ADVERTISEMENT

ലോകത്തിലെ ഏറ്റവും മനോഹരമായ ഫുഡ് വ്ലോഗ് എന്ന് ആരാധകർ കൈയൊപ്പു ചാർത്തിയ വിഡിയോ സീരീസ്, ചൈനയിലെ ഗ്രാമക്കാഴ്ചകളും പാചകവും എത്ര കണ്ടാലും മതിയാവില്ല. ലി സിക്കിയെന്ന യുവതി സ്വന്തം കൃഷിഭൂമിയിൽ അധ്വാനിച്ച് വളർത്തിയെടുക്കുന്ന പച്ചക്കറികളും പഴങ്ങളും പല രൂപത്തിൽ തികച്ചും പരമ്പരാഗതമായി പാകപ്പെടുത്തുന്നു, മിക്സിയോ ഗ്രൈൻഡറോ ബേക്കിങ് സംവിധാനങ്ങളോ ഇല്ലാതെ എസ്ക്രീം, കേക്ക് അങ്ങനെ എന്തുവേണമെങ്കിലും ലി തയാറാക്കും. വീടിനു ചുറ്റുമുള്ള തോട്ടത്തിൽത്തന്നെ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും വിളഞ്ഞു കിടക്കുന്നു. ലി യ്ക്കും അമ്മൂമ്മയ്ക്കും വേണ്ടതെടുത്ത് ബാക്കി പലതരത്തിൽ പാകപ്പെടുത്തി ജാമുകളായും അച്ചാറുകളായും ചില്ലുഭരണികളിൽ നിറയ്ച്ചു വയ്ക്കും. ഋതുഭേദങ്ങൾ അനുസരിച്ചാണ് ലിയുടെ വിഡിയോകളും. പഴവർഗങ്ങൾ കൂടുതൽ ലഭിക്കുന്ന സമയത്ത് അത് എങ്ങനെയൊക്കെ പാചകം ചെയ്യാം, കൂടുതലുണ്ടെങ്കിൽ എങ്ങനെ സൂക്ഷിക്കാം എന്നതൊക്കെയാകും വിഷയങ്ങൾ. ചൈനീസ് പാരമ്പര്യവും കലകളും ഏറെ ഇഷ്ടപ്പെടുന്നതു കൊണ്ട് അത് പഠിക്കാനും ലി സമയം കണ്ടെത്തുന്നു.

ജോലിസ്ഥലത്തും അനുദിനജീവിതത്തിലും വലിയ സമ്മർദ്ദത്തിലാണ് ഇന്നത്തെ ആളുകൾ. ഈ വിഡിയോ കാണുന്ന ആൾക്കാർക്ക് പ്രകൃതിയുടെ സൗന്ദ്യര്യം കാണാനും അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും സാധിക്കുമെന്നാണ് ലി യുടെ വിശ്വാസം. 90 കളുടെ ആരംഭത്തിൽ മെച്ചപ്പെട്ട ജീവിതവും ജോലിയും ലഭിക്കാൻ നഗരത്തിലേക്ക് കുടിയേറിയവരിൽ ഒരാളായിരുന്നു ലി. ബാർ ഹോട്ടലിൽ ഡിജെ ആയി കുറേ നാൾ ജോലി ചെയ്തു. മുത്തച്ഛന്റെ മരണശേഷം ഗ്രാമത്തിലേക്കു തിരിച്ചു വന്നു. മുത്തശ്ശിക്ക് കൂട്ടായിട്ടാണ് ലി Mianyang എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റുന്നത്; അവിടെയൊരു ഏദൻ തോട്ടം ഒരുക്കുന്നതും. 

വളരെ പരമ്പരാഗത രീതിയിലുള്ള ജീവിതരീതിയാണ് വിഡിയോയിൽ  ലിയുടേത്. തന്റെ കുട്ടിക്കാലത്തെ ജീവിതത്തിന്റെ ആവിഷ്ക്കാരമെന്നാണ് ലി പറയുന്നത്. ലിയുടെ കുട്ടിക്കാലത്ത് ഭക്ഷണം മാത്രമല്ല വസ്ത്രവും ഇവിടെത്തന്നെ തയാറാക്കുകയായിരുന്നത്രേ.

ലി ക്ക് ആരാധകർ മാത്രമല്ല  വിമർശകരുമുണ്ട്.  ലി ധനിക കുടുംബാംഗമാണെന്നും ഇതൊക്കെ അഭിനയം മാത്രമാണെന്നും പറയുന്നവരോട് ലി പറയുന്നത് – .

ഗ്രേഡ് ഫോറിൽ പഠിക്കുമ്പോൾ ലി സിക്കിയുടെ പേര് ചൈനീസ് ലോക്കൽ ന്യൂസ് പേപ്പറിൽ വന്നിരുന്നു. സമ്പന്ന കുടുംബത്തിൽ ജനിച്ചതു കൊണ്ടല്ല, ടൗണിലെ നല്ല മനുഷ്യരുടെ സഹായം കൊണ്ട് സ്കൂൾ പഠനം തുടരാൻ സാധിച്ചവരുടെ ലിസ്റ്റിലായിരുന്നുവെന്നു മാത്രം! അതുകൊണ്ടു തന്നെ കുട്ടികളുടെ പഠനത്തിനും മറ്റു സന്നദ്ധപ്രവർ‍ത്തനങ്ങൾക്കും വേണ്ടി തന്റെ വരുമാനത്തിൽ ഒരു ഭാഗം  ലി മാറ്റിവയ്ക്കുന്നുണ്ട്.

ഒസിഡി (ഒബ്‍സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍) എന്നൊരു അവസ്ഥയിലൂടെ ഭാഗികമായി കടന്നു പോകുന്നൊരു വ്യക്തി കൂടിയാണ് ലി. എന്തെങ്കിലും ഒരു ചിന്ത മനസ്സിനെ പിടികൂടുകയും അത് നിയന്ത്രിക്കാനാകാത്ത പെരുമാറ്റ വൈകല്യമായി മാറുകയും ചെയ്യുന്ന അവസ്ഥയാണ് ഒസിഡി. എന്നാൽ അനുദിന ജീവിതത്തിൽ വളരെ കൂളായി കടന്നു പോകുന്നൊരാളാണ് താനെന്നാണ് ലീയുടെ അഭിപ്രായം. പക്ഷേ വിഡിയോയിലെ ഓരോ ഷോട്ടും തനിക്ക് മനസ്സിനു പിടിക്കുന്നതു വരെ  എടുക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ലി തയാറല്ല. വിഡിയോ എഡിറ്റ് ചെയ്യുന്നതും ലിയാണ്. പ്രഫഷനൽ ക്യാമറമാൻ ഉണ്ടെങ്കിലും ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിച്ചാണ് ഫൈനൽ വിഡിയോ ലി പുറത്തിറക്കുന്നത്. 2017 മേയ് വരെ സ്മാർട്ട് ഫോൺ ഉപയോഗിച്ചായിരുന്നു വിഡിയോ എഡിറ്റ് ചെയ്തിരുന്നത്. താൻ ഈ വിഡിയോയിലൂടെ ഉദ്ദേശിക്കുന്നത് കാഴ്ചക്കാരിലേക്ക് എത്താൻ ചെറിയ ചെറിയ കാര്യങ്ങൾ വളരെ പ്രധാനമാണെന്ന് വിശ്വസിക്കുന്നൊരാളാണ് ലി. മാസങ്ങളോളം കഷ്ടപ്പെട്ടാണ് ചില വിഡിയോകൾ തയാറാക്കുന്നത്.

ലി തയാറാക്കുന്ന രുചികരമായ ഭക്ഷണം കഴിക്കാൻ ഭക്ഷണശാലകൾ തുറക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന്, സമയമായിട്ടില്ല, കുറച്ചു കൂടി പ്രായം ആയിക്കഴിയുമ്പോൾ അതേക്കുറിച്ച് ആലോചിക്കാമെന്നാണ് മറുപടി.

English Summary: Li Ziqi is a Chinese food and country-life blogger and internet celebrity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com