ഫോണിൽ ഡ്രോൺ ക്യാമറ ഒരുക്കാൻ വിവോ
Mail This Article
മൊബൈൽ ഫോണിൽ ഫൊട്ടോഗ്രഫി പരീക്ഷണങ്ങൾ നടത്തുന്നതിനിടെ പലരും ചിന്തിച്ചു കാണും ഈ പടം എടുക്കാൻ ഒരു ഡ്രോൺ ഉണ്ടെങ്കിൽ കിടുക്കാച്ചിയായേനെ എന്ന്. എന്നാൽ മൊബൈൽ ഫോണിലെ ക്യാമറ അഴിച്ചെടുത്ത് നേരെയങ്ങ് പറത്തിയാലോ? മൊബൈൽ ഫോൺ ഫൊട്ടോഗ്രഫി പരീക്ഷിക്കുന്ന യൂത്തന്മാർക്ക് വേണ്ടി അതേ ചിന്തയുമായി പണി തുടങ്ങിയത് വിവോ ആണ്. മൊബൈൽ ഫോൺ ക്യാമറകളിൽ പുതുതരംഗം തീർത്ത വിവോ ഇത്തരത്തിലൊരു ഫോണിന്റെ പണിപ്പുരയിലാണ്. ഫോണിൽ നിന്ന് ഡിറ്റാച്ച് ചെയ്ത് എടുക്കാവുന്ന ക്യാമറ ഡ്രോൺ മാതൃകയിൽ പറത്തി, ചിത്രം എടുക്കാനാകുമെന്നാണ് സൂചന. എന്നാൽ ഇത് ഉടനെ പോയി വാങ്ങാം എന്നു കരുതണ്ട. നിലവിൽ വരുന്ന റിപ്പോർട്ട് അനുസരിച്ച് ഇത്തരമൊരു ഫോണിന്റെ പേറ്റന്റ് കമ്പനി 2020 ഡിസംബറിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് ഫ്ലയിങ് ക്യാമറാ ഫോൺ ആണ് വിവോ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫോൺ ക്യാമറകളിൽ വളരെയെധികം പരീക്ഷണങ്ങൾ നടത്തുന്ന വിവോയുടെ പുതിയ നീക്കം വിജയിക്കുമെന്നു തന്നെയാണ് ടെക് ലോകം വിലയിരുത്തുന്നത്. ജിംബൽ സിസ്റ്റം മൊബൈൽ ക്യാമറയിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് പറക്കുന്ന ക്യാമറയിലേക്ക് വിവോ പരീക്ഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അതേസമയം, വിവോ പേറ്റന്റിനായി സമർപ്പിച്ച മാതൃകയെന്ന പേരിൽ ഒരു സ്കെച്ചും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ലെറ്റ്സ് ഗോ ഡിജിറ്റൽ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ഡച്ച് മാസികയിലാണ് ആദ്യം ഈ ചിത്രം വന്നതെന്നു കരുതുന്നു.
എന്തായാലും ഇതനുസരിച്ച് ഫോണിൽ നിന്ന് അടർത്തി എടുക്കാവുന്ന വിധത്തിൽ മുകളിൽ അറ്റത്തായി പ്രത്യേക കമ്പാർട്ടമെന്റ് ആയാണ് ക്യാമറയുള്ളത്. അഴിച്ചെടുക്കുന്ന ക്യാമറ നാല് പ്രൊപ്പല്ലറുകളുള്ള മിനി ഡ്രോൺ ആണ്. ഇതിൽ ബാറ്ററിയും ഐആറും ഉൾപ്പെടെയുള്ളവ പ്രത്യേകം ചേംബറായി രൂപപ്പെടുത്തിയിരിക്കുന്നു. ഡ്യുവൽ ക്യാമറാ സംവിധാനമാണ് ഡ്രോണിലേത്. 3 ഇൻഫ്രാറെഡ് സെൻസറുകളും ഇതിലുണ്ട്. ഇത് പറക്കുമ്പോഴുള്ള കൂട്ടിമുട്ടൽ ഒഴിവാക്കാനുള്ളതാണ്. ഒരു ക്യാമറ മുന്നിലെ ചിത്രങ്ങൾ എടുക്കാനും താഴത്തെ ക്യാമറ ഫൂട്ടേജുകൾ റെക്കോർഡ് ചെയ്യാനുമുള്ളതാണെന്ന് പേറ്റന്റ് അപേക്ഷയിൽ പറയുന്നു. ഫോണിൽ ആകെ 4 ലെൻസുകൾ ഉണ്ടെന്നാണ് വിവരം. ഫോണിൽ കണക്ട് ചെയ്യാവുന്ന വിധത്തിലുള്ളത് ആയതുകൊണ്ട് ക്യാമറ തീരെ ചെറുതായിരിക്കും. നിലവിലുള്ള റിപ്പോർട്ട് അനുസരിച്ച് വിവോയുടെ റിസേർച്ച് ഹബ്ബിൽ പരീക്ഷണഘട്ടത്തിലാണ് ഫോണുള്ളത്. അതുകൊണ്ടു തന്നെ ഇവ എന്നു യാഥാർഥ്യമാകുമെന്നോ വിപണിയിലേക്ക് എത്തുമെന്നോ ധാരണയില്ല.
പേറ്റന്റ് എടുത്തത് കൊണ്ടു മാത്രം കാര്യമില്ലല്ലോ എന്ന സംശയവും വേണ്ട. കാരണം ശക്തമായ മത്സരം നിൽക്കുന്ന മേഖലയാണ് മൊബൈൽ ഫോൺ ഇൻഡസ്ട്രി. അതുകൊണ്ടു തന്നെ വിപണിയിലേക്ക് എത്തിക്കാന്‍ വിവോ കാര്യമായ കാലതാമസം വരുത്തില്ലെന്നാണ് വിവരം. വിവോയുടെ എക്സ്50 പ്രോ മൊബൈൽ ഫോണിലാണ് ജിംബൽ സിസ്റ്റം ഉൾപ്പെടുത്തിയിരുന്നത്. 48 മെഗാ പിക്സലുള്ള പ്രൈമറി സെൻസറും 8 എംപി വൈഡ് ലെൻസും 8 എംപി ടെലിഫോട്ടോ ലെൻസും 13 എംപി െഡപ്ത് സെൻസറുമാണ് ഈ ഫോണിലുള്ളത്. സെൽഫിക്കായി 32 എംപി ക്യാമറയും ഉൾപ്പെടുത്തിയിരുന്നു. 50000 രൂപയോളമാണ് എക്സ് 50 പ്രോയ്ക്ക് വില. അതുകൊണ്ടു തന്നെ പരീക്ഷണഘട്ടത്തിലുള്ള ഡ്രോൺ ക്യാമറ വിപണിയിലെത്തിയാലും വിലയിൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ആണ് വിദഗ്ധാഭിപ്രായം
പെന്റാ റെയർ ക്യാമറകളുമായുള്ള ഫോണുകളും ഉടനെ വിപണിയിലെത്തും. ഇത് മിഡ് റേഞ്ചിൽ ഉള്ളവയാണെന്നാണ് കരുതുന്നത്. കൂടാതെ ഫോണിൽ നിന്ന് ഡിറ്റാച്ച് ചെയ്യാവുന്ന ക്യാമറകളുമായി ഫോണിറക്കാനും വിവോ ലക്ഷ്യമിടുന്നുണ്ട്. റിമൂവബിൾ പോപ് അപ് ക്യാമറകളാണിവ. ഇവ കാന്തത്തിലാണ് ഉറപ്പിക്കുകയത്രേ. ഇവ ഉടനെ വിപണിയിലേക്ക് എത്തിയേക്കും. കൂടാതെ ഒപ്പോ പുറത്തിറക്കുന്ന റോളബിൾ ഫോൺ എന്ന ആശയത്തിനു സമാനമായി എക്സാപാൻഡിങ് സ്ക്രീനുമായി ഫോൺ പുറത്തിറക്കാനും വിവോ പദ്ധതിയിടുന്നുണ്ട്. ക്വാഡ് ക്യാമറ പോലുള്ള സംവിധാനങ്ങളുമായി മത്സരരംഗത്ത് പൊടിപൊടിക്കുന്ന വിവോ പുതിയ നേട്ടങ്ങളുമായി മത്സരം കടുപ്പിക്കാനാണ് സാധ്യത. കാത്തിരിക്കാം ആ പോരാട്ടത്തിനായി.
English Summary: Vivo Patents Smartphone With Detachable Drone-Like Flying Camera Module