ആലപ്പുഴ ജില്ലയിൽ നിന്ന് അപ്രത്യക്ഷമായ മീൻകൂമനെ വീണ്ടും കണ്ടെത്തി

Mail This Article
ആലപ്പുഴ ∙ കാടുകൾ കുറഞ്ഞതോടെ ജില്ലയിൽ നിന്ന് അപ്രത്യക്ഷമായെന്നു കരുതിയ മീൻകൂമനെ (ബ്രൗൺ ഫിഷ് ഔൾ) ജില്ലയിൽ നിന്നു വീണ്ടും കണ്ടെത്തി. ചേർത്തല തൈക്കാട്ടുശേരിയിൽ നിന്നാണു മീൻകൂമന്റെ ചിത്രങ്ങൾ പക്ഷി നീരീക്ഷകർക്കു ലഭിച്ചത്. മൂങ്ങ വിഭാഗത്തിൽപെട്ട വലിയ പക്ഷികളാണു മീൻകൂമൻ.
നിലവിൽ ജില്ലയിൽ കാണപ്പെടുന്ന ഏറ്റവും വലിയ മൂങ്ങയായ ‘കാലൻ കോഴി’യെക്കാൾ വലുപ്പമുള്ള ഇവയ്ക്കു പൂച്ചയുടേതുപോലെ തോന്നുന്ന മുഖമാണ്. തലയിൽ ചെവികൾപോലെയുള്ള തൂവൽക്കൂട്ടങ്ങളൂണ്ട്. കണ്ണുകൾ മഞ്ഞനിറത്തിലാണ്. കാലുകൾ നഗ്നമാണ്. പുറം തവിട്ടു നിറമാണെങ്കിലും വീതിയുള്ള കറുപ്പുവരകൾ ഉള്ളതിനാൽ നിറം തവിട്ടും കറുപ്പും കലർന്നതുപോലെ തോന്നും. ഊമൻ എന്ന പേരിലാണു സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇവ അറിയപ്പെടുന്നത്
വർഷങ്ങൾക്കു മുൻപു ജില്ലയുടെ പല ഭാഗങ്ങളിലും ഉണ്ടായിരുന്ന മീൻകൂമൻ പിന്നീട് അത്യപൂർവമായി. പരുന്തിനോളം വലുപ്പമുള്ള, മീൻ പിടിക്കുന്ന മൂങ്ങകളെ പഴമക്കാർക്കു പലർക്കും പരിചിതമാണ്. പൊതുവേ വനങ്ങളോടു ചേർന്നിട്ടുള്ള ജലാശയങ്ങളുടെ സമീപത്താണ് ഇവയെ കൂടുതലായി കാണാറുള്ളത്. എന്നാൽ വനങ്ങൾ ഇല്ലാത്ത ജില്ലയിൽ ജനസാന്ദ്രത കൂടിയതോടെ ഇവയുടെ ആവാസ വ്യവസ്ഥയും ഇല്ലാതായി. പാതിരാമണൽ ദ്വീപിലും മാവേലിക്കര ഭാഗത്തുമാണ് ഇവയെ അവസാനമായി കണ്ടിരുന്നത്. എന്നാൽ വ്യക്തമായ ചിത്രങ്ങൾ കിട്ടിയിരുന്നില്ല.
പൊലീസ് ഉദ്യോഗസ്ഥനും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുമായ രതീഷ് രാജൻ, പി.സി.വിപിൻ, അൻവിൻ എന്നിവരുടെ സംഘമാണു കഴിഞ്ഞ ദിവസം മീൻകൂമന്റെ ചിത്രങ്ങൾ പകർത്തിയത്. ജില്ലയിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ ‘ബേഡേഴ്സ് എഴുപുന്ന’യുടെ പ്രവർത്തകനായ രതീഷ് രണ്ടുവർഷം മുൻപ് ഇതേ പ്രദേശത്തു പക്ഷിയെ കണ്ടിരുന്നെങ്കിലും അന്നു ചിത്രം പകർത്താൻ സാധിച്ചില്ല.