ADVERTISEMENT

കൊച്ചി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനായി (സിയാൽ) സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപീകരിച്ച രണ്ടാം ഘട്ട പുനരധിവാസ പാക്കേജിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ആദ്യ ഘട്ട പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാം ഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി പി.രാജീവ് മുൻകൈയെടുത്താണ് രണ്ടാം ഘട്ട പാക്കേജിന് രൂപം നൽകിയത്.

വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റു അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്‌സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്‌സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെ വിവിധ തട്ടുകളിലായാണ് പുനരധിവാസ പാക്കേജ് നടപ്പിലാക്കിയിരുന്നത്. ഇങ്ങനെ നടപ്പിലാക്കിയപ്പോൾ, നിരവധി പേർക്ക് കുറഞ്ഞ വേതനമുള്ള കരാർ ജോലികളാണ് ലഭിച്ചത്. ഇവർക്കായി പാക്കേജിൽ മാറ്റം വരുത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ പരിഗണിച്ചത്.

സിയാലിൽ വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രി പി.രാജീവ്, രണ്ടാംഘട്ട പുനരധിവാസ പാക്കേജിനെക്കുറിച്ച് വിശദീകരിക്കുന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.ജയരാജൻ എന്നിവർ സമീപം.
സിയാലിൽ വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രി പി.രാജീവ്, രണ്ടാംഘട്ട പുനരധിവാസ പാക്കേജിനെക്കുറിച്ച് വിശദീകരിക്കുന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.ജയരാജൻ എന്നിവർ സമീപം.

ഇതിന്റെ ആദ്യ ഭാഗമായി, എയർ ഇന്ത്യയിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിൽ കുറഞ്ഞ വേതനത്തിന് കരാർ ജോലി ചെയ്തിരുന്ന 20 പേർക്ക് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് എയർ കാർഗോ കയറ്റിയിറക്ക് തൊഴിലാളി കോ–ഓപ്പറേറ്റീവ്  സൊസൈറ്റിയിൽ അംഗത്വം നൽകും. ഈ രംഗത്തെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ഭരണ സംവിധാനത്തിന്റെ സഹായവും ഉറപ്പുവരുത്താനായി സിയാലിന്റെ മേൽനോട്ടത്തിൽ രണ്ടു വർഷം മുൻപ് രൂപീകരിച്ച സൊസൈറ്റിയിൽ നിലവിൽ 120 അംഗങ്ങളുണ്ട്.

എയർ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴിൽ മേഖലയിലും പ്രവർത്തിച്ചിരുന്നവരും ശാരീരിക അവശതകളാൽ ഈ തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും ഈ വിഭാഗത്തിൽപ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും സിയാലിന്റെ പ്രീ പെയ്ഡ് ടാക്‌സി സൊസൈറ്റിയിൽ പെർമിറ്റ് നൽകാനും തീരുമാനമായി. 25 പേർക്ക് അവസരം ലഭിക്കും. നിലവിൽ 650 പേർക്ക് ടാക്‌സി പെർമിറ്റുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ പേർക്ക് അവസരം ലഭ്യമാക്കും.

രണ്ടാം ഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ വിളിച്ചുചേർക്കുകയും മന്ത്രി പി.രാജീവ് ഡയറക്ടർ ബോർഡിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയും ചെയ്തു. രണ്ടര ദശാബ്ദമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിന് സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.ജയരാജൻ എന്നിവർ പങ്കെടുത്തു.

English Summary:

CIAL's second phase rehabilitation package provides further assistance to those displaced during airport expansion. This initiative includes job opportunities, taxi permits, and cooperative memberships, addressing longstanding concerns from the first phase.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com