ഷാൻ വധക്കേസിലെ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നു പ്രതിഭാഗം
Mail This Article
ആലപ്പുഴ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വധക്കേസിലെ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് തങ്ങൾക്കു നൽകണമെന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ എതിർക്കാതിരുന്നതോടെ ദൃശ്യങ്ങൾ നൽകാൻ അഡിഷനൽ സെഷൻസ് കോടതി (3) നിർദേശിച്ചു. 2021 ഡിസംബർ 18നു രാത്രി എട്ടോടെ മണ്ണഞ്ചേരി കുപ്പേഴം ജംക്‌ഷനിൽ വച്ചാണു ഷാൻ കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന ഷാനിനെ പിന്നിൽനിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ഷാൻ പതിനൊന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
കാറിലെത്തിയ അഞ്ചംഗ സംഘം ഷാനിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തു നിർമാണം നടക്കുകയായിരുന്ന വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇവ കേസിലെ നിർണായക തെളിവായി മാറി. ഈ ദൃശ്യങ്ങളുടെ പകർപ്പിനായി പ്രതിഭാഗം നേരത്തെ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അന്വേഷണസംഘം എതിർത്തതിനാൽ കോടതി അനുവദിച്ചില്ല. ഇന്നലെ പ്രതിഭാഗം അഭിഭാഷകൻ വീണ്ടും ആവശ്യം ഉന്നയിച്ചപ്പോൾ, ദൃശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു സ്പെഷൽ പ്രോസിക്യൂട്ടർ അറിയിച്ചു.
കുറ്റപത്രം മടക്കണമെന്ന ഹർജിയിൽ വാദം തുടരും
ഷാൻ വധക്കേസിൽ കുറ്റപത്രം മടക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗത്തിന്റെ വാദം 5ന് നടക്കും. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ.വി.ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിക്കേണ്ടതു ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) ആണെന്നും സി ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് ഹർജിയിലെ വാദം. എന്നാൽ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തുന്ന ഏത് ഉദ്യോഗസ്ഥനും അന്വേഷണം നടത്തി കുറ്റപത്രം നടത്താനുള്ള അധികാരമുണ്ടെന്നു സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി.പി.ഹാരിസ് ചൂണ്ടിക്കാട്ടി.