ADVERTISEMENT

തായ്‌ലൻഡിലേക്ക് യാത്ര ചെയ്യാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് ജനുവരി. കുടുംബത്തോടൊപ്പം തായ്‌ലൻഡില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രങ്ങളുമായി ആലിയ ഭട്ട്. മനോഹരമായ ബീച്ചില്‍ നീന്തുന്നതും ബോട്ടില്‍ യാത്ര ചെയ്യുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. ആലിയയുടെ സഹോദരിയും മകള്‍ റാഹയും കൂടെയുണ്ട്. മികച്ച കാലാവസ്ഥയുള്ള ജനുവരി മാസം ആന്‍ഡമാന്‍, തായ്‌ലൻഡ് പോലെയുള്ള ഇടങ്ങളിലേക്കു സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ഹൈക്കിങ്, ട്രെക്കിങ് പോലെയുള്ള വിനോദങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. 

Image Credit: aliaabhatt/instagram
Image Credit: aliaabhatt/instagram

എല്ലാ വർഷവും ജനുവരിയില്‍ തായ്‌ലൻഡിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും ധാരാളം പുതുവർഷ പാർട്ടികൾ നടക്കാറുണ്ട്. ബാങ്കോക്ക്, ചിയാങ് മായ്, ഫുക്കറ്റ്, പട്ടായ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ആഘോഷങ്ങള്‍ നടക്കുന്നത്. രാജ്യത്തുടനീളമുള്ള നൈറ്റ് ബസാറുകളിലെ പുതുവത്​സര ആഘോഷങ്ങളും മൂൺ പാർട്ടികൾ, ബീച്ച് പാർട്ടികൾ, തെരുവ് പാർട്ടികൾ മുതലായവയുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പൊതുവേ ചെലവ് കുറവാണ് എന്നതും സഞ്ചാരികള്‍ എത്താന്‍ ഒരു കാരണമാണ്. 

Image Credit: aliaabhatt/instagram
Image Credit: aliaabhatt/instagram

തായ്‌ലൻഡിൽ ചൈനീസ് ആളുകൾ കൂടുതലുള്ളതിനാൽ, ജനുവരി അവസാനമാകുമ്പോള്‍ നടക്കുന്ന ചൈനീസ് പുതുവത്സരാഘോഷവും(Chinese New Year in Thailand) ഇവിടെ വലിയ ആഘോഷമാണ്. ഇത് 'വസന്തോത്സവം' എന്നും അറിയപ്പെടുന്നു. ഏകദേശം ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്. പരമ്പരാഗത ചുവന്ന വസ്ത്രം ധരിച്ച ആളുകളെ കൊണ്ട് ബാങ്കോക്കിലെ ചൈനാടൗൺ നിറയും. തെരുവുകളും ക്ഷേത്രങ്ങളും ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. ഡ്രാഗൺ പരേഡുകൾ, പടക്കങ്ങൾ, അക്രോബാറ്റിക് നൃത്ത പരിപാടികൾ എന്നിവ തായ് തലസ്ഥാനത്തെ തെരുവുകള്‍ക്കു ജീവൻ പകരും. കുടുംബങ്ങൾ ഒത്തുചേർന്നു സമയം ചെലവഴിക്കുകയും പരസ്പരം ആശംസകൾ നേരുകയും ചെയ്യുന്ന സമയം കൂടിയാണിത്.

ബാങ്കോക്കിനു പുറമേ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചൈനീസ് പുതുവത്സര ഉത്സവം ആഘോഷിക്കപ്പെടുന്നു. ഫൂക്കറ്റിലെയും ചിയാങ് മാ(Chiang Mai)യിലെയും ആഘോഷങ്ങൾ വളരെ ജനപ്രിയമാണ്. പിങ് നദിയുടെ തീരത്ത് പച്ചപുതച്ച താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ചിയാങ് മായില്‍, സ്പാകളും അതുല്യമായ മ്യൂസിയങ്ങളും മനോഹരമായ പൂന്തോട്ടങ്ങൾ മുതലായ ആധുനിക സൗകര്യങ്ങൾ ആസ്വദിക്കുന്നതിനൊപ്പം നഗരത്തിലെ പുരാതന ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്യാം. 

പ്രാദേശിക കരകൗശലത്തൊഴിലാളികളുടെ പ്രയത്‌നങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി മാസത്തിലെ മൂന്നാം വാരാന്ത്യത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ ആഘോഷമാണ് ബോ സാങ് അമ്പ്രല്ല ആന്‍ഡ്‌ സങ്കമ്പാങ് ഹാന്‍ഡിക്രാഫ്റ്റ് ഫെസ്റ്റിവല്‍ (Bo Sang Umbrella & Sankampaeng Handicraft Festival). ഉത്​സവത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ, സാ അല്ലെങ്കിൽ മൾബറിയുടെ പുറംതൊലി കൊണ്ടു നിർമിച്ച കുടകളുടെ ആഘോഷമാണിത്. 

ജനുവരിയില്‍ തിരക്കേറുന്ന ഇടങ്ങളില്‍ ഒന്നാണ് 'ടർട്ടിൽ ഐലൻഡ്' എന്ന് വിളിക്കുന്ന കോ താവോ(Koh Tao). തായ്‌ലൻഡിലെ ഏറ്റവും മികച്ച സ്കൂബ ഡൈവിങ് ഡെസ്റ്റിനേഷനായി കണക്കാക്കുന്ന ഈ ദ്വീപില്‍ ധാരാളം കടലാമകളും പവിഴപ്പുറ്റുകളുമെല്ലാം കണ്ണിനിമ്പം പകരുന്ന കാഴ്ചകളാണ്.

തെക്കൻ തായ്‌ലൻഡിലെ ഒരു ചെറിയ എൽ-ആകൃതിയിലുള്ള ദ്വീപായ കോ ലിപ്പെ(Ko Lipe)യാണ് മറ്റൊരു ഇടം. സൺസെറ്റ് ബീച്ച്, സൺറൈസ് ബീച്ച്, പട്ടായ ബീച്ച് എന്നിങ്ങനെയുള്ള മൂന്നു ബീച്ചുകളില്‍ സ്നോർക്കലിങ്, സ്കൂബ ഡൈവിങ്, കയാക്കിങ്, ട്രെക്കിങ് മുതലായ ഒട്ടേറെ വിനോദാവസരങ്ങളുണ്ട്‌. തായ്‌ലൻഡിലെ അഞ്ചാമത്തെ വലിയ ദ്വീപായ കോ ഫംഗനും(Koh Phangan) പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട ഇടമാണ്.

English Summary:

Alia Bhatt's Thailand family vacation in January showcases stunning beaches, vibrant New Year celebrations, and cultural experiences. Discover the best of Thailand in January, from bustling cities to serene Islands.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com