മംഗളവനം മുതൽ ദർബാർ ഹാൾ വരെ സൈലന്റ് സോണാക്കും

Mail This Article
കൊച്ചി ∙ പരിസ്ഥിതി ലോല പ്രദേശമായ മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള ഭാഗം സൈലന്റ് സോണായി പ്രഖ്യാപിക്കും.മോട്ടർ വാഹന വകുപ്പ്, പൊലീസ്, മരാമത്ത് വകുപ്പ്, കോർപറേഷൻ, കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) എന്നിവരുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുകയെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.കൊച്ചിയെ സമ്പൂർണ റോഡ് നിയമ സാക്ഷര നഗരമാക്കാൻ ലക്ഷ്യമിട്ടു കോർപറേഷൻ നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി 6 മാസത്തെ ബോധവൽക്കരണ പരിപാടിയായാണു പദ്ധതി നടപ്പാക്കുക.
സംസ്ഥാന മോട്ടർ വാഹന വകുപ്പിന്റെ സഹകരണത്തോടെയും എസ്‌സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷന്റെ സാങ്കേതിക സഹായത്തോടെയുമാണു പദ്ധതി നടപ്പാക്കുന്നത്. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അനൂപ് വർക്കി, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ടി.എം. ജെർസൻ, എസ്‌സിഎംഎസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രൂപ്പ് ഡയറക്ടർ ഡോ. സി.ജെ. പ്രവീൺസാൽ, ഡപ്യൂട്ടി ഡയറക്ടർ പ്രദീക് നായർ തുടങ്ങിയവർ പ്രഭാഷണം നടത്തി.
കോർപറേഷൻ സ്ഥിരസമിതി ചെയർമാൻ പി.ആർ. റെനീഷ് അധ്യക്ഷത വഹിച്ചു. എസ്‌സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡയറക്ടർ ജി. ആദർശ് കുമാർ, സ്ഥിര സമിതി അധ്യക്ഷരായ ഷീബ ലാൽ, പ്രിയ പ്രശാന്ത്, കൗൺസിലർ പത്മജ എസ്. മേനോൻ, കോർപറേഷൻ സെക്രട്ടറി പി.എസ്. ഷിബു, സി ഹെഡ് ഡയറക്ടർ ഡോ. രാജൻ, എൻവയൺമെന്റ് എൻജിനീയർ അശ്വതി മുരളി എന്നിവർ പ്രസംഗിച്ചു.