2 സീറ്റ് കാലിയാക്കി പറന്ന സ്പെയ്സ് എക്‌സ് ഡ്രാഗൺ, 'പറഞ്ഞാൽ പറഞ്ഞതുപോലെ' ചെയ്യുമെന്ന് മസ്ക്!

Mail This Article
ബുച്ച് വിൽമോറിനെയും സുനിത വില്യംസിനെയും എത്രയും വേഗം തിരികെ കൊണ്ടുവരാമായിരുന്നുവെന്നും ബൈഡൻ ഭരണകൂടം ഓഫർ നിരസിച്ചുവെന്നും മസ്ക് എക്‌സിൽ അവകാശപ്പെട്ടതോടെയാണ് ബോയിങ് സ്റ്റാർലൈനർ അവശേഷിപ്പിച്ച ആശങ്കയുടെ പാതയിൽ മസ്കും സ്പെയ്സ് എക്സും സ്കോർ ചെയ്തത്. രാഷ്ട്രീയ കാരണങ്ങളാൽ യാത്രികരെ ബഹിരാകാശത്ത് ഉപേക്ഷിച്ചതായി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപും മസ്കും ആരോപിച്ചിരുന്നു. ശേഷം കണ്ടത് ഇലോൺ മസ്കിനോട് യാത്രികരെ തിരികെയെത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നതാണ്.

2 സീറ്റ് കാലിയാക്കി ഒരു 'ലിഫ്റ്റ്'
സെപ്റ്റംബറിൽ സ്‌പെയ്സ് എക്‌സ് ഡ്രാഗൺ കാപ്‌സ്യൂളിലാണ് ബഹിരാകാശ യാത്രികരായ ഹേഗും ഗോർബുനോവും ബഹിരാകാശ നിലയത്തിലെത്തിയത്.സാധാരണ ആ ദൗത്യത്തിൽ നാല് ബഹിരാകാശയാത്രികർ ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ നാസയും സ്പെയ്സ് എക്സും രണ്ട് പേരെ മാത്രമാക്കി പറക്കാൻ തീരുമാനിച്ചു, അതോടെ ബുച്ചിനും സുനിതയ്ക്കും ഭൂമിയിലേക്ക് മടങ്ങാൻ രണ്ട് സീറ്റുകൾ പേടകത്തിൽ ബാക്കിയാക്കി.ഹേഗും ഗോർബുനോവും എത്തിയതിനുശേഷം, അവരുടെ ക്രൂ9ൽ ഇരുവരെയും ഉൾപ്പെടുത്തി. തിരികെയെത്താനുള്ള മാർഗം തുറന്നു.

സ്പെയ്സ് എക്സിനും മസ്കിനും നേട്ടം

ഈ ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണം ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെ പ്രവർത്തന മികവിന്റെ തെളിവായി മാറും, നാസയ്ക്ക് നിർണായക ഘട്ടത്തിൽ സഹായം ലഭ്യമാക്കിയെന്ന അവകാശവാദവുമായി വാണിജ്യ ക്രൂ പ്രോഗ്രാമിന്റെ നിർണായക ഭാഗമായി നിലവിൽത്തന്നെ സ്പെയ്സ് എക്സ് മാറിയിരിക്കുന്നു. അതേസമയം മത്സര രംഗത്തുണ്ടായിരുന്ന ബോയിംഗിന്റെ സ്റ്റാർലൈനർ കാലതാമസങ്ങളും സാങ്കേതിക പരാജയങ്ങളും നേരിട്ടതോടെ ചിത്രത്തിൽ ഇല്ലാതാകുകയും ചെയ്തു.
ട്രംപ് ഒരു തവണ സൊന്നാൽ....
പ്രസിഡന്റ് ട്രംപ് കൊടുത്ത വാഗ്ദാനം നടപ്പിലാക്കിയെന്ന ഒരു എക്സ് പോസ്റ്റ് ഇലോൺ മസ്ക് റിപോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ബുച്ചും സുനിതയും ട്രംപിന് നന്ദി പറയുന്ന വിഡിയോയും തന്റെ എക്സ് പേജിൽ പിൻ ചെയ്തിരിക്കുകയും ചെയ്തിരിക്കുന്നു. നിലവിൽ മസ്കിനെ ആവോളം പുകഴ്ത്തുന്ന ട്രംപിന് മറ്റൊരു കാരണവും കിട്ടിയിരിക്കുന്നു.
ബൈഡൻ ഭരണകൂടം ബഹിരാകാശയാത്രികരെ ഉപേക്ഷിച്ചു എന്നാണ് ഇലോൺ മസ്‌ക് , യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുൾപ്പെടെയുള്ളവർ രാഷ്ട്രീയപരമായി ആരോപിച്ചത്.അതേസമയം നാസയും ബഹിരാകാശയാത്രികരും ഈ അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കുന്നുണ്ട്.
നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ബഹിരാകാശത്ത് 'കുടുങ്ങിപ്പോയിരുന്നു' എന്ന വാദം ഇപ്പോഴും നാസ അംഗീകരിക്കുന്നില്ല.ഒരാഴ്ച നീണ്ടുനിന്ന താമസത്തിൽ നിന്ന് 9 മാസത്തേക്ക് നീട്ടിയപ്പോഴും ഈ ബഹിരാകാശയാത്രികർ ഒരിക്കലും കുടുങ്ങിപ്പോയിട്ടില്ലെന്ന് നാസ സ്ഥിരമായി വാദിക്കുന്നു. ഒരു എക്സ്റ്റെന്‍ഡഡ് മിഷൻ എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്. സാധാരണ ജോലിയുടെ ഭാഗം മാത്രം!.