പാലങ്ങൾ സന്ദർശിച്ചതിനെതിരെയും സൈബർ ആക്രമണം: പിന്നിൽ സാമൂഹികവിരുദ്ധരെന്ന് സുധാകരൻ

Mail This Article
ആലപ്പുഴ∙ താൻ മരാമത്ത് മന്ത്രിയായിരുന്നപ്പോൾ കൊടുത്ത ഡിസൈൻ പോലെയാണോ പാലങ്ങൾ പണിതതെന്നു നോക്കാൻ വരുമ്പോൾ അതിനെതിരെയും സൈബർ ഇടങ്ങളിൽ വൃത്തികേടുകൾ പറയുന്നവർ സാമൂഹികവിരുദ്ധരാണെന്ന് ജി.സുധാകരൻ. കെപിസിസി പരിപാടിയിൽ പങ്കെടുത്തതിനു സൈബർ ആക്രമണം നേരിട്ടതിനു പിന്നാലെ, നഗരത്തിൽ പണി പൂർത്തിയായ നാൽപ്പാലം കാണാൻ പോയതിനെതിരെയും സമൂഹമാധ്യമങ്ങളിൽ ആക്രമണം നടക്കുന്നുണ്ടെന്നറിഞ്ഞപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.
‘‘പാലങ്ങൾ കാണാൻ പോകാൻ പാർട്ടിയുടെ അനുമതിയെന്തിനാണ്? ആരോടാണു വിളിച്ചു ചോദിക്കേണ്ടത്? ഇതു ജനാധിപത്യമല്ലേ? മനോഹരമായ പാലം കാണാൻ എത്രയോ പേർ വരുന്നു. അക്കൂട്ടത്തിൽ ഞാനും വന്നു. അതിനെതിരെ ഒരു കൂട്ടർ സൈബർ ചർച്ച നടത്തുന്നു. ചെയ്യട്ടെ. പാലം ഉദ്ഘാടനം ചെയ്യാനല്ലല്ലോ ഞാൻ വന്നത്’’– സുധാകരൻ ചോദിച്ചു.ഞാൻ തഴയപ്പെടുന്നോ എന്നതൊന്നുമല്ല വിഷയം. അനാവശ്യങ്ങളും വൃത്തികേടുകളും പറയുന്ന ഒരു ചെറിയ സംഘമുണ്ട്. അതിനു പിന്നിൽ ആരെങ്കിലുമുണ്ടാകും. ഞാനതു നോക്കാറില്ല. വായിക്കാറുമില്ല.
മുൻപ് മരാമത്ത് വകുപ്പിൽ നാലഞ്ചു ഡിസൈനർമാരേ ഉണ്ടായിരുന്നുള്ളൂ. സർക്കാർ കെട്ടിടങ്ങളുടെ നിർമാണം വൈകാൻ കാരണം അതായിരുന്നു. ഞങ്ങൾ 200 ഡിസൈനർമാരെയും 4,000 എൻജിനീയർമാരെയും നിയമിച്ചു. എന്നിട്ടാണ് 500 പാലങ്ങൾ തുടങ്ങിയത്. അതിൽ 150 പാലങ്ങൾ ഒന്നാം പിണറായി സർക്കാർ തുറന്നു. ഈ സർക്കാർ 100 പാലങ്ങൾ തുറന്നു. ഇനി 50 പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യാം. അടുത്ത സർക്കാരിനു ബാക്കി പാലങ്ങളും തുറക്കാം – സുധാകരൻ പറഞ്ഞു.
ജില്ലയിൽ നിർമാണം പൂർത്തിയാകുന്ന പാലങ്ങൾ കാണണമെന്നു തോന്നിയിട്ടു കുറെക്കാലമായി. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളിൽ 5 പാലങ്ങൾ പൂർത്തിയായി. മൂന്നുനാലു മാസത്തിനകം തുറന്നുകൊടുക്കാം. 100 കോടി മുടക്കിയ പെരുമ്പളം പാലം പൂർത്തിയായി. ഏറ്റവും കമനീയം ആലപ്പുഴയിലെ മുപ്പാലം നാൽപ്പാലം ആക്കിയതാണ്. 20 കോടി രൂപ ചെലവഴിച്ച പാലത്തിന്റെ 70 % 2021ൽ തന്നെ തീർന്നു. ഈ 4 വർഷം കൊണ്ടാണ് 30% തീർത്തതെന്നും സുധാകരൻ പറഞ്ഞു.