തിരുത ആൾ ഇന്റർനാഷനലാണ്; ഇറ്റലിയിലെ ബൊട്ടാർഗ മുതൽ ജപ്പാനിലെ കരാസുമി വരെ
Mail This Article
കേരളത്തിൽ തിരുത എന്നറിയപ്പെടുന്ന മത്സ്യം ഫ്ലാറ്റ്ഹെഡ് ഗ്രേ മുള്ളറ്റ്, സ്ട്രൈപ്പ്ഡ് മുള്ളറ്റ് എന്നീ പേരുകളിലാണു വിദേശങ്ങളിൽ അറിയപ്പെടുന്നത്.ഏഴു കിലോയോളം ഭാരം വയ്ക്കുന്ന തിരുത ഓരുജലത്തിലും ശുദ്ധജലത്തിലും കടൽജലത്തിലും വളരും. കടലിൽ നിന്നു നദികളിലും അരുവികളിലും ഇവയെത്തുകയും ചെയ്യും.
മത്സ്യക്കർഷകർക്ക് ഏറെ പ്രിയമുള്ള തിരുത ലോകത്തിലെ പലഭാഗങ്ങളിലും വളർത്താറുണ്ട്. 2012ൽ ലോകമെമ്പാടും 130000 ടൺ തിരുത പിടിച്ചെന്നാണു കണക്ക്.
ലോകമെമ്പാടും തിരുതയുടെ മാംസം, മുട്ടസഞ്ചി എന്നിവയുപയോഗിച്ച് നിരവധി ഭക്ഷ്യവിഭവങ്ങളുണ്ടാക്കാറുണ്ട്.
ഇതിൽ വളരെ പ്രശസ്തമാണ് ബൊട്ടാർഗ. ബൊട്ടാർഗ എന്നത് ഇറ്റാലിയൻ വാക്കാണെങ്കിലും യൂറോപ്പിലും ഏഷ്യയിലും വടക്കൻ ആഫ്രിക്കയിലെ പലയിടങ്ങളിലും ഈ വിഭവം ഉണ്ടാക്കാറുണ്ട്.
ഗ്രീസിൽ ഇത് അവ്ഗൊടരാഹോ എന്നും ഫ്രാൻസിൽ ഇത് പൗട്രേജെന്നും അറിയപ്പെടുന്നു. ക്രൊയേഷ്യയിൽ ബുട്ടാർഗ എന്നറിയപ്പെടുന്നു.
തിരുതയുടെ മുട്ടസഞ്ചി ഉണക്കി ഉപ്പിലുണക്കി ഒരു കട്ടയായി മാറ്റും. കേടാകുന്നതിൽ നിന്നു സംരക്ഷിക്കാനായി തേനീച്ച മെഴുകും ഇതിൽ പുരട്ടും.ഇങ്ങനവെയാണു ബൊട്ടാർഗ തയാർ ചെയ്യുന്നത്.
ഹൽവയെ അനുസ്മരിപ്പിക്കുന്ന ഈ വിഭവം പച്ചക്കറികൾക്കൊപ്പം, അൽപം സോയ സോസും അല്ലെങ്കിൽ നാരങ്ങനീരും പുരട്ടിയാണ് ആളുകൾ കഴിക്കുന്നത്.
ആദിമകാലത്ത് ഫിനീഷ്യരാണ് ഈ വിഭവം തയാർ ചെയ്തതെന്നു കരുതുന്നു. പിന്നീട് ഇത് ഈജിപ്തിലെത്തി. ഈജിപ്തിൽ ഇതു ബുറ്റാർഖ എന്നറിയപ്പെട്ടു. ഈ വാക്കാണു പിന്നീട് ഇറ്റലിയിലെത്തിയപ്പോൾ ബൊട്ടാർഗയായി മാറിയത്.
ഈജിപ്തിൽ ബിസി പത്താം നൂറ്റാണ്ടു മുതൽ തന്നെ ബൊട്ടാർഗ തയാർ ചെയ്യപ്പെടുന്നുവെന്നു കരുതുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായവയിൽ ഒന്നും 1474ൽ എഴുതപ്പെട്ടതുമായ ഹോണെസ്റ്റ വോളുപ്റ്റ എന്ന പാചകപുസ്തകത്തിലും ഈ വിഭവത്തിന്റെ വിവരണമുണ്ട്.
ഇതുമായി സാമ്യമുള്ള ഏഷ്യൻ വിഭവങ്ങളാണു ജപ്പാനിലെ കരാസുമിയും തയ്വാനിലെ വുയുറ്റ്സുവും. ജപ്പാന്റെ മൂന്ന് അപൂർവ രുചികളിൽ(ചിൻമി) ഒന്നായിട്ടാണു കരാസുമി പരിഗണിക്കപ്പെടുന്നത്.
ജപ്പാനിലെ നാഗസാക്കി മേഖലയിലായിരുന്നു കരാസുമി പ്രധാനമായും തയാർ ചെയ്യപ്പെട്ടിരുന്നത്. ഇന്ന് രാജ്യത്തെ പല റസ്റ്ററന്റുകളിലും ഈ വിഭവം ലഭ്യമാണ്.
തയ്‌വാൻ ഡച്ച് ഭരണത്തിനു കീഴിൽ ഇരുന്നപ്പോഴാണു തിരുതയുമായി ബന്ധപ്പെട്ടുള്ള മത്സ്യബന്ധനം അവിടെ തകൃതിയായത്. തയ്‌വാനിലെ ഡോങ്‌ഗാങ് നഗരത്തിലാണു വുയുറ്റ്സു പ്രധാനമായും ഉണ്ടാക്കുന്നത്.
കൊറിയയിലെ ഇയോറാൻ, തുർക്കിയിലെ ഹവിയാർ, ഈജിപ്തിലെ ബാറ്റരേഖ് എന്നിവയെല്ലാം സമാനരീതിയിലുള്ള വിഭവങ്ങളാണ്.ഈജിപ്തില് തിരുത മത്സ്യത്തെ ഉണക്കി, ഉപ്പിലിട്ട് ഫെസിക് എന്ന അച്ചാറുമുണ്ടാക്കും.
ഷാം എൽ നസീം എന്നു പേരുള്ള ഈജിപ്ഷ്യൻ ദേശീയോത്സവ കാലത്ത് ഫെസിക്കിന് നല്ല പിടിയാണ്. യുഎസിൽ വടക്കുപടിഞ്ഞാറൻ ഫ്ലോറിഡ, അലബാമ എന്നിവിടങ്ങളിലും തിരുത മത്സ്യങ്ങൾ വ്യാപകമായി ഭക്ഷിക്കപ്പെടുന്നു.
English Summary : Grey Mullet fish information