സർക്കുലർ റെയിൽവേ ഇടനാഴി വിമാനത്താവള യാത്ര എളുപ്പം ദേവനഹള്ളി: 1000 ഏക്കറിൽ വിസ്മയ ടെർമിനൽ

Mail This Article
ബെംഗളൂരു∙ നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന 287 കിലോമീറ്റർ സർക്കുലർ റെയിൽവേ ഇടനാഴിയുടെ ഭാഗമായി ദേവനഹള്ളിയിൽ പുതിയ ടെർമിനൽ നിർമിക്കും. 16 പ്ലാറ്റ്ഫോമുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള സ്റ്റേഷൻ വെങ്കടഗിരി ഹാൾട്ട് സ്റ്റേഷനു സമീപം 1000 ഏക്കറിലാണ് ഉയരുക. സ്റ്റേഷനു സമീപമുള്ള ബുള്ളഹള്ളി, കെജി ഗുരുരായണഹൊസൂരു ഗ്രാമങ്ങളിലാണു ഭൂമി ഏറ്റെടുക്കുക. ബെംഗളൂരു–ഹൈദരാബാദ് ദേശീയപാതയ്ക്കു സമീപമാണിത്.
സാറ്റ്‌ലൈറ്റ് ടൗൺ റിങ് റോഡിനോട് 7 കിലോമീറ്ററും ബെംഗളൂരു വിമാനത്താവളത്തോട് 15 കിലോമീറ്ററും അടുത്താണെന്നതും ഗുണകരമാണ്. പദ്ധതിയുടെ സാധ്യതാ പഠനം പുരോഗമിക്കുകയാണ്. ദൊഡ്ഡബല്ലാപുര, ചിക്കബെല്ലാപുര, ഗൗരിബിദന്നൂർ, ഹൊസ്കോട്ടെ, ബംഗാർപേട്ട്, തുമക്കൂരു, ദേവനഹള്ളി, മാലൂർ, ഹീലലിഗെ, സോലൂർ, നിദവന്ദ എന്നിവയെ തലസ്ഥാന നഗരവുമായി ബന്ധിപ്പിക്കുന്നതാണു സർക്കുലർ ഇടനാഴി. 148 കിലോമീറ്റർ സബേർബൻ പാതയ്ക്കു പുറമേയാണു സർക്കുലർ റെയിൽവേ ഇടനാഴി കൂടി വരുന്നത്.
വിമാനത്താവള യാത്രാദുരിതം കുറയും
മജസ്റ്റിക് യശ്വന്ത്പുര സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ ഉപകരിക്കുന്ന പദ്ധതിയാണിത്. നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഏറ്റവും വലിയ സ്റ്റേഷനായി ദേവനഹള്ളി മാറും. നിലവിലെ തിരക്കേറിയ സ്റ്റേഷനായ മജസ്റ്റിക്കിൽ 107 ഏക്കറുകളിലായി 10 പ്ലാറ്റ്ഫോമുകൾ മാത്രമാണുള്ളത്. നഗരത്തിൽ നിന്നു വിമാനത്താവളത്തിലേക്കുള്ള യാത്രാദുരിതം പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണു ടെർമിനൽ നിർമിക്കുക.
പ്രതീക്ഷയായി സ്റ്റേഷൻ വികസനവും
നിലവിൽ യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളുടെ നവീകരണം നടക്കുകയാണ്. ഒപ്പം മജസ്റ്റിക് സ്റ്റേഷനിൽ വൻ അഴിച്ചുപണിക്കായി കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. ഹെജ്ജാല, മൈസൂരു റോഡ് എന്നിവിടങ്ങളിലും സമാനമായ ടെർമിനലുകൾ നിർമിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.