‘അവൻ എവിടെയെന്നു ചോദിച്ചു’ ; ഒന്നും മിണ്ടാനാകാതെ അവർ പരസ്പരം നോക്കിനിന്നു ; സങ്കടക്കടലാഴം താണ്ടി റഹിം

Mail This Article
തിരുവനന്തപുരം∙ കണ്ണീർക്കടൽ താണ്ടി തന്റെ അരികിലെത്തിയ റഹിമിനെ ഷെമി ഏറെ നേരം നോക്കി നിന്നു. അതു കഴിഞ്ഞ് തകർന്ന താടിയെല്ല് മെല്ലെ അനക്കി ഷെമി ഇത്രയും ചോദിച്ചു, ‘അഫ്സാൻ എവിടെയാണ്’. ഇടനെഞ്ച് പൊട്ടുന്ന വേദന കടിച്ചമർത്തി റഹിം ഇങ്ങനെ പറഞ്ഞു. അഫ്സാനെ കണ്ടു, പരീക്ഷയ്ക്കു പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ടു വരാമെന്ന്. അത്രയും പറഞ്ഞപ്പോഴേക്കും റഹിമും തകർന്നിരുന്നു.
അഫാന്റെ ആക്രമണത്തിൽ ഇളയ മകൻ അഫ്സാൻ കൊല്ലപ്പെട്ട വിവരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെമിയെ അറിയിച്ചിട്ടില്ല. അഫാന്റെ ആക്രമണത്തിലാണ് പരുക്കേറ്റതെന്ന് ഷെമിയും പറഞ്ഞില്ല. പകരം കട്ടിലിൽ നിന്ന് വീണു പരുക്കേറ്റതാണെന്ന് ഷെമി ഭർത്താവിനോട് കള്ളം പറഞ്ഞു. മക്കളുടെ കൊച്ചുകൊച്ചു കള്ളങ്ങൾ പിതാവിൽ നിന്നു മറച്ചു വയ്ക്കുന്ന അമ്മയായിരുന്നു അപ്പോൾ ഷെമി. ഏഴു വർഷങ്ങൾക്കുശേഷം തമ്മിൽക്കണ്ട ഇരുവരും ഒന്നും പറഞ്ഞില്ല. ഒരു മണിക്കൂർ ഷെമിക്കൊപ്പം ഇരുന്ന റഹിം വിങ്ങിപ്പൊട്ടിയാണ് പുറത്തിറങ്ങിയത്.
‘അവനെക്കുറിച്ചാണ് ചോദിച്ചത്’ കൂട്ടുകാരൻ ജലീലിനോട് ഇത്രയും പറഞ്ഞപ്പോഴേക്കും റഹിം വാവിട്ടു കരഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ റഹിം വിമാനത്താവളത്തില്‍നിന്നു നേരെ എത്തിയത് മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തേക്ക്. ഭാര്യയുടെയും മക്കളുടെയും ചോരവീണ പേരുമലയിലെ വീട്ടിലേക്കു റഹിമിനെ കൊണ്ടുപോയില്ല. കുഞ്ഞുമകനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും അന്ത്യവിശ്രമം കൊള്ളുന്ന താഴേപാങ്ങോട്ടെ കബറിടത്തിലേക്കാണ് റഹിം പിന്നീട് പോയത്. കുഞ്ഞുമകന്‍ അഫ്‌സാന്റെ ഉള്‍പ്പെടെ പ്രിയപ്പെട്ടവരുടെ കബറിടത്തില്‍ എത്തി റഹിം കണ്ണീരോടെ പ്രാര്‍ഥിച്ചു. റഹിം ആദ്യം തിരക്കിയത് അഫ്‌സാനെ അടക്കിയ സ്ഥലം എവിടെ എന്നാണ്. അവിടെ എത്തി പ്രാര്‍ഥിച്ച ശേഷം മറ്റ് മൂന്നു കബറിടത്തിലും റഹിം എത്തി. അഫ്‌സാന്റെ കബറിടത്തിനു മുന്നില്‍ റഹിം ബന്ധുക്കള്‍ക്കൊപ്പം ഏറെസമയം വിങ്ങിപ്പൊട്ടി നിന്നു. ഓരോ ബന്ധുക്കള്‍ അടുത്തുവന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും കൊച്ചുകുട്ടിയെപ്പോലെ റഹിം വിതുമ്പി. ബന്ധുക്കളെ കണ്ട് റഹിം സര്‍വതും നഷ്ടപ്പെട്ടവനെ പോലെ പൊട്ടിക്കരഞ്ഞു.
പ്രവാസത്തിന്റെ കൊടുംചൂടില്‍നിന്ന് കുടുംബത്തിന്റെ തണലിലേക്ക് ഓടിയെത്താന്‍ ഏറെ വര്‍ഷങ്ങളായി കാത്തിരുന്നതാണ് അബ്ദുല്‍ റഹിം. നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രിയപ്പെട്ട മക്കളും ഭാര്യയും സ്വീകരിക്കാനെത്തുന്നതും സ്വപ്‌നം കണ്ടിരിക്കും റഹിം. ഏതാണ്ട് ഏഴു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവ് പക്ഷെ പ്രിയപ്പെട്ടവരുടെ ചോരവീണുറഞ്ഞ നാട്ടിലേക്കായിപ്പേയെന്നതാണ് റഹിമിനെ വിടാതെ പിന്തുടരുന്ന ദുര്യോഗം. മക്കളുടെ കളിചിരികള്‍ നിറഞ്ഞുനിന്നിരുന്ന വീട്ടില്‍ ഇപ്പോള്‍ ചുടുചോരയുടെ ഗന്ധമാണ്. ഏറെ സ്‌നേഹിച്ചിരുന്ന കുഞ്ഞുമകനെ ക്രൂരമായി കൊന്ന് മൂത്തമകന്‍ പൊലീസിന്റെ പിടിയില്‍. കണ്ണിലെണ്ണയൊഴിച്ച് ഭര്‍ത്താവിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ഭാര്യ പരുക്കേറ്റ് ആശുപത്രിയില്‍. സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാന്‍ പ്രിയപ്പെട്ടവരാരുമില്ലാത്ത അവസ്ഥ.
രാവിലെ ഏഴരയോടെ ദമാമില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റഹിം ആദ്യം ഡി.കെ.മുരളി എംഎല്‍എയെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. സൗദിയില്‍ ബിസിനസ് തകര്‍ന്ന് സാമ്പത്തികപ്രതിസന്ധിയിലായതിനു പിന്നാലെ ഇഖാമ പുതുക്കാതെ നിയമപ്രശ്‌നം കൂടി വന്നതോടെ കഴിഞ്ഞ് ഏഴു വര്‍ഷമായി നാട്ടിലേക്കു തിരിച്ചെത്താന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു റഹിം. കടബാധ്യതകള്‍ വീട്ടാന്‍ വേണ്ടി പെടാപ്പാട് പെടുന്നതിനിടെയാണ് ഇടിത്തീ പോലെ നാട്ടിലെ വിവരങ്ങള്‍ എത്തുന്നത്. ജീവിതത്തില്‍ താങ്ങും തണലുമാകേണ്ട മൂത്തമകന്‍ പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി ക്രൂരമായി കൊന്നുതള്ളിയെന്ന വാര്‍ത്ത കേട്ട് റഹിം ഞെട്ടിത്തരിച്ചു പോയി. ദമാമിലെ കടയില്‍ ജോലി ചെയ്യുമ്പോഴാണ് നാട്ടില്‍നിന്ന് സഹോദരിയുടെ മകന്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചത്. സഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യയുടെയും മരണവിവരമാണ് ആദ്യം അറിഞ്ഞത്. തുടര്‍ന്ന് മകന്റെ ക്രൂരതകള്‍ ഒന്നൊന്നായി കേട്ട് റഹിം തകര്‍ന്നുപോയി. ഏതുവിധേനെയും നാട്ടിലെത്തണമെന്ന് റഹിമിന്റെ ആഗ്രഹത്തിനൊപ്പം സൗദിയിലെ മലയാളികളായ സന്നദ്ധപ്രവര്‍ത്തകരും നാട്ടിലെ രാഷ്ട്രീയ നേതാക്കളും ചേര്‍ന്നതോടെ തിരിച്ചുവരവിന് കളമൊരുങ്ങി.