‘ആ തീരുമാനം ഇന്ന്’: സസ്പെൻസ് പോസ്റ്റുമായി സസ്പെൻഷനിലായ എൻ. പ്രശാന്ത്

Mail This Article
തിരുവനന്തപുരം ∙ ഫെയ്സ്ബുക്കിൽ സസ്പെൻസ് പോസ്റ്റുമായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ ഐഎഎസ് പോരിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ പ്രശാന്ത് സിവില്‍ സര്‍വീസില്‍ നിന്നും രാജി വച്ചേക്കുമോയെന്ന അഭ്യൂഹമാണ് ശക്തമാവുന്നത്.
ഫോൺ കോളുകളോട് പ്രതികരിക്കാൻ പ്രശാന്ത് ഇതുവരെ തയാറായിട്ടില്ല. ഏപ്രില്‍ ഒന്നായ ഇന്ന് അദ്ദേഹം ‘ഏപ്രില്‍ ഫൂളാ’ക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ എന്നും കമന്റുകൾ വരുന്നുണ്ട്. ഐഎഎസ് പോരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായി എന്‍. പ്രശാന്ത് ഏറ്റുമുട്ടലിൽ ആയിരുന്നു.
അച്ചടക്ക നടപടിക്കു പിന്നാലെ ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടിസ് അയക്കുക കൂടി പ്രശാന്ത് ചെയ്തിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് ഉയർത്തിയിരുന്നു. 6 മാസത്തേക്ക് പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.