എടാ മോനേ... ആവേശക്കാഴ്ചയുമായി ഫഹദും നസ്രിയയും, ചിത്രങ്ങൾ കാണാം
Mail This Article
ഒരു യാത്രയുടെ ആവേശത്തിലാണ് ഫഹദും നസ്രിയയും. ഇത്തവണത്തെ അവധിക്കാലം ചെലവഴിക്കുന്നതിനായി മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികൾ തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഫ്രാൻസ് ആണ്. പാരിസിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് നസ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈഫൽ ടവറും നഗര കാഴ്ചകളുമൊക്കെ ആ ചിത്രങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. രാത്രിയിലെ ദീപാലംകൃതമായ ഈഫൽ ടവറിന്റെ കാഴ്ച അതിമനോഹരം തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ ഫഹദ് ഒട്ടും സജീവമല്ലാത്തതു കൊണ്ടുതന്നെ പ്രിയപ്പെട്ട ഫഫായുടെ ചിത്രങ്ങൾ കാണുവാൻ സാധിച്ചതിൽ ആരാധകരും ഏറെ സന്തോഷത്തിലാണ്.
സ്വപ്നലോകത്തിനു സമാനമായ കാഴ്ചകളാണ് ഫ്രാൻസ് അതിഥികൾക്കായി കാത്തുവച്ചിരിക്കുന്നത്. കഥകളെ അനുസ്‌മരിപ്പിക്കുന്ന ഗ്രാമങ്ങളും അത്യാധുനിക സൗകര്യങ്ങൾ ഒത്തുചേർന്ന കടൽക്കരകളിലെ റിസോർട്ടുകളും മഞ്ഞുമൂടിയ മലനിരകളും ചിത്രകഥകളെ അനുസ്‌മരിപ്പിക്കുന്ന കൊടുമുടികളും വെളിച്ചത്തിന്റെ നഗരമെന്നറിയപ്പെടുന്ന പാരിസുമെല്ലാം ഉൾപ്പെടുന്നതാണ് ഫ്രാൻസ് എന്ന സുന്ദര രാജ്യം.
ആധുനിക ഫ്രാൻസിന്റെ മുഖമാണ് പാരീസിലെ ഈഫൽ ടവർ. 330 മീറ്റർ ഉയരമുണ്ട് ഈ നിർമിതിക്ക്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ നിർമിതിയുടെ പണി പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവുമുയരമുള്ളത് എന്ന ഖ്യാതി ഈ ടവറിനു അവകാശപ്പെട്ടതായിരുന്നു. 1665 സ്റ്റെയറുകളും മൂന്നു പ്ലാറ്റ്‌ഫോമുകളും ഇതിലുണ്ട്. ഓരോ ദിവസവും രാത്രി 20,000 ലൈറ്റുകളാണ് ഇവിടെ തെളിയുന്നത്. പ്രകാശപൂരിതമായി നിൽക്കുന്ന ഈഫൽ ടവറിന്റെ കാഴ്ചകൾ വാക്കുകളിൽ വർണിക്കുന്നതിനുമപ്പുറം മനോഹരമാണ്. ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ടിക്കറ്റ് എടുത്തു സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈ നിർമിതിക്കു അവകാശപ്പെട്ടതാണ്.
ഈഫൽ ടവർ കഴിഞ്ഞാൽ പാരിസിൽ ഏറ്റവും സന്ദർശകരെത്തുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിൽ ഒന്നാണ് ലൂവ്രെ മ്യൂസിയം. സെയ്ൻ നദിക്കരയോട് ചേർന്നാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് ബറാക്ക് ശൈലിയിലാണിത് നിർമിച്ചിരിക്കുന്നത്. ലിയനാർഡോ ഡാവിഞ്ചിയുടെ വളരെ പ്രശസ്തമായ മൊണാലിസ എന്ന പെയിന്റിങ് അടക്കം ഏകദേശം 38,0000 കലാസൃഷ്ടികൾ ഈ മ്യൂസിയത്തിലെത്തിയാൽ കാണുവാൻ കഴിയും.
ഡിസ്‌നി കഥകളുടെ ആരാധകർക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്നയിടമാണ് പാരിസിലെ ഡിസ്‌നി ലാൻഡ്. വർഷാവർഷം 15 മില്യൺ ആളുകളാണ് ഇവിടം സന്ദർശിക്കുന്നത്. ടോയ് സ്റ്റോറി പ്ലേലാൻഡ് ബോടിക്കും ഡിസ്നി ഗാലറിയും ഇവിടെത്തുന്ന ഭൂരിപക്ഷം പേരും സന്ദർശിക്കുന്നയിടങ്ങളാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മനോഹരമായ ഉപഹാരങ്ങൾ സമ്മാനിക്കണമെന്നുള്ളവർക്കു ഇവിടെ നിന്നുമത് വാങ്ങുവാനും കഴിയും. അതിഥികൾക്ക് അത്യാഡംബര സൗകര്യങ്ങളോടെ താമസിക്കുന്നതിനായി ഡിസ്നി ലാൻഡ് ഹോട്ടലുകളും ഈ സ്വപ്നഭൂമിയിലുണ്ട്.
ഫ്രാൻസിലെ ഏറ്റവും പ്രശസ്തവും അതേസമയം തന്നെ എല്ലാവർക്കും തന്നെയും പ്രിയപ്പെട്ടതുമായ ഒരു തീം പാർക്കാണ് പുയ് ഡു ഫൗ. യഥാർത്ഥ ആക്ഷൻ സിനിമകൾക്കു സമാനമായ ഇരുപതോളം ഷോ ഇവിടെ കാണുവാൻ കഴിയും. പ്രായഭേദമന്യേ ഓരോരുത്തർക്കും ആസ്വദിക്കാൻ കഴിയുമെന്നതു തന്നെയാണ് ഇവിടുത്തെ ഷോകളുടെ പ്രത്യേകത.
മേൽപറഞ്ഞ വിനോദങ്ങളിൽ നിന്നുമാറി ശുദ്ധവായുവും ഹരിതാഭയും ആസ്വദിക്കണമെന്നുള്ളവർക്കു ലക്സംബർഗ് ഉദ്യാനം സന്ദർശിക്കാവുന്നതാണ്. ഇവിടുത്തെ കാഴ്ചകളിൽ എടുത്തു പറയേണ്ടത് ഉദ്യാനത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന രാജകൊട്ടാരമാണ്. കുട്ടികൾക്കൊപ്പമാണ് യാത്രയെങ്കിൽ കൊട്ടാരത്തിനു മുമ്പിലുള്ള തടാകത്തിലൂടെ കുട്ടികൾക്കു ബോട്ട് സവാരി ചെയ്യാവുന്നതാണ്. ഉദ്യാനത്തിലൂടെ ചെറിയൊരു സവാരിക്കിറങ്ങിയാൽ ഏകദേശം നൂറിലധികം പ്രതിമകൾ കാണുവാനും കഴിയും.
ഫ്രാൻസിലെ കാഴ്ചകൾ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. സൂ പാർക് ഡി ബ്യൂവൽ, ഒർസെ മ്യൂസിയം, പാലസ് ഗാർണിയർ, ആർക്ക് ഡി ട്രയോംഫ് എന്നിങ്ങനെ നീളുന്നു ആ രാജ്യം അതിഥികൾക്കായി ഒരുക്കി വെച്ചിരിക്കുന്ന കൗതുകങ്ങൾ.