308 തസ്തികയിലെ മെഗാ വിജ്ഞാപനം: 25 ലക്ഷം അപേക്ഷ

Mail This Article
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 308 തസ്തികയിലേക്കുള്ള മെഗാ വിജ്ഞാപനത്തിന്റെ അപേക്ഷാ സമർപ്പണം ജനുവരി 29ന് അവസാനിച്ചപ്പോൾ വിവിധ തസ്തികകളിലായി അപേക്ഷ നൽകിയത് 25 ലക്ഷത്തിലധികം പേർ. പ്രധാന തസ്തികകളിലെല്ലാം അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 4,57,900 അപേക്ഷകർ
∙കുറഞ്ഞത് 48,850 അപേക്ഷ
സെക്രട്ടേറിയറ്റ്, പിഎസ്‌സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് മുൻ വിജ്ഞാപനത്തെ അപേക്ഷിച്ച് 48,850 അപേക്ഷകരുടെ കുറവുണ്ടായി. 2021 ഏപ്രിൽ 3നു പ്രസിദ്ധീകരിച്ച മുൻ വിജ്ഞാപനപ്രകാരം 5,06,750 പേർ അപേക്ഷ നൽകിയിരുന്നു. ഇത്തവണ അപേക്ഷിച്ചത് 4,57,900 പേരാണ്. തസ്തികമാറ്റം വഴി 4,995 പേരും അപേക്ഷ നൽകിയിട്ടുണ്ട്. 2017 ഡിസംബർ 14ലെ വിജ്ഞാപന പ്രകാരം 6,83,588 പേരാണ് അപക്ഷനൽകിയിരുന്നത്.
സബ് ഇൻസ്പെക്ടർ: 89,078 അപേക്ഷകർ
∙കുറഞ്ഞത് 39,852 അപേക്ഷ
സബ് ഇൻസ്പെക്ടർ തസ്തികയിൽ 5 കാറ്റഗറികളിലായി പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം അപേക്ഷ നൽകിയത് 2,89,078 പേരാണ്. കഴിഞ്ഞ വർഷം പ്രസി
ദ്ധീകരിച്ച വിജ്ഞാപന പ്രകാരം 3,28,930 പേർ അപേക്ഷിച്ചിരുന്നു. ഇത്തവണ 39,852 അപേക്ഷ കുറഞ്ഞു. ഒാപ്പൺ മാർക്കറ്റ് വിഭാഗത്തിലാണ് കൂടുതൽ അപേക്ഷകർ കുറഞ്ഞത്– 33,441 പേർ. ബാക്കി 3 കാറ്റഗറികളിലും അപേക്ഷകരുടെ എണ്ണം കുറഞ്ഞെങ്കിലും സബ് ഇൻസ്പെക്ടർ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 102 അപേക്ഷകർ കൂടിയിട്ടുണ്ട്.
പൊലീസ് കോൺസ്റ്റബിൾ: 1,30,592 അപേക്ഷകർ
∙കുറഞ്ഞത് 38,459 അപേക്ഷ
പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 7 ബറ്റാലിയനുകളിലായി 38,459 അപേക്ഷ കുറഞ്ഞു. കഴിഞ്ഞ തവണ 1,69,051 പേർ അപേക്ഷിച്ചിരുന്നു. ഇത്തവണ അപേക്ഷിച്ചത് 1,30,592 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറം (എംഎസ്പി) ജില്ലയിലാണ്. 25,232പേർ. കുറവ് ഇടുക്കിയിൽ (കെഎപി–5), 13,499 പേർ
വനിതാ കോൺസ്റ്റബിൾ: 1,54,114 അപേക്ഷകർ
∙കുറഞ്ഞത് 24,502 അപേക്ഷ
ഈ തസ്തികയുടെ മുൻ വിജ്ഞാപനത്തെ അപേക്ഷിച്ച് ഇത്തവണ 24,502 അപേക്ഷ കുറഞ്ഞു. മുൻ വിജ്ഞാപന പ്രകാരം 1,78,616 പേരാണ് അപേക്ഷ നൽകിയത്. ഇത്തവണ അപേക്ഷിച്ചത് 1,54,114 പേർ മാത്രം.
അസി.സെയിൽസ്മാൻ: 5.27 ലക്ഷം അപേക്ഷകർ
സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ 14 ജില്ലയിലുമായി 5,27,274 പേർ അപേക്ഷ സമർപ്പിച്ചു.
എക്സൈസ് ഒാഫിസർ: 3.32 ലക്ഷം അപേക്ഷകർ
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ തസ്തികയിൽ 3,32,889 പേർ ഇത്തവണ അപേക്ഷ നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ: 7106 അപേക്ഷകർ
തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 തസ്തികയിൽ 7,106 പേർ അപേക്ഷ നൽകി.
JPHN: 19,451 അപേക്ഷകർ
ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ 19,451 പേർ അപേക്ഷ നൽകി.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്: 48,566 അപേക്ഷകർ
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 48,566 പേർ അപേക്ഷ നൽകിയിട്ടുണ്ട്.