‘അതെല്ലാം ഇപ്പോൾ സുഖമുള്ള ഓർമകൾ’; ഓണ വിശേഷങ്ങളുമായി ലക്ഷ്മി നക്ഷത്ര

Mail This Article
അവതാരകയായി മലയാളികളുടെ പ്രിയം നേടിയെടുത്ത ലക്ഷ്മി നക്ഷത്ര ഓണം ഓർമകളും വിശേഷങ്ങളും മനോരമ ഓൺലെനോട് പങ്കുവയ്ക്കുന്നു.
∙ കുട്ടിക്കാലത്തെ ഓണം ഓർമകൾ
സ്കൂളിൽ പോകാൻ മടിയുള്ള കുട്ടി ആയിരുന്നു ഞാൻ. ഇനി എന്നാണ് വെള്ളിയാഴ്ച എന്നു ഞാൻ ഓരോ തിങ്കളാഴ്ചയും രാവിലെ അമ്മയോട് ചോദിക്കും. കരഞ്ഞുകൊണ്ടാണ് രാവിലെ എഴുന്നേൽക്കുക. പരീക്ഷാക്കാലമാകുമ്പോൾ ഇല്ലാത്ത അസുഖങ്ങളില്ല. അന്നൊക്കെ ഓണത്തിന്റെ അവധിയും കാത്തിരിക്കുമായിരുന്നു. ഞാൻ ഓണം കൂടുതൽ ആഘോഷിച്ചിട്ടുള്ളത് കൊടുങ്ങല്ലൂരുള്ള അമ്മ വീട്ടിലാണ്. അവധിക്ക് അവിടെ പോകും. പരമ്പരാഗത രീതിയിൽ ആണ് അവിടെ ആഘോഷം. ഞാൻ ഒറ്റക്കുട്ടി ആണ്. അതുകൊണ്ടു എന്റെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു ആഘോഷങ്ങളൊക്കെ. തൊടിയിൽ പൂക്കൾ പറിച്ചാണ് പൂക്കളം ഇടുക. പത്തുദിവസവും ആഘോഷം തന്നെ ആയിരുന്നു. തിരികെ വരാൻ ബസിലേക്ക് കയറുന്നത് കരഞ്ഞുകൊണ്ടായിരിക്കും. ഒരു ഐസ്ക്രീമിലായിരിക്കും ആ കരച്ചിൽ അവസാനിക്കുക.
പാലക്കാടുള്ള താണിപ്പാടം എന്ന ഗ്രാമത്തിലാണ് അച്ഛന്റെ വീട്. കൂട്ടുകുടുംബം ആയിരുന്നു. ഓണത്തിന് അവിടേക്ക് പോകുമ്പോൾ ഊഞ്ഞാലാടുമായിരുന്നു. അവിടെ കറി വിളമ്പുന്നതെല്ലാം പ്രത്യേക ചിട്ടയിലാണ്. സദ്യക്കു വേണ്ട പച്ചക്കറികൾ പറമ്പിൽനിന്നു കിട്ടും. ഞങ്ങൾ കുട്ടികളാണ് പച്ചക്കറി പറിക്കുക. അവിടെ ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിന് ഒരു പ്രത്യേക സ്വാദാണ്. അതെല്ലാം ഇപ്പോൾ സുഖമുള്ള ഓർമകളാണ്.
∙ കോവിഡ് നഷ്ടമാക്കിയ ആഘോഷങ്ങൾ
കോവിഡ് വ്യാപിച്ചതോടെ നിരവധി സ്റ്റേജ് ഷോകളും പരിപാടികളും മുടങ്ങി. എങ്കിലും എനിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത് കോവിഡ് കാലത്താണ്. ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവർ നമ്മുടെ പരിപാടികൾ കൂടുതലായി കണ്ടു തുടങ്ങി. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് എന്റെ ഷോകൾ കൂടുതൽ ജനപ്രിയമായി. മലയാളികളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാനായി. ഔട്ട്ഡോർ പരിപാടികൾ ഇല്ലെങ്കിലും ഇൻഡോർ പരിപാടികൾ തരക്കേടില്ലാതെ ഉണ്ടായിരുന്നു. ഞാൻ ഒരു റേഡിയോ ജോക്കി കൂടിയാണ്. കോവിഡ് കാലം എന്നെ ഒരു യൂട്യൂബറുമാക്കി. ഏഴുമാസം കൊണ്ട് 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ കിട്ടി. മലയാളികൾ എന്നെ അവരുടെ വീട്ടിലെ കുട്ടിയായാണ് കാണുന്നത്. അതിൽ ഒരുപാട് സന്തോഷമുണ്ട്. വെർച്വല്‍ ഉദ്ഘാടനമൊക്കെ ഉണ്ടായിരുന്നു. എല്ലാവരിലേക്കും എന്റെ സാന്നിധ്യം എത്തിക്കാൻ ഈ ലോക്ഡൗൺ കാലത്ത് കഴിഞ്ഞു. ലോക്ഡൗൺ കാലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നാണു ഞാൻ നോക്കിയത്. വെറുതെയിരുന്നിട്ടേ ഇല്ല. കാലം മാറുന്നതിനനുസരിച്ച് നമ്മൾ സ്വയം മാറണം. നമ്മിലുള്ള കഴിവുകൾ കണ്ടെത്തി അത് എങ്ങനെ ഉപയോഗിക്കാം എന്നു നോക്കണം. തളർന്നുപോകാതെ മുന്നോട്ടുപോകാനുള്ള ധൈര്യം നേടിയെടുക്കണം. അതാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.

∙ ഇത്തവണത്തെ ഓണം
ഈ ഓണം ആഘോഷിക്കാൻ കഴിയില്ല. എന്റെ അച്ചമ്മ അടുത്തിടെയാണ് മരിച്ചത്. അതുകൊണ്ട് ഇത്തവണ ആഘോഷങ്ങളൊന്നുമില്ല. ടിവി കണ്ടും സോഷ്യൽ മീഡിയയിൽ സമയം ചെലവിട്ടും ഈ ഓണം പിന്നിടും. പരിപാടികളും യൂട്യൂബ് ചാനലിലേക്കുള്ള കണ്ടന്റും ചെയ്തു കഴിഞ്ഞു. അതിലൂടെ എല്ലാവർക്കും എന്നെ കാണാം. ‘ഉള്ളതുകൊണ്ട് ഓണം പോലെ’ എന്ന ചൊല്ല് പ്രാവർത്തികമാക്കുന്ന രീതിയിൽ ആയിരിക്കണം എല്ലാവരും ഓണം ആഘോഷിക്കേണ്ടത് എന്നാണ് എനിക്കു പറയാനുള്ളത്. നമ്മുടെ ജീവനും ആരോഗ്യവുമാണ് ഏറ്റവും വലുത്. സർക്കാർ ഇളവുകൾ തന്നിട്ടുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുത്. ‘വീട്ടിലിരുന്നോണം’ തന്നെയാകണം എല്ലാവരും പിന്തുടരേണ്ടത്. അങ്ങനെയല്ലെങ്കിൽ അതിന്റെ ഭവിഷ്യത്തും നാം തന്നെയാണല്ലോ അനുഭവിക്കുക. എനിക്ക് ലഭിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. നിങ്ങളുടെ പ്രാർഥനയും സ്നേഹവും ഇനിയും എന്നോടൊപ്പം ഉണ്ടാകണം. എല്ലാ മലയാളികൾക്കും ഓണാശംസകൾ.

English Summary : Anchor Lakshmi Nakshathra's onam memories