രോഹിത് ശർമയും വിരാട് കോലിയും ട്വന്റി20 ലോകകപ്പ് കളിക്കട്ടെ: ആവശ്യവുമായി പാക്ക് മുൻ താരം

Mail This Article
ലഹോർ∙ അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലും വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി കളിക്കണമെന്ന് പാക്കിസ്ഥാൻ മുൻ താരം വാസിം അക്രം. ‘‘ട്വന്റി20 ലോകകപ്പിന് കുറച്ചു മാസങ്ങൾ മാത്രമാണു ബാക്കിയുള്ളത്. ഞാനായിരുന്നെങ്കിൽ അവർ രണ്ടു പേരെയും തിരഞ്ഞെടുക്കുമായിരുന്നു. അവരായിരിക്കും ഇന്ത്യയുടെ പ്രധാന താരങ്ങൾ, അക്കാര്യത്തിൽ സംശയമൊന്നുമില്ല. ട്വന്റി20 ക്രിക്കറ്റിൽ അനുഭവ പരിചയം കൂടി കുറച്ച് ആവശ്യമാണ്.’’– വാസിം അക്രം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
ലോകകപ്പിൽ യുവതാരങ്ങളെ മാത്രം പൂർണമായും ആശ്രയിക്കാനാകില്ലെന്നാണ് വാസിം അക്രത്തിന്റെ നിലപാട്. കഴിഞ്ഞ വർഷം നവംബറില്‍ നടന്ന ട്വന്റി20 ലോകകപ്പിനു ശേഷം കോലിയും രോഹിത് ശർമയും ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഇറങ്ങിയിട്ടില്ല. ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് ഇരുവരും ട്വന്റി20 ലോകകപ്പിലും കളിക്കണമെന്ന ആവശ്യമുയർന്നത്. ട്വന്റി20യിൽ ഇരുവർക്കും സ്വയം തീരുമാനമെടുക്കാമെന്നാണു ബിസിസിഐയുടെ നിലപാട്.
രോഹിത് ശര്‍മ കളിക്കാത്തതിനാൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ ട്വന്റി20 മത്സരങ്ങളിൽ നയിക്കുന്നത്. തിലക് വർമ, യശസ്വി ജയ്സ്‍വാൾ, റിങ്കു സിങ് എന്നിവരും ട്വന്റി20 മത്സരങ്ങളിൽ ടീം ഇന്ത്യയ്ക്കായി തിളങ്ങുന്നുണ്ട്. രോഹിത്തും കോലിയും തിരിച്ചുവന്നാല്‍ നിലവിലെ ഇന്ത്യൻ ടീം വീണ്ടും പൊളിച്ചുപണിയേണ്ടിവരും. രോഹിത് ശർമയ്ക്ക് 36 വയസ്സും കോലിക്ക് 35 വയസ്സുമാണു പ്രായം.
ക്രിക്കറ്റിൽ പ്രായം പരിഗണിച്ച് താരങ്ങളെ മാറ്റിനിർത്തരുതെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയുടെ തിരക്കിലാണ് ടീം ഇന്ത്യയിപ്പോൾ. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതിനാൽ സൂര്യകുമാര്‍ യാദവാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും വിശ്രമത്തിലാണ്.