ലോകം ആശങ്കയിൽ! വരുന്നത് മനുഷ്യനെ പിന്തുടർന്ന് വധിക്കുന്ന ഡ്രോണുകൾ

Mail This Article
യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ ലോകം ആശങ്കപ്പെട്ടിരുന്ന സാങ്കേതികവിദ്യയുടെ പ്രയോഗം യുദ്ധഭൂമിയില്‍ സംഭവിച്ചേക്കുമെന്ന ആശങ്ക പങ്കുവച്ച് പ്രതിരോധ വിദഗ്ധര്‍. റഷ്യയെ പ്രതിരോധിക്കാന്‍ യുക്രെയ്ന്‍ സേന വലിയ തോതില്‍ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ മനുഷ്യന്‍ നിയന്ത്രിക്കുന്ന ഡ്രോണുകളാണെങ്കില്‍ വൈകാതെ ശത്രുക്കളെ തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ ശേഷിയുള്ള പൂര്‍ണമായും കംപ്യൂട്ടറുകളെ ആശ്രയിക്കുന്ന കൊലയാളി ഡ്രോണുകള്‍ യുദ്ധത്തിനിറങ്ങുമെന്നതാണ് ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ അത് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു യുദ്ധത്തിനായിരിക്കും സാക്ഷ്യം വഹിക്കുക.
റഷ്യ-യുക്രെയ്ന്‍ യുദ്ധം നീളുംതോറും ഇത്തരം കടുത്ത പ്രയോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടാൻ സാധ്യതയുണ്ട്. നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള കൊലയാളി ഡ്രോണുകള്‍ യുദ്ധഭൂമിയില്‍ അവതരിക്കുമോ എന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. അങ്ങനെയെങ്കില്‍ മെഷീന്‍ഗണ്‍ യുദ്ധങ്ങളില്‍ വരുത്തിയ മാറ്റം പോലെ വലിയ സ്വാധീനം ചെലുത്താനിടയുള്ള പ്രതിരോധ സാങ്കേതിക വിദ്യയായി അത് മാറിയേക്കാം. ഇപ്പോള്‍ തന്നെ പകുതി സ്വയം നിയന്ത്രണമുള്ള ഡ്രോണുകള്‍ യുക്രെയ്‌നുണ്ട്. റഷ്യയും തങ്ങള്‍ക്ക് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
റഷ്യയായാലും യുക്രെയ്‌നായാലും ഇത്തരം കൊലയാളി ഡ്രോണുകളെ യുദ്ധഭൂമിയില്‍ അവതരിപ്പിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ല. ഒഴിവാക്കാനാവത്ത അടുത്ത പടിയാണ് മനുഷ്യ നിയന്ത്രണത്തിലല്ലാതെ സ്വയം തീരുമാനങ്ങളെടുക്കുന്ന കൊലയാളി ഡ്രോണുകളെന്ന് യുക്രെയ്ന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രി മിഖെയ്‌ലോ ഫെഡോറോവ് പറഞ്ഞിട്ടുണ്ട്. അടുത്ത ആറു മാസത്തിനകം അതു സംഭവിക്കാമെന്ന മുന്നറിയിപ്പും അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
പരമാവധി വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനമെടുക്കാനും സൈനികര്‍ക്ക് പരിമിതികളുള്ള യുദ്ധത്തിന്റെ മുന്നണിയിലായിരിക്കും ഇത്തരം കൊലയാളി ഡ്രോണുകളെ ഇറക്കുകയെന്നാണ് ലെഫ്റ്റനന്റ് കേണല്‍ യറോസ്ലാവ് ഹോഞ്ചാര്‍ പറയുന്നത്. ഡ്രോണുകളെക്കുറിച്ച് പഠിക്കുന്ന ലാഭരഹിത സംഘടനയായ എയറോറോസ്വിഡ്കയുടെ സഹ സ്ഥാപകനാണ് അദ്ദേഹം. നിലവില്‍ മനുഷ്യനിയന്ത്രണത്തിലല്ലാതെ സ്വയം തീരുമാനമെടുക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നാണ് യുക്രെയ്ന്‍ സൈന്യത്തിന്റെ നയം. എന്നാല്‍ ഭാവിയില്‍ അത് മാറ്റം വരുത്താനിടയുണ്ടെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
നിര്‍മിത ബുദ്ധിയുടെ സാധ്യതയെക്കുറിച്ച് നേരത്തേ തന്നെ റഷ്യ പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെ സാങ്കേതികവിദ്യയില്‍ ആരാണോ മുന്നിലെത്തുന്നത് അവര്‍ ലോകം കീഴ്‌പ്പെടുത്തുമെന്നായിരുന്നു 2017ല്‍ എൻജിനീയറിങ് വിദ്യാര്‍ഥികളോട് നടത്തിയ സംവാദത്തിനിടെ പുടിന്‍ പറഞ്ഞത്. അമേരിക്കന്‍ സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും നിര്‍മിത ബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഏതെങ്കിലും വിഭാഗത്തിന്റെ ഡ്രോണുകളെ എതിരാളികള്‍ പൂര്‍ണമായും നശിപ്പിച്ചാല്‍ അവര്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അന്ന് പുടിന്‍ ഓര്‍മിപ്പിച്ചിരുന്നു.
English Summary: Drone advances in Ukraine could bring dawn of killer robots