ജിസിഡിഎ ബജറ്റ് ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിൽ ആധുനിക ടൗൺഷിപ്

Mail This Article
കൊച്ചി ∙ ഇൻഫോപാർക്ക് 3–ാം ഘട്ട വികസനത്തിനു മുൻഗണനയും കായിക, ടൂറിസം മേഖലകൾക്കു പ്രാധാന്യവും നൽകി വിശാല കൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)യുടെ ബജറ്റ്. 259.41 കോടി രൂപ വരവും 218.88 കോടി രൂപ ചെലവും 40.53 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള അവതരിപ്പിച്ചു.ജിസിഡിഎയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഇൻഫോപാർക്കിനു സമീപം ലാൻഡ് പൂളിങ്ങിലൂടെ ഏറ്റെടുക്കുന്ന 300 ഏക്കറിൽ പ്രാഥമിക ഘട്ടത്തിന് 1.5 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. ഇൻഫോപാർക്കിനോടു ചേർന്നുള്ള 300 ഏക്കർ സ്ഥലത്താണ് ഇൻഫോപാർക്കിന്റെ 3–ാം ഘട്ട വികസന പദ്ധതികൾ നടപ്പാക്കുന്നത്.
100 ഏക്കർ സ്ഥലത്ത് മാത്രമായിരിക്കും ഐടി സ്പേസ് ഉണ്ടാവുക. ബാക്കിയുള്ള 200 ഏക്കർ സ്ഥലത്ത് പാർപ്പിടം, വാണിജ്യം, ആശുപത്രി, ഹോട്ടൽ, വിനോദ കേന്ദ്രങ്ങൾ, കായിക സൗര്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള ടൗൺഷിപ്പാണ് ആസൂത്രണം ചെയ്യുന്നത് എന്ന് ചെയർമാൻ പറഞ്ഞു.
കീഴ്മാട് പഞ്ചായത്തിൽ മൾട്ടിപർപ്പസ് ഗ്രൗണ്ട് പണിയാൻ 3 കോടി കായിക വകുപ്പ് മുഖേന കണ്ടെത്തും. ഭക്ഷണശാലകൾ, കഫേ മുതലായവ ഉൾക്കൊള്ളിച്ചു വിവിധതരം ടൂറിസം സർകീട്ടുകൾ ബജറ്റിൽ ഉൾപ്പെടുത്തി. തൃപ്പൂണിത്തുറ, ചെല്ലാനം ബസ് ടെർമിനലുകൾക്കു ബജറ്റിൽ പ്രത്യേക പരിഗണനയുണ്ട്.
4 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പള്ളുരുത്തിയിൽ എം.കെ. അർജുനൻ സ്മാരക കേന്ദ്രം, 4 കോടി രൂപ വിനിയോഗിച്ച് പാലാരിവട്ടം ഫ്ലൈ ഓവർ സൗന്ദര്യവൽക്കരണം, 4 കോടി രൂപ വിനിയോഗിച്ച് വൈറ്റില ഫ്ലൈ ഓവർ സൗന്ദര്യവൽക്കരണം തുടങ്ങിയവയ്ക്കും ബജറ്റിൽ പരിഗണന നൽകി.
നവീകരിച്ച കലൂർ മാർക്കറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തുറന്നു കൊടുക്കുമെന്നും ചെയർമാൻ പറഞ്ഞു. മാർക്കറ്റിലെ കടമുറി നൽകുന്നതിൽ സ്ത്രീകൾക്കും ഭിന്നശേഷി ഉള്ളവർക്കും എസ്‌സി എസ്ടി വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകും. അംബേദ്കർ സ്റ്റേഡിയം 90 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണ്. ആദ്യ ഘട്ടത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയമാണു പണിയുന്നത്. 15,000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടാകും. 2–ാം ഘട്ടത്തിൽ ഒളിംപിക്സ് നിലവാരത്തിൽ മറ്റു കായിക ഇനങ്ങൾക്കുള്ള കളിക്കളം നിർമിക്കും.
ഹൈക്കോടതി ജംക്‌ഷനിൽ ബഹുനില വാണിജ്യ കെട്ടിട സമുച്ചയം പുനർനിർമാണം, വർക്കിങ് ജേണലിസ്റ്റ് കോളനി നവീകരണം, ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ, ടൂറിസം ഇൻഫർമേഷൻ സിസ്റ്റം പദ്ധതി, നൈറ്റ് ഷെൽറ്റർ, അർബൻ ഒയാസിസ്, ഡച്ച് സെമിത്തേരി നവീകരണം തുടങ്ങിയവയും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബജറ്റിലെ പ്രധാന പദ്ധതികൾ
∙ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംവാദങ്ങളും ഒരു വർഷം നീളുന്ന കായിക പരിപാടികൾ, സാംസ്കാരിക ഉത്സവങ്ങൾ, വിദഗ്ധ ഉച്ചകോടികൾ തുടങ്ങിയവയും നടത്താൻ – 50 ലക്ഷം രൂപ.
∙ വിശാല കൊച്ചി @ 2035 എന്ന പേരിൽ വിപുലമായ സെമിനാർ – 20 ലക്ഷം.
∙ ജിസിഡിഎ ചെയർമാൻസ് കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ – 20 ലക്ഷം.
∙ ജിസിഡിഎയുടെ കൈവശമുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ വിവാഹങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ – 10 ലക്ഷം രൂപ.
∙ വൈകുന്നേരങ്ങളിൽ വന്നിരിക്കാനും പൊതുസമ്മേളനം നടത്താനും പൊതു ഇടങ്ങൾ നിർമിക്കാൻ ജിസിഡിഎ പരിധിയിലുള്ള 9 നഗരസഭകൾക്കായി – 9 കോടി രൂപ.
∙ വികസന പരിപാടികളിൽ ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന പ്രചാരണത്തിനായി – 10 ലക്ഷം.
∙ എടത്തല പഞ്ചായത്തിൽ മിനി സ്പോർട്സ് ആക്ടിവിറ്റി ഏരിയ – 50 ലക്ഷം.
∙ പറവൂർ സ്പോർട്സ് ആക്ടിവിറ്റി സെന്റർ – 50 ലക്ഷം.
∙ കരിമുകൾ ഹാപ്പിനസ് പാർക്ക് – 25 ലക്ഷം.
∙ കാക്കനാടുള്ള സ്ഥലത്ത് കഫറ്റേരിയ, മരടിലുള്ള സ്ഥലത്ത് ഫുഡ് ഹബ്– 65 ലക്ഷം .
∙ ഫോർട്ട്കൊച്ചി – മട്ടാഞ്ചേരി പ്രദേശങ്ങളെ ഉൾപ്പെടുത്തി ഹെറിറ്റേജ് സർകീട്ട്, തൃപ്പൂണിത്തുറ പൈതൃക കേന്ദ്രങ്ങൾ, ഹിൽപാലസ്, ക്ഷേത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി തൃപ്പൂണിത്തുറ ഹെറിറ്റേജ് സർകീട്ട്, ആലുവ മണപ്പുറം പരുന്തു റാഞ്ചി ദ്വീപ് എന്നിവ ഉൾപ്പെടുത്തി ആലുവ ടൂറിസം പ്ലാൻ– 25 ലക്ഷം .
∙ മറൈൻ ഡ്രൈവ് ടൂറിസം പ്ലാനിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് – 10 ലക്ഷം രൂപ.
∙ ഫോർട്ട്കൊച്ചി വെളി ദോബിഘാന കമേഴ്സ്യൽ കോംപ്ലക്സ് ആദ്യ ഘട്ട നിർമാണത്തിനായി – 3.6 കോടി രൂപ.
∙ വരാപ്പുഴ മാർക്കറ്റ് നിർമാണം ഡിപിആർ തയാറാക്കാൻ – 10 ലക്ഷം രൂപ.
∙ ഷീ ഹോസ്റ്റൽ – 7.5 കോടി രൂപ
∙ കസ്തൂർബ നഗറിലെ ഫുഡ് സ്ട്രീറ്റ് ഫിനിഷിങ് ജോലികൾക്കായി – 25 ലക്ഷം രൂപ.
∙ കാക്കനാട് ഒലിമുകളിൽ ബഹുനില കെട്ടിടം – 10 ലക്ഷം.
∙ റെന്റൽ ഹൗസിങ് പദ്ധതിക്കായി – 7 കോടി.
∙ പനമ്പിള്ളി നഗറിൽ ഗോഡൗൺ നിർമിക്കാൻ – 1.5 കോടി.
∙ കായൽ സമര സ്മാരക ഹോസ്റ്റൽ നിർമിക്കാൻ – 1.5 കോടി .
∙ വനിത ഫിറ്റ്നസ് സെന്റർ – 2 കോടി.
∙ ഫോർട്ട്കൊച്ചി ധോബിഘാന നവീകരണം – 10 ലക്ഷം .
∙ കടവന്ത്ര കമേഴ്സ്യൽ – റസിഡൻഷ്യൽ കോംപ്ലക്സ് നവീകരണം – ഒരു കോടി .
∙ കരിമുകളിൽ മൾട്ടി പർപ്പസ് ഹാൾ – ഒരു കോടി.
∙ എടത്തല ഷോപ്പിങ് കമേഴ്സ്യൽ കോംപ്ലക്സ് – ഒരു കോടി.
∙ ഇടപ്പള്ളി രാഘവൻ പിള്ള മെമ്മോറിയൽ പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് – 2 ലക്ഷം.
∙ രാമേശ്വരം മുണ്ടംവേലി ലൈഫ് മിഷൻ പദ്ധതിക്ക് സമീപം ഷോപ്പിങ് കോംപ്ലക്സ് – 70 ലക്ഷം.
∙ ചങ്ങമ്പുഴ സമാധി നവീകരണം – 25 ലക്ഷം.
∙ 3 ഡി എൽഇഡി ഹോളോഗ്രാം പരസ്യം – ഒരു ലക്ഷം.
∙ കാക്കനാട് ഷോപ്പിങ് കോംപ്ലക്സ് – 5 കോടി.
∙ അംബേദ്കർ സ്റ്റേഡിയം പുനർനിർമാണം – ഒരു കോടി.
∙ ക്ലിന്റ് മെമ്മോറിയൽ ആർട് ഗാലറി – 60 ലക്ഷം.