റീ എഡിറ്റിങ് പുരോഗമിക്കുന്നു; 3 മണി കഴിഞ്ഞ് എമ്പുരാന്റെ പുതിയ പതിപ്പെത്തും; തിയറ്ററുകൾക്ക് സന്ദേശം

Mail This Article
കോട്ടയം ∙ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് എത്തിക്കുമെന്ന് തിയറ്ററുകൾക്ക് പ്രൊവൈഡർമാരുടെ സന്ദേശം. അൽപം മുൻപ് ക്യൂബ്, യുഎഫ്ഒ ഉൾപ്പെടെയുള്ള പ്രൊവൈഡർമാർ തിയറ്ററുകളെ ഇക്കാര്യം അറിയിച്ചെന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ തിയറ്ററിന്റെ ഉടമ മനോരമ ഓൺലൈനോടു സ്ഥിരീകരിച്ചു. എഡിറ്റ് ചെയ്ത ആദ്യ പകുതിയുടെ ഫയൽ ലഭിച്ചെന്നും രണ്ടാം പകുതി കൂടി ലഭിച്ച ശേഷം ഒറ്റ ഫയലായിട്ടാകും ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുകയെന്നുമാണ് പ്രൊവൈഡർമാർ അറിയിച്ചിരിക്കുന്നത്.
3 മണിക്ക് ചിത്രം എത്തിയാലും ഇന്നത്തെ ഫസ്റ്റ് ഷോയ്ക്ക് എഡിറ്റിങ് പതിപ്പ് പ്രദർശിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ചില തിയറ്റർ ഉടമകൾ പറയുന്നു. സിനിമയുടെ ദൈർഘ്യം എത്രയാണോ അത്ര തന്നെ സമയം ഡൗൺലോഡിനു വേണ്ടി വരും. എന്നാൽ അതിവേഗ ഇന്റർനെറ്റ് ലഭ്യതയനുസരിച്ച് അര മണിക്കൂറിൽ ഡൗൺലോഡ് ചെയ്യാമെന്ന് പറയുന്ന തിയറ്റർ ഉടമകളുമുണ്ട്. ഷോ ടൈമിൽ ഡൗൺലോഡ് ചെയ്താൽ അധികസമയം വേണ്ടി വരും. അതിനാൽ ഷോ ഇല്ലാത്ത സമയത്താകും ഡൗൺലോഡിങ്. അർധരാത്രി ഷോ ഉള്ളതിനാൽ പല തിയറ്ററുകളിലും ഫസ്റ്റ് ഷോ വൈകിട്ട് 5.30ന് ആണ്.
അധിക സമയമെടുത്ത് ഷോ ടൈമിൽ ഉള്ളടക്കം ഡൗൺലോഡ് ചെയ്താൽ ഇന്നുതന്നെ സെക്കൻഡ് ഷോയ്ക്കോ അർധരാത്രി ഷോയ്ക്കോ പുതിയ പതിപ്പ് പ്രദർശിപ്പിക്കാനാകും. എന്നാൽ ഉള്ളടക്കം കണ്ടുനോക്കി ഉറപ്പുവരുത്തേണ്ടതിനാൽ നാളെ രാവിലെയുള്ള ഷോയ്ക്ക് പുതിയ പതിപ്പ് പ്രദർശിപ്പിക്കുന്നതാകും സുരക്ഷിതമെന്നു ചില തിയറ്റർ അധികൃതർ വ്യക്തമാക്കുന്നു. ചില തിയറ്ററുകളിൽ ഹാർഡ് ഡിസ്ക് വഴിയാകും കോപ്പികൾ എത്തുക. ഇവിടങ്ങളിൽ നാളെ മാത്രമേ പുതിയ പതിപ്പ് പ്രദർശിപ്പിക്കുകയുള്ളൂ.