നെറ്റ്സിൽ പരിശീലിക്കാൻ സഹോദരനേയും കൂട്ടി; ബാബർ അസമിന് വിമർശനം

Mail This Article
ഇസ്‍ലാമാബാദ് ∙ ദേശീയ ടീമിനായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് നെറ്റ്സിൽ പരിശീലനം നടത്താൻ ഇളയ സഹോദരന് അവസരം നൽകിയതിന്റെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന് രൂക്ഷ വിമർശനം. ലഹോറിലെ ഹൈ പെർഫോമൻസ് സെന്ററിലാണ് സഹോദരൻ സഫീറിനെയും കൂട്ടി പരിശീലനത്തിനായി ബാബർ അസം എത്തിയത്. ഇവിടെ സഹോദരന് പരിശീലനം നടത്താൻ അസം സൗകര്യമൊരുക്കിയത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിമർശനം. അസമിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
ബാബർ അസമിന്റെ മേൽനോട്ടത്തിൽ ഇവിടെ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സഫീർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് അസമിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്. മുൻ താരം തൻവിർ അഹമ്മദ് ഉൾപ്പെടെയുള്ളവർ പരസ്യമായി അസമിനെതിരെ രംഗത്തെത്തുകയും ചെയ്തു.
പാക്കിസ്ഥാൻ പേസ് ബോളർ ഷാനവാസ് ദഹാനിക്കെതിരെ നെറ്റ്സിൽ പരിശീലിക്കുന്ന ചിത്രമാണ് സഫീർ പങ്കുവച്ചത്. സഫീറിന്റെ ബാറ്റിങ് നിരീക്ഷിച്ച് ബാബർ അസം സമീത്തുതന്നെ നിൽക്കുന്നതും വിഡിയോയിൽ കാണാം.
ലഹോറിലെ ഹൈ പെർഫോമൻസ് സെന്ററിലെ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അനുമതി പാക്കിസ്ഥാൻ ദേശീയ ടീമിലെ താരങ്ങൾക്കും ഫസ്റ്റ് ക്ലാസ് താരങ്ങൾക്കും ജൂനിയർ താരങ്ങൾക്കും മാത്രമാണെന്ന് പിസിബിയുടെ പ്രത്യേക നിർദ്ദേശമുണ്ട്. ബാബറിന്റെ ഇളയ സഹോദരൻ ഇക്കൂട്ടത്തിലൊന്നും പെടുന്നില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
English Summary: PCB reacts after Pakistan captain Babar Azam faces massive criticism for bringing brother to net practice, video viral