കഞ്ചാവ് എത്തിച്ചത് ഹോളിക്ക്, പണപ്പിരിവും നടത്തി; വിവരം കിട്ടിയത് പൂർവ വിദ്യാർഥിയിൽനിന്ന്; മുൻപും ലഹരി പിടിച്ചു

Mail This Article
കൊച്ചി ∙ കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്നു പൊലീസ് കഞ്ചാവ് പിടികൂടിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഹോളി ആഘോഷത്തിന്റെ പേരിൽ ഹോസ്റ്റലിൽ കഞ്ചാവ് വിൽപനയ്‌ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നെന്ന വിവരത്തെ തുടർന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. ഹോളി ആഘോഷത്തിനിടെ വലിയ അളവിൽ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു രാത്രിയിൽ നടത്തിയ മിന്നൽപരിശോധന. പോളിടെക്നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂർവവിദ്യാർഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു.
വ്യാഴം രാത്രി ഒൻപതുമണിയോടെയാണ് നാർക്കോട്ടിക് സെൽ, ഡാൻസാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയുടെ നിർദേശമനുസരിച്ചായിരുന്നു പരിശോധന. പുലർച്ചെ നാലു വരെ നീണ്ട റെയ്ഡിൽ രണ്ടു കിലോയോളം കഞ്ചാവാണ് പിടിച്ചത്. ഒന്നാം നിലയിൽ ജി–11 മുറിയിൽനിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചു. രണ്ടാം നിലയിലെ എഫ്–39 മുറിയിൽനിന്ന് 9.70 ഗ്രാമും പിടിച്ചു. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്.
മനപ്പൂർവം കേസിൽ കുരുക്കിയതാണെന്ന പ്രതികളുടെ ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്. എല്ലാ തെളിവുകളോടും കൂടി നിയമാനുസൃതമാണ് പരിശോധന നടത്തിയതെന്നു പൊലീസ് പറയുന്നു. ഹോസ്റ്റലിൽ പൂർവ വിദ്യാർഥികളടക്കം വന്നു പോകുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ, കഞ്ചാവ് എവിടെനിന്ന് എത്തി എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.
മുൻപും ലഹരി പിടിച്ചെന്നു പ്രിൻസിപ്പൽ
ക്യാംപസിൽനിന്നു മുൻപും ചെറിയ അളവിൽ ലഹരിമരുന്നു പിടികൂടിയിട്ടുണ്ടെന്നും ലഹരിയുടെ വരവു തടയാൻ ആറുമാസമായി പൊലീസുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പോളി ടെക്നിക് പ്രിൻസിപ്പൽ ഡോ. ഐജു തോമസ് പറഞ്ഞു. അതിന്റെ ഭാഗമായായിരുന്നു റെയ്ഡ്. ക്യാംപസിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിദ്യാർഥിസംഘടനകൾ അടക്കം അതിന്റെ ഭാഗമാണ്. ഇപ്പോൾ അറസ്റ്റിലായവർ അവസാന വർഷ വിദ്യാർഥികളാണ്. ഒരാഴ്ച കൂടിയേ ഇനി ഇവർക്കു ക്ലാസ് ഉള്ളൂ. ഈ വിദ്യാർഥികളുടെ ഭാവിയെപ്പറ്റി അക്കാദമിക് കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർഥികളായ കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശ് (21), ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ.അഭിരാജ് (21) എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.