‘വിക്കറ്റ് വീഴ്ത്തിക്കോ, പക്ഷേ നാലിൽ ഒതുക്കാൻ പറ്റുമോ?’; വരുണിന് 5 വിക്കറ്റ് നേട്ടം 2 തവണ, രണ്ടു കളിയും ഇന്ത്യ തോറ്റു– വിഡിയോ

Mail This Article
രാജ്കോട്ട്∙ ഇന്ത്യ തോൽവി വഴങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ കരിയറിലെ രണ്ടാമത്തെ മാത്രം അഞ്ച് വിക്കറ്റ് നേട്ടവുമായി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ സന്തോഷത്തിനിടെ വരുൺ ചക്രവർത്തിക്ക് അത്ര ‘സന്തോഷകരമല്ലാത്ത’ ഒരു റെക്കോർഡും. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രണ്ടു മത്സരങ്ങളിലും സ്വന്തം ടീം തോൽക്കുന്നത് കണ്ടു നിൽക്കേണ്ടിവന്ന ആദ്യ താരമാണ് വരുൺ ചക്രവർത്തി. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നാല് ഓവറിൽ 25 റൺസ് വഴങ്ങി 5 വിക്കറ്റെടുത്തിട്ടും ടീം തോറ്റപ്പോൾ, മുൻപ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 5 വിക്കറ്റ് നേട്ടം കൈവരിച്ച മത്സരം ഇന്ത്യ തോറ്റിരുന്നു.
രാജ്കോട്ടിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസുമായി മികച്ച സ്കോറിലേക്കു കുതിച്ച സന്ദർശകർ വീണ്ടുമൊരിക്കൽക്കൂടി വരുൺ ചക്രവർത്തിക്കു മുൻപിൽ മുട്ടിടിച്ചുവീഴുകയായിരുന്നു. ജോസ് ബട്‌ലറുടെ (24) വിക്കറ്റുമായി കുതിപ്പ് തുടങ്ങിയ വരുൺ ചക്രവർത്തി 5 വിക്കറ്റ് പൂർത്തിയാക്കുമ്പോൾ ഇംഗ്ലണ്ട് 8ന് 127 എന്ന നിലയിലേക്ക് തകർന്നിരുന്നു. ബട്‌ലറിനു പുറമേ ജെയ്മി സ്മിത്ത് (6), ജെയ്മി ഓവർട്ടൻ (0), ബ്രൈഡൻ കാഴ്സ് (3), ജോഫ്ര ആർച്ചർ (0) എന്നിവരാണ് വരുണിനു മുന്നിൽ വീണത്.
എന്നാൽ ഒരുവശത്ത് നിലയുറപ്പിച്ച ലിയാം ലിവിങ്സ്റ്റൻ (24 പന്തിൽ 43) ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. രവി ബിഷ്ണോയ് എറിഞ്ഞ 17–ാം ഓവറിൽ 4 സിക്സറുകളാണ് ലിവിങ്സ്റ്റൻ പറത്തിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചതുപോലെ നിലയുറപ്പിക്കാനാകാതെ പോയതോടെ, 26 റൺസ് വിജയവുമായി ഇംഗ്ലണ്ട് പരമ്പരയിൽ 2–1ന് തിരിച്ചെത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ മത്സരം ഇന്ത്യ തോറ്റിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 124 റൺസ്. മറുപടി ബാറ്റിങ്ങിൽ നാല് ഓവറിൽ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുമായി വരുൺ ചക്രവർത്തി തിളങ്ങിയിട്ടും, ഇന്ത്യ മൂന്നു വിക്കറ്റിന് തോറ്റു. റീസ ഹെൻഡ്രിക്സ് (24), ക്യാപ്റ്റൻ എയ്ഡൻ മർക്രം (3), മാർക്കോ യാൻസൻ (7), ഹെൻറിച് ക്ലാസൻ (2), ഡേവിഡ് മില്ലർ (0) എന്നിവരാണ് ചക്രവർത്തിക്കു മുന്നിൽ വീണത്.
പിന്നീട് 41 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്ന ട്രിസ്റ്റൻ സ്റ്റബ്സ്, ഒൻപതു പന്തിൽ പുറത്താകാതെ 19 റൺസെടുത്ത ജെറാൾഡ് കോട്സെ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.