കല്ലമ്പലം വാഹനാപകടം: ഡ്രൈവർ ടോണി പൊലീസിനു മുന്നിൽ കീഴടങ്ങി; പ്രതി മുങ്ങിയത് നാട്ടുകാരെ വെട്ടിച്ച്

Mail This Article
തിരുവനന്തപുരം ∙ കല്ലമ്പലം പേരേറ്റില്‍ അമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍ റിക്കവറി വാഹനമോടിച്ച ചെറുന്നിയൂര്‍ മുടിയക്കോട് സ്വദേശി ടോണി ആന്റണി (36) പൊലീസിനു മുന്നിൽ കീഴടങ്ങി. ബുധനാഴ്ച വൈകീട്ട് 6 മണിയോടെയാണ് ടോണി വർക്കല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളെ പിന്നീട് കല്ലമ്പലം പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. ടോണിയെ വൈദ്യപരിശോധനയക്കു ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി ക്ഷേത്രത്തിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്ന ആളുകള്‍ക്കിടയിലേക്കു വാഹനം പാഞ്ഞു കയറിയുണ്ടായ അപകടത്തിലാണു പേരേറ്റില്‍ മുങ്ങോട് കൊച്ചുപുലയന്‍ വിളാകത്ത് കണ്ണകി ഭവനില്‍ രോഹിണി (57) മകള്‍ അഖില (22) എന്നിവർ കൊല്ലപ്പെട്ടത്. മൂന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു അഖില. അപകടത്തിനു ശേഷം നാട്ടുകാര്‍ ടോണിയെ പിടികൂടിയിരുന്നെങ്കിലും നാട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു.
വര്‍ക്കല ഭാഗത്തുനിന്നു കൂട്ടിക്കട ഭാഗത്തേക്കു പോവുകയായിരുന്ന റിക്കവറി വാഹനം ആദ്യം ഒരു സ്‌കൂട്ടറിലും കാറിലും ഇടിച്ച ശേഷമാണു ഉല്‍സവം കണ്ടു മടങ്ങുകയായിരുന്ന ആളുകളുടെ ഇടയിലേക്കു പാഞ്ഞുകയറിയത്. തുടര്‍ന്ന് ഒരു വീടിന്റെ മതില്‍ തകര്‍ത്തു വാഹനം നിൽക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ വാഹനത്തിലുണ്ടായിരുന്ന മദ്യ കുപ്പികൾ സംഭവസ്ഥലത്തു പൊട്ടിച്ചിതറിയ നിലയിൽ കണ്ടെത്തിയിരുന്നു.
വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ടോണി താക്കോല്‍ അവിടെ നിന്നയാള്‍ക്കു കൊടുത്ത ശേഷമാണു കടന്നു കളഞ്ഞത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാരില്‍ നിന്ന് ബോധ്യപ്പെട്ടതായും വാഹനത്തിനുള്ളില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും കല്ലമ്പലം പൊലീസ് വ്യക്തമാക്കിയിരുന്നു. ടോണിയെ കണ്ടെത്താൻ ഊര്‍ജിത ശ്രമം നടക്കുന്നതിനിടെയാണ് ഇയാൾ പൊലീസിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നത്. അപകടത്തിനു ശേഷം രക്ഷപ്പെട്ട ടോണി മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ തന്നെ ഉപേക്ഷിച്ചിരുന്നതിനാല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ഇയാളെ കണ്ടെത്താനുള്ള നീക്കം പാളിയിരുന്നു.