മഞ്ഞിന്റെ ലോക്ഡൗണിൽ വാഗമൺ

Mail This Article
മേഘക്കൂട്ടങ്ങൾക്കിടയിൽ പച്ചപ്പിന്റെ പുതപ്പും പുതച്ച് വാഗമണ്ണിന് ഇത് വിശ്രമകാലം. കേരളം മുഴുവൻ കോവിഡിനെ പേടിച്ച് ലോക്ഡൗണിൽ കഴിയുമ്പോൾ വാഗമണ്ണിനെ മഞ്ഞ് ലോക്കാക്കി. ലോക്ഡൗണിൽ വിനോദസഞ്ചാരം ഇല്ലെങ്കിലും ഈ മഞ്ഞിന്റെ കാഴ്ച അറിയാൻ ഒരു വെർച്വൽ യാത്ര നടത്താം വാഗമണ്ണിലേക്ക്..
നോക്കെത്താ ദൂരത്തോളം നിവർന്നുനിൽക്കുന്ന മൊട്ടക്കുന്നുകളാണു വാഗമണ്ണിന്റെ ആകർഷണം. മഴ തുടങ്ങിയതോടെ കുന്നുകൾ പച്ച അണിഞ്ഞു. ഒരു മഴ തോരുമ്പോഴേക്കും മലമുകളിലേക്കു പെയ്തിറങ്ങുന്ന കോടമഞ്ഞും വിശാലമായ പുൽപ്പരപ്പും ഇപ്പോൾ സഞ്ചാരികളില്ലാതെ ഒറ്റയ്ക്കാണ്. മല വെട്ടിയുണ്ടാക്കിയ വളഞ്ഞുപുളഞ്ഞ പാതയിലൂടെ യാത്ര തന്നെ വിസ്മയകരമായ അനുഭവമാണ്. തങ്ങൾമല, മുരുകൻമല, കുരിശുമല തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളും പിന്നിട്ട് വാഗമണ്ണിലെ ഒരു മൊട്ടക്കുന്നിന്റെ മുകളിൽനിന്ന് മഞ്ഞുകൊള്ളണം.
തൊട്ടടുത്തുനിൽക്കുന്ന ആളെ കാണാൻ സാധിക്കാത്ത അത്ര കട്ടമഞ്ഞ്. പൈൻമരക്കാടുകളും ചെക്ക്ഡാമുമാണു മറ്റൊരു ആകർഷണം. ഇവിടെയും മഞ്ഞിന്റെ ‘ഫിൽറ്റർ’ വെറേ ലെവൽ കാഴ്ചയാണ്. സമുദ്രനിരപ്പിൽനിന്ന് 1,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലമുകളിൽ മഞ്ഞും മഴയും മാറിമാറി സ്വർഗം തീർക്കും.