ടച്ച് ലൈനിലെ ബിനോ ടച്ച് !
![Coach-bino-george Coach-bino-george](https://img-mm.manoramaonline.com/content/dam/mm/mo/sports/football/images/2022/5/1/Coach-bino-george.jpg?w=1120&h=583)
Mail This Article
മലപ്പുറം ∙ കേരളത്തിന്റെ മത്സരം നടക്കുമ്പോൾ മൈതാനത്തിന്റെ ടച്ച് ലൈനിന് അരികെ നിൽക്കുന്ന പരിശീലകൻ ബിനോ ജോർജ് വേദിയിൽ നിൽക്കുന്ന മജീഷ്യനെ ഓർമിപ്പിക്കും. ഇനി വരുന്ന വിദ്യയേതെന്ന ആകാംക്ഷയാണു ഓരോ ചലനങ്ങളിലും മജിഷ്യൻ സദസ്സിനു നൽകുന്നതെങ്കിൽ അടുത്ത സബ്സ്റ്റിറ്റ്യൂഷൻ ആരെന്ന ഉദ്വേഗമാണു ബിനോ കാണികൾക്കു സമ്മാനിക്കുക. ഗോടിക്കാനുള്ള മാജിക് കൂടി കൈമാറിയാണോ ബെഞ്ചിൽ നിന്നു പരിശീലകൻ പകരക്കാരെ ഇറക്കിവിടുന്നതെന്നു തോന്നിപ്പോകും. കേരളം ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്നതു ‘ബിനോ ട്രിക്കിൽ’ കൂടി വിശ്വാസമുള്ളതു കൊണ്ടാണ്.
ബ്രോ ഏഷ്യൻ പ്രോയാണ്
തൃശൂർ ചെമ്പൂക്കാവുകാരനായ ബിനോയുടെ പേര് കേരള ഫുട്ബോൾ പരിശീലന ചരിത്രത്തിൽ സ്വർണ ലിപികളാൽ രേഖപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്തെ ആദ്യ എഎഫ്സി പ്രോ ലൈസൻസ് കോച്ചാണു ഈ നാൽപ്പത്തിയഞ്ചുകാരൻ. മൂന്നാം തവണയാണു കേരളത്തെ സന്തോഷ് ട്രോഫിയിൽ പരിശീലിപ്പിക്കുന്നത്. ആദ്യവട്ടം സെമിയിൽ തോറ്റു. കഴിഞ്ഞ വർഷം മേഖലാ തലത്തിൽ നിന്നു യോഗ്യത നേടിയെങ്കിലും കോവിഡിന്റെ ടാക്ലിങ്ങിൽ ഫൈനൽ റൗണ്ട് നടന്നില്ല. മൂന്നാമൂഴത്തിൽ കപ്പിനും ബിനോയ്ക്കുമിടയിൽ ബംഗാൾ മാത്രം.
കോച്ചിന്റെ ടീം, ടീമിന്റെ കോച്ച്
സ്വന്തം തന്ത്രങ്ങൾക്ക് അനുയോജ്യരായ ടീമിനെയാണു ബിനോ തിരഞ്ഞെടുത്തത്. താരങ്ങളിൽ നിന്നു നൂറു ശതമാനം വാങ്ങിയെടുക്കാനറിയാം. നായകൻ ജിജോ ജോസഫിനിത് ഏഴാം സന്തോഷ് ട്രോഫിയാണ്. ആറിലും ഗോൾ നേടാതിരുന്ന നായകൻ ഇത്തവണ 5 വട്ടമാണു ലക്ഷ്യം കണ്ടത്. അറ്റാക്കിങ് മിഡ്ഫീൽഡറെന്ന ഇഷ്ട പൊസിഷനിൽ കോച്ച് നൽകിയ പൂർണ സ്വാതന്ത്ര്യം തന്നെയാണു കാരണം. അതേ റോളിൽ തന്നെ കളിച്ചിരുന്ന അർജുൻ ജയരാജിനെ ഡിഫൻസീവ് മിഡ്ഫീൽഡറാക്കി ഉപയോഗിച്ചു. ഇപ്പോൾ അർജുന്റെ കാലിൽ തൊടാതെ ഒരു പന്തും കേരള പകുതി കടന്നു പോകാത്ത സ്ഥിതിയാണ്.
എന്തൊരു ചേഞ്ച്
പകരക്കാരെ പരീക്ഷിക്കുന്നതിലെ ടൈമിങ്ങാണു ബിനോയുടെ ട്രേഡ് മാർക്ക്. കർണാടകയ്ക്കെതിരെ 30–ാം മിനിറ്റിൽ ജെസിനെ പരീക്ഷിച്ചതിന്റെ രഹസ്യമെന്താണ്? നാട്ടുകാർക്കു മുന്നിൽ അവൻ തകർത്തു കളിക്കുമെന്ന തോന്നലാണെന്നാണു മറുപടി. ആ തോന്നൽ പൊന്നായപ്പോഴാണു ജെസിനെന്ന താരോദയമുണ്ടായത്.
Content Highlight: Santosh Trophy, Kerala Football Team, Kerala Coach Bino George