ADVERTISEMENT

ഒരു വര്‍ഷക്കാലം ഐശ്വര്യമുണ്ടാകാനാണ് വിഷുപ്പുലരിയില്‍ കണികണ്ടുണരുന്നത്. മിക്ക ക്ഷേത്രങ്ങളിലും വിഷുവിന്  കണിയൊരുക്കും. എങ്കിലും ഗുരുവായൂരിലെ വിഷുക്കണി ഏറെ പ്രശസ്തവും അതിപ്രധാനവുമാണ് . വിഷുപ്പുലരിയില്‍ ഗുരുവായൂര്‍ കണ്ണനെ  കണികണ്ട് സായൂജ്യം നേടാന്‍ നിരവധി ഭക്തരാണ് എത്തുന്നത്.

 

 

സൂര്യൻ തലയ്ക്കു നേരെ കിഴക്കുദിക്കുന്നതിൽ‌ അസഹ്യത ഭാവിച്ച രാവണൻ‌ ജീവിച്ചിരുന്ന കാലം മുഴുവൻ ചരിഞ്ഞാണ് ഉദിച്ചത്.  രാവണവധം കഴിഞ്ഞപ്പോള്‍ നേരെ കിഴക്കുദിക്കിൽ ഉദിക്കുന്ന ദിവസമാണത്രേ വിഷു.  ശ്രീകൃഷ്ണ ഭഗവാൻ പൂജിച്ച വിഗ്രഹമാണു ഗുരുവായൂരിലുള്ളത്.വിഷു ദിനത്തിൽ ഗുരുവായൂരപ്പന്റെ  തൃപ്പാദങ്ങളിൽ ഉദയസൂര്യരശ്മികൾ പതിക്കുന്ന രീതിയിലാണു ക്ഷേത്രനിർ‌മാണം നടത്തിയിരിക്കുന്നത്. മാത്രവുമല്ല സാധാരണ സൂര്യോദയത്തോടു കൂടിയാണല്ലോ നമ്മൾ നിത്യവൃത്തികൾ തുടങ്ങുന്നത്. എന്നാൽ  വിഷുദിനത്തിൽ സൂര്യോദയത്തിനു പ്രസക്തിയില്ലെന്നു പറയപ്പെടുന്നു. കാരണം ശ്രീപരമേശ്വരൻ ദക്ഷയാഗത്തോടനുബന്ധിച്ചു സൂര്യനെ ശപിച്ചതായി പറയുന്നു. മഹാദേവനെ നിന്ദിച്ചു ദക്ഷന്റെ പക്ഷത്തിൽ നിന്നവരുടെ കൂട്ടത്തിൽ സൂര്യനും ഉൾപ്പെട്ടിരുന്നു. അതു മനസ്സിലാക്കിയ മഹാദേവൻ പുതുവർഷപ്പുലരിയിൽ  നിന്നെ കണികാണാൻ‌ ഇടവരാതെ പോട്ടെയെന്നും അങ്ങനെ കാണുന്നവർ‌ക്കു ദുരിതങ്ങളുണ്ടാകട്ടെ എന്നും ആദിത്യനെ ശപിച്ചതായും ആ ശാപത്തിനു മോക്ഷമായി ഗുരുവായൂരപ്പനെ  നമിക്കുന്നതായും ഐതിഹ്യം പറയുന്നു.

 

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 2.30 മുതൽ ആരംഭിക്കും. ഭവനത്തിൽ കണികാണുന്നതിനു പ്രത്യേക മുഹൂർത്തങ്ങളുണ്ടെങ്കിലും ക്ഷേത്രത്തിൽ കണികാണുന്നതിനു പ്രത്യേകം സമയം നോക്കേണ്ടതില്ല. പുലർച്ചെ മേൽശാന്തി  ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. പിന്നീട് ഭക്തർക്ക് കണി ദർശനം നടത്താം. ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തിലാണ് വിഷുക്കണി ഒരുക്കുക. രാത്രി വിഷുവിളക്ക് തെളിയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com