ADVERTISEMENT

കൊച്ചി ∙ വഴിയരികിലെ വീടിനുള്ളിൽ തെരുവുനായകൾ ഉൾപ്പെടെ മുപ്പതോളം നായകൾ. സദാസമയവും കുരയും പ്രദേശം മുഴുവൻ ദുർഗന്ധവും. കലക്ടർ മുതലുള്ളവർക്ക് പരാതി നൽകി പൊറുതി മുട്ടിയ നാട്ടുകാർ, സ്റ്റോപ് മെമ്മോ കൊടുത്തിട്ടും ഒഴിയാതെ താമസക്കാർ. പ്രശ്നത്തിൽ ഇടപെട്ട് എംഎൽഎ അടക്കമുള്ളവർ. എറണാകുളം ജില്ലയിൽ കുന്നത്തുനാട് പഞ്ചായത്തിലെ പത്താം വാർഡ് വെമ്പിള്ളിയിലാണ് മാസങ്ങളായി പരിഹരിക്കാനാകാത്ത വിഷയമുള്ളത്. ക്ഷുഭിതരായ നാട്ടുകാർ ഇന്ന് മതിലിനു ചുറ്റുമുള്ള ഷീറ്റ് പൊളിച്ച് അകത്തുകയറാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു.

സ്കൂൾ കുട്ടികളടക്കം നടക്കുന്ന റോഡിനോട് ചേർന്ന് മുപ്പതിലധികം തെരുവുനായ്ക്കളെയാണ് വീട്ടുടമ വീട് വാടകയ്ക്കടുത്ത് താമസിപ്പിച്ചിരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. നായ്ക്കളുടെ കൂട്ടത്തോടെയുള്ള കുരയും അസഹനീയമായ ദുർഗന്ധവും ചൂണ്ടിക്കാട്ടി നാട്ടുകാർ കലക്ടർ, ആര്‍ഡിഒ, പൊലീസ്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റവന്യൂ വകുപ്പ് തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഏഴു ദിവസത്തിനകം വീട് ഒഴിയണമെന്നും ജനവാസകേന്ദ്രങ്ങളിൽ നായ്ക്കളെ ഇത്തരത്തിൽ കൂട്ടത്തോടെ താമസിപ്പിക്കരുതെന്നും അവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടും പഞ്ചായത്ത് വീട്ടുടമയ്ക്കും വാടകക്കാർക്കും സ്റ്റോപ് മെമ്മോ നൽകിയിരുന്നു.എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.

തുടർന്ന് നാട്ടുകാർ കഴിഞ്ഞ ദിവസം കലക്ടർക്ക് വീണ്ടും പരാതി നൽകി. കലക്ടറുടെ നിർദേശ പ്രകാരം റവന്യൂ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ നാട്ടുകാർ നായ്ക്കളെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി വീട്ടുടമയും കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. പരാതി നല്‍കിയിട്ടും ഫലമില്ലെന്നു വന്നതോടെ ഇന്ന് നാട്ടുകാർ  പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ 11ന് പി.വി. ശ്രീനിജിൻ എംഎൽഎയും സ്ഥലം സന്ദർശിക്കാൻ എത്തിയെങ്കിലും നായ്ക്കളെ താമസിച്ചിരിക്കുന്ന വീട്ടിലേക്ക് എംഎൽഎയെ കയറാൻ അനുവദിച്ചില്ല. ഇതോടെ രോഷാകുലരായ നാട്ടുകാർ പ്രതിഷേധം ഉയർത്തുകയും വീടിനു ചുറ്റും മതിലിനു മുകളിൽ നിർമിച്ചിരുന്ന ഷീറ്റ് പൊളിച്ച് മാറ്റുകയും ചെയ്തു.

വീടിന്റെ ഉടമസ്ഥനും നാട്ടുകാർക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തതോടെ കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി.  മുവാറ്റുപുഴ ആർഡിഒ, ആരോഗ്യ വകുപ്പ് അധികൃതർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. നാട്ടുകാർ കലക്ടർക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്. വീട് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയും കലക്ടർക്ക് പരാതി നൽകി.ഇത്തരത്തിൽ നായകളെ കൂട്ടത്തോടെ വളർത്താൻ താമസക്കാർക്ക് അനുമതി ഇല്ല എന്നു കാട്ടിയാണ് റവന്യൂ അധികൃതർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ വീടിനുള്ളിൽ ആരെയും പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്ന് തങ്ങൾക്ക് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് താമസക്കാരും പറയുന്നു. വീട് ഒഴിപ്പിച്ചാലും ഇത്രയധികം നായകളെ എവിടേക്ക് മാറ്റുമെന്ന സന്ദേഹവും അധികൃതർക്കുണ്ട്. വരും ദിവസങ്ങളിൽ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

English Summary:

Kochi Dog Nuisance Case: Kochi House with 30 Dogs Sparks Neighborhood Dispute; Residents Protest After Incessant Barking and Stench

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com