വീട്ടുവളപ്പിലെ കുളത്തിൽ വീണ് അപകടം; നാടിന് നൊമ്പരമായി മൂന്നുവയസ്സുകാരന് ഡെയ്നിന്റെ വിയോഗം

Mail This Article
ചേർത്തല ∙ ഡെയ്നിന്റെ വിയോഗത്തിൽ വിതുമ്പി നാട്. അമ്മ ദീപ്തിയുടെ പള്ളിപ്പുറത്തെ വീട്ടിൽ മീൻ വളർത്തുന്നതിനായി വർഷങ്ങൾക്ക് മുൻപ് കുഴിച്ച കുളത്തിൽ വീണ് ഇന്നലെ ഉച്ചയോടെയാണ് ഡെയ്‌ൻ മരിച്ചത്. ദീപ്തി കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനാൽ രണ്ടു മക്കളിൽ ഇളയ കുട്ടിയായ ഡെയ്നിനെ പലപ്പോഴും സ്വന്തം വീട്ടിലാണ് നിർത്തിയിരുന്നത്. വീടിന്റെ തെക്കു ഭാഗത്തായി വർഷങ്ങൾക്ക് മുൻപാണ് മീൻക്കൃഷിക്കായി കുളം ഒരുക്കിയത്.
അടുത്ത കാലത്തു മണ്ണ് എടുത്തതോടെ കുളത്തിന് ആഴം കൂടി. മീൻകൃഷി ഇല്ലാത്തതോടെ പായൽമൂടിയ കുളം ഉപയോഗശൂന്യമായി മാറി. ചുറ്റും പുല്ലും ചെറിയ മരങ്ങളും നിൽക്കുന്നതിനാൽ ഈ പ്രദേശത്തേക്ക് ആരും പോകാറുമില്ല. മുറ്റത്തിറങ്ങുന്ന കുട്ടി വീടിനു ചുറ്റുമാണ് പതിവായി കളിച്ചിരുന്നത്. എന്നാൽ മരങ്ങൾ നിൽക്കുന്ന ഭാഗത്തേക്കു കുട്ടി പോയത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടതുമില്ല. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
വീട്ടുവളപ്പിലെ കുളത്തിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
ചേർത്തല ∙ വീട്ടുവളപ്പിൽ മീൻ വളർത്തുന്നതിനായി കുഴിച്ച കുളത്തിൽ വീണു മൂന്നുവയസ്സുകാരനു ദാരുണാന്ത്യം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14–ാം വാർഡ് കളത്തിൽ ജയ്‌സിന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ ആണു മരിച്ചത്. ദീപ്തിയുടെ പള്ളിപ്പുറത്തെ തിരുനെല്ലൂർ പടിഞ്ഞാറെ കരിയിൽ വീട്ടിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു തെക്കുഭാഗത്ത് വർഷങ്ങൾക്ക് മുൻപ് മീൻ വളർത്തുന്നതിനായി കുഴിച്ച കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.
കുളത്തിൽ പായൽ നിറഞ്ഞനിലയിലായിരുന്നു. വീട്ടുകാർ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദീപ്തി കൊച്ചിയിൽ ജോലിക്കു പോകുന്നതിനാൽ കുറച്ചു ദിവസമായി പള്ളിപ്പുറത്തെ വീട്ടിലാണു താമസം. അപകടസമയത്ത് ദീപ്തിയുടെ മാതാപിതാക്കളായ ജോസും വത്സലയുമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മാരാരിക്കുളം സെന്റ് അഗസ്റ്റിൻ പള്ളിയിൽ സംസ്കാരം നടത്തും. സഹോദരൻ. ഡിയോൺ.