കടലിലെ പാറക്കെട്ടിലെ ദ്വാരം; ഇത് നിഗൂഢത നിറഞ്ഞയിടം
Mail This Article
പുരാതനവും സാംസ്കാരികവുമായ ഒട്ടനവധി കഥകൾ നിറഞ്ഞ നാടാണ് ആഫ്രിക്ക. പ്രകൃതിയുടെ അദ്ഭുതങ്ങളുളള ആഫ്രിക്കയിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട നിരവധി കാഴ്ചകളുമുണ്ട്. ചില വിനോദസഞ്ചാര കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നിഗൂഢത നിറഞ്ഞ കഥകളുമുണ്ടാകും. അതിലൊന്നാണ് ദക്ഷിണാഫ്രിക്കയുടെ ഈസ്റ്റേൺ കേപ് 'വൈൽഡ് കോസ്റ്റിന്' തൊട്ടടുത്തുള്ള പാറക്കെട്ടിലെ ദ്വാരം അഥവാ ഹോൾ ഇൻ ദ വാൾ.
കടൽത്തീരത്ത് വ്യാപിച്ചിരിക്കുന്ന വലിയൊരു പാറയുടെ ഏകദേശം നടുക്കായി ഇരുവശങ്ങളും കാണത്തക്കവിധത്തിൽ വലിയൊരു ദ്വാരം. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഈ സ്ഥലത്തെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്. അന്നാട്ടിലെ പ്രാദേശിക ഷോസ ജനത ഈ സ്ഥലത്തെ പുണ്യസ്ഥലമായാണ് കാണുന്നത്. ഇസി ഖലേനി അഥവാ ഇടിമുഴക്കം എന്നാണ് അവർ അതിനെ വിളിക്കുന്നത്.
ഒരു ചെറിയ ഹോളിഡേ ടൗണാണ് ഹോൾ ഇൻ ദ വാൾ. കടൽത്തീരത്ത് നിന്നു മാറി അസാധാരണമായ കമാനാകൃതിയിലുള്ള പാറക്കെട്ടുകളിൽ രൂപപെട്ടിരിക്കുന്ന വലിയൊരു ദ്വാരമാണിത്. ഈ രൂപീകരണം ദക്ഷിണാഫ്രിക്കയുടെ ശ്രദ്ധേയമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്, കൂടാതെ നിഗൂഢ കഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്.
വലിയ ദ്വാരം മൂലം രണ്ടായി പിളർന്ന വലിയ പാറക്കൂട്ടവുമുണ്ട്. ആകാശക്കാഴ്ചയിൽ വിസ്മയകരമായ അനുഭവമാണ് ഇൗ കാഴ്ച. കടലിൽ ലയിച്ചു കിടക്കുന്ന പാറക്കൂട്ടത്തിന് നടുക്കായി വലിയൊരു ദ്വാരം. ഈ ദ്വാരത്തിലൂടെ കടലിന്റെ കാഴ്ചയും അതിമനോഹരമാണ്. ചെറിയ വേലിയേറ്റ സമയത്ത് ഇവിടേക്ക് തിരമാലകൾ ആർത്തലച്ചെത്തുന്നത് അവർണനീയമാണ്.
മനോഹരമായ കോഫി ബേ ബീച്ചിൽ നിന്നു ആരംഭിച്ച് ബേബി ഹോളും ഹുങ്‌വെയ്ൻ വെള്ളച്ചാട്ടവും കടന്നുപോകുന്ന തീരപ്രദേശത്താണ് ഹോൾ ഇൻ ദ വാൾ എന്ന ഈ അദ്ഭുത പ്രതിഭാസമുള്ളത്. സ്നോർക്കലിങ്ങിന് ജനപ്രിയമായ ഒരു സ്ഥലമാണ് ഇവിടം. കടലിലേക്ക് ഇറങ്ങുമ്പോൾ തന്നെ ധാരാളം സമുദ്ര ജീവികളെ കാണാം. കൂടാതെ ഹോൾ ഇൻ ദ വാളിന് ചുറ്റുമുള്ള കുന്നുകൾ കയറാനും പര്യവേക്ഷണം ചെയ്യാനും അതിമനോഹരമാണ്. കുന്നുകൾക്ക് മുകളിലായി കുടുംബങ്ങൾക്ക് പിക്നിക് ചെയ്യാനോ കളിക്കാനോ വിശ്രമിക്കാനോ കഴിയുന്ന ഒരു പുൽമേടുമുണ്ട്.
English Summary: Hole in the Wall Tourist Attraction in South Africa