ADVERTISEMENT

ഫൈബര്‍ ഒപ്ടിക്‌സ് സബ്‌മെറൈന്‍ ടെലികമ്യൂണിക്കേഷന്‍സിന്റെ (സമുദ്രാന്തര്‍ ഭാഗത്തുകൂടിയുള്ള)  ചരിത്രത്തിലാദ്യമായി, തങ്ങള്‍ വിന്യസിക്കുന്ന പുതിയ സംവിധാനം ഇന്ത്യയെ രാജ്യാന്തര നെറ്റ്‌വര്‍ക്കിങ് മാപ്പിന്റെ കേന്ദ്ര സ്ഥാനത്തു നിർത്തുന്നുമെന്ന് റിലയൻസ് ജിയോ. ഇതു വഴി രാജ്യത്തിന്റെ വര്‍ധിച്ച പ്രാധാന്യവും, അമ്പരപ്പിക്കുന്ന വളര്‍ച്ചയും, 2016ല്‍ ജിയോ അവതരിപ്പിച്ചതു മുതല്‍ ആഗോള ഡേറ്റാ ഉപയോഗത്തില്‍ വന്നിരിക്കുന്ന വമ്പന്‍ മാറ്റവും എടുത്തുകാണിക്കുന്നതായിരിക്കും പുതിയ സംരംഭമെന്നും ജിയോ അറിയിച്ചു. 

 

ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ രാജ്യാന്തര സബ്മറൈൻ കേബിളിങ് മേഖലയിലേക്ക് കൂടി തിരിയുകയാണ്. നിലവിലുളള സബ്‌മെറൈന്‍ കേബിളുകളെ പോലെയല്ലാതെ അടുത്ത തലമുറ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന കേബിളുകളാണ് റിലയന്‍സും പങ്കാളികളും ചേര്‍ന്ന് കടലിനടിയില്‍ വിന്യസിക്കുന്നത്. ഇങ്ങനെ വിന്യസിക്കുന്ന കേബിളുകളാണ് ഇന്റര്‍നെറ്റിന്റെ സിരാകേന്ദ്രം. 

 

കേബിള്‍ നിർമിച്ചുവില്‍ക്കുന്ന സബ്‌കോം (SubCom) ആണ് ഈ പദ്ധതിയില്‍ റിലയന്‍സിന്റെ മുഖ്യ പങ്കാളി. ഇന്ത്യയടങ്ങുന്ന മേഖലയിലെ അസാധാരണ ഡേറ്റാ ആവശ്യ വളര്‍ച്ചയ്ക്കായാണ് തങ്ങള്‍ പുതിയ കേബിളുകള്‍ ഒരുക്കുന്നതെന്നും കമ്പനി അറിയിച്ചു. തങ്ങള്‍ വിന്യസിക്കുന്ന അതിവിസ്തൃത, അതിവേഗ കേബിളുകള്‍ക്ക് 200 ടിബിപിഎസ് വേഗമുണ്ടെന്നും, അത് 16,000 കിലോമീറ്റര്‍ നീളത്തിലുണ്ടാകുമെന്നും കമ്പനി വെളിപ്പെടുത്തി. ഇതിനായി ഓപ്പണ്‍ സിസ്റ്റം ടെക്‌നോളജിയാണ് കമ്പനി ഉപയോഗിക്കുന്നത്. ഒപ്പം വേവ്‌ലെങ്ത് സ്വിച്ഡ് റോഡ്എം/ബ്രാഞ്ചിങ് (RoADM/branching) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഇതു വഴി പഴയ സാങ്കേതികവിദ്യയേക്കാള്‍ മികവാര്‍ന്ന സേവനം നല്‍കാനാകും. ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ് (India-Asia-Xpress ഐഎഎക്‌സ്) ഇന്ത്യയേയും സിങ്കപ്പൂരുമായും അതിനപ്പുറത്തേക്കും ബന്ധിപ്പിക്കും. അതേസമയം, ഇന്ത്യ-യൂറോപ്-എക്‌സ്പ്രസ് ആകട്ടെ യൂറോപ്പും മധ്യേഷ്യയുമായും ബന്ധിപ്പിക്കും. പുതിയ സിസ്റ്റം ആഗോള ഇന്റര്‍എക്‌സ്‌ചേഞ്ച് പോയിന്റുകളും, കണ്ടെന്റ്  ഹബുകളുമായി സുഗമമായി കണക്ടുചെയത് പ്രവര്‍ത്തനം മികവുറ്റതാക്കും.

 

ഐഎഎക്‌സ്, ഐഇഎക്‌സ് ബന്ധം വഴി സാധാരണ ഉപയോക്താക്കള്‍ക്കും, ബിസിനസ് ഉപയോക്താക്കള്‍ക്കും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഉള്ളടക്കവും ക്ലൗഡ് സേവനങ്ങളും ഉപയോഗിക്കാനുമാകും. ഐഎഎക്‌സ് സിസ്റ്റം മുംബൈ, ചൈന്നെ നഗരങ്ങളെ തായ്‌ലൻഡ്, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കും. ഐഇഎക്‌സ് സിസ്റ്റമാകട്ടെ ഇറ്റലിയും, മധ്യേഷ്യയും നോര്‍ത്ത് അമേരിക്കയുമായും രാജ്യത്തെ ബന്ധിപ്പിക്കും. ഐഎഎക്‌സ്, ഐഇഎക്‌സ് സബ്-സീ സിസ്റ്റങ്ങളെ കൂടാതെ ഇത് റിലയന്‍സ് ജിയോ ഗ്ലോബല്‍ ഫൈബര്‍നെറ്റ്‌വര്‍ക്കുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇത് അമേരിക്കയുമായും ബന്ധിപ്പിക്കും. ഐഎഎക്‌സ് 2023 മധ്യത്തിലും, ഐഇഎക്‌സ് 2024 തുടക്കത്തിലും പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

 

∙ ആപ്പിള്‍ മ്യൂസിക്കില്‍ 'മാന്ത്രിക' ശബ്ദം!

clubhouse

 

ഐഫോണ്‍ നിര്‍മാതാവിന്റെ സംഗീത സ്ട്രീമിങ് സേവനമായ ആപ്പിള്‍ മ്യൂസിക്കില്‍ ഇനി ലോസ്‌ലെസ് ഓഡിയോ ലഭ്യമാക്കും. സ്‌പെഷ്യല്‍ ഓഡിയോ, ഡോള്‍ബി അറ്റ്‌മോസ് എന്നിവയും സപ്പോര്‍ട്ട് ചെയ്യും. ശബ്ദത്തിന്റെ ഗുണനിലവാരത്തില്‍ ആപ്പിള്‍ മ്യൂസിക്കിന്റെ എക്കാലത്തെയും ഏറ്റവും വലിയ പുരോഗതിയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഡോള്‍ബി അറ്റ്‌മോസില്‍ പാട്ടു കേള്‍ക്കുക എന്നു പറയുന്നത് മാന്ത്രികവിദ്യയ്ക്ക്ു തുല്യമാണെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. നിങ്ങൾ ഇരിക്കുന്നതിന്റെ എല്ലാ ഭാഗത്തുനിന്നും സംഗീതം വരുന്ന അവിശ്വസനീയമായ അനുഭൂതിയാണ് ഇതു പ്രദാനംചെയ്യുന്നതെന്നു കമ്പനി പറയുന്നു. ഇത് ഡീകോഡ് ചെയ്തു കേള്‍ക്കാന്‍ ആപ്പിളിന്റെ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ എച്1, ഡബ്ല്യൂ1 എന്നീ ചിപ്പുകളില്‍ ഏതെങ്കിലും ഉള്‍ക്കൊള്ളിച്ച് നിർമിച്ചിരിക്കുന്ന എയര്‍പോഡ്‌സ്, അല്ലെങ്കില്‍ ബീറ്റ്‌സ് ഹെഡ്‌സെറ്റ്‌സ് വേണ്ടിവരും. അതേസമയം, ഏറ്റവും പുതിയ ഐഫോണുകള്‍ക്കും, ഐപാഡുകള്‍ക്കും, മാക്കുകള്‍ക്കും അവയുടെ സ്പീക്കറുകള്‍ വഴി സ്‌പെഷ്യന്‍ ഓഡിയോ അനുഭവം പകരാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. 

 

∙ ലോസ്‌ലെസ് ഓഡിയോ

 

പലപ്പോഴും നമ്മള്‍ ശബ്ദം കേള്‍ക്കുന്ന ഓഡിയോ ഉപകരണങ്ങളുടെ പരിമിതിയും, പ്രക്ഷേപണ നഷ്ടവുമെല്ലാം ഒരു പാട്ടിന്റെ അല്ലെങ്കില്‍ ഓഡിയോ റെക്കോഡിങ്ങിന്റെ മികവ് ചോര്‍ത്തിക്കളയുന്നു. ഇത് ഇല്ലാതാക്കുകയാണ് ലോസ്‌ലെസ് ഓഡിയോ ട്രാന്‍സ്മിഷന്‍ വഴി ആപ്പിള്‍ ചെയ്യുക. ഇത്തരത്തിലുള്ള 75 ദശലക്ഷം പാട്ടുകളായിരിക്കും ആപ്പിള്‍ സ്ട്രീം ചെയ്യുക. ആപ്പിള്‍ ലോസ്‌ലെസ് ഓഡിയോ കൊഡെക് ആയിരിക്കും ഇതിനായി ഉപയോഗിക്കുക. ഇതുവഴി ഒരു ഓഡിയോ ആര്‍ട്ടിസ്റ്റ് സ്റ്റുഡിയോയില്‍ എങ്ങനെ കേള്‍ക്കാനാണോ ഒരു പാട്ടു സൃഷ്ടിച്ചത് അതങ്ങനെ തന്നെ കേള്‍ക്കാനാകും. അതില്‍നിന്ന് ഒന്നുംതന്നെ ചോര്‍ന്നുപോകില്ല. അതു കൂടാതെ വിവിധ റെസലൂഷനിലുള്ള ഫയലുകളും തിരഞ്ഞെടുക്കാം. ഇന്റര്‍നെറ്റ് വേഗത്തിന് അനുസരിച്ച് ഇവ ഉപയോഗിക്കാം. ഇത്തരം പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവയ്ക്ക് കൂടുതല്‍ ഫയല്‍ വലുപ്പമുണ്ടായിരിക്കും.

 

ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ ലോസ്‌ലെസ് ഓഡിയോ സിഡി ക്വാളിറ്റിയാണ്. ഇത് 16-ബിറ്റ്, 44.1 കിലോഹെര്‍ട്‌സിലാണ്. ഇത് 24-ബിറ്റ്, 48 കിലോഹെട്‌സ് വരെ ഉയരാം. ഇവ മേല്‍പ്പറഞ്ഞ ആപ്പിള്‍ ഉപകരണങ്ങള്‍ വഴി കേൾക്കാം. അതേസമയം, ആപ്പിള്‍ മ്യൂസിക് വഴി 24-ബിറ്റ്, 192 കിലോഹെട്‌സ്, ഹൈ-റെസലൂഷനും ഓഫർ ചെയ്യുന്നു. കേൾക്കാനായി 'ആപ്പിള്‍ മ്യൂസിക്' ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് സെറ്റിങ്‌സ്>മ്യൂസിക്>ഓഡിയോ ക്വാളിറ്റി തിരഞ്ഞെടുത്ത് വേണ്ട റെസലൂഷന്‍ തിരഞ്ഞെടുക്കുക. സെല്ലുലാര്‍ കണക്ഷന്‍ ഉപയോഗിച്ചും വൈ-ഫൈ ഉപയോഗിച്ചും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അടുത്ത മാസം മുതലായിരിക്കും ലോസ്‌ലെസ് ഓഡിയോ സപ്പോര്‍ട്ട് ലഭ്യമാക്കുക. ഓര്‍ക്കുക, ആപ്പിള്‍ മ്യൂസിക് സേവനം സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കു മാത്രമായിരിക്കും ഇത് ആസ്വദിക്കാന്‍ സാധിക്കുക.

 

∙ ക്ലബ്ഹൗസ് ഈ ആഴ്ച ആന്‍ഡ്രോയിഡിലെത്തും

 

ഓഡിയോ സമൂഹ മാധ്യമ ആപ്പായ ക്ലബ്ഹൗസ് ഈ ആഴ്ച ആന്‍ഡ്രോയിഡില്‍ എത്തും. ഐഒഎസ് ആപ് നേരത്തെ തന്നെ നിലവിലുണ്ട്. അമേരിക്കയില്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കുറച്ചു ദിവസം മുൻപ് അവതരിപ്പിച്ചിരുന്നു. ആഗോള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഈ ആഴ്ച അവതരിപ്പിക്കും. ക്ലബ്ഹൗസ് ഒരു ഇന്‍വൈറ്റ് ഓണ്‍ലി ആപ്പാണ്. എന്നു പറഞ്ഞാല്‍, ആരെങ്കിലും നിങ്ങളെ ക്ലബ്ഹൗസിലേക്കു ക്ഷണിച്ചാല്‍ മാത്രമെ അത് ഉപയോഗിക്കാന്‍ സാധിക്കൂ. മെയ് 21ന് ആപ് ഇന്ത്യയില്‍ ലഭ്യമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

∙ ആരോഗ്യ മേഖലയ്ക്കു നേരെ സൈബര്‍ ആക്രമണമുണ്ടായെന്ന് അയര്‍ലൻഡ്

 

തങ്ങളുടെ ആരോഗ്യ മേഖലയ്ക്കു നേരെ സൈബര്‍ ആക്രമണമുണ്ടായെന്ന് അയര്‍ലൻഡിന്റെ ആരോഗ്യ വിഭാഗം അറിയിച്ചു. വിവിധ സംവിധാനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ മൂലം മൂന്നാം ദിവസവും പല സേവനങ്ങളും എത്തിക്കുന്നത് പ്രതിസന്ധിയിലായി. ഹാക്കര്‍മാര്‍ കംപ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ഷട്ഡൗണ്‍ ചെയ്‌തെന്നാണ് അവര്‍ അറിയിക്കുന്നത്.

 

∙ പോക്കോ എം3 പ്രോ 5ജിയുടെ ചില വിവരങ്ങള്‍ പുറത്തായി

 

താമസിയാതെ വിപണിയിലെത്താന്‍ പോകുന്ന പോക്കോ എം3 പ്രോ 5ജി ഫോണിന് ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം ഉണ്ടായിരിക്കും. 5000 എംഎഎഎച് ബാറ്ററിയും ഉണ്ടായിരിക്കുമെന്ന് പറയുന്നു. 6.5-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് സ്‌ക്രീന്‍ പ്രതീക്ഷിക്കാം. ഇതിന് 90ഹെട്‌സ് റിഫ്രഷ്റെയ്റ്റും ഉണ്ടായിരിക്കും.

 

English Summary: Reliance jio deploying largest international submarine cable system

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com