുന്ന അഴിമതി, കുറ്റക്കാരെ സംരക്ഷിക്കൽ, എതിർക്കുന്നവരെ ശിക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ചില വ്യക്തികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ്. കയർ ബോർഡ് ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ കമ്മിറ്റി ഇന്ന് കൊച്ചി കയർ ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. കയർ ബോർഡിന് മുന്നിൽ വർക്കിങ് വുമൺ കോ ഓർഡിനേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.