അബദ്ധ വോട്ടിൽ ഞെട്ടി സിപിഎം; കൗൺസിലറായി രണ്ടാമൂഴത്തിൽ മുസ്ലിഹിന് മേയർ പദവി
Mail This Article
കണ്ണൂർ ∙ നീർച്ചാൽ ഡിവിഷൻ കൗൺസിലറായ മുസ്‌ലിഹ് മഠത്തിൽ കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതു രണ്ടാം തവണയാണ്. 2010ൽ മുബാറക് വാർഡിനെ പ്രതിനിധീകരിച്ചാണു ജയിച്ചത്.27 വർഷമായി ലീഗ് പ്രവർത്തകനായി രാഷ്ട്രീയ രംഗത്തു സജീവം. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, ട്രഷറർ, മുസ്‌ലിം ലീഗ് കണ്ണൂർ മേഖലാ ജനറൽ സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
സിറ്റി ദീനുൽ ഇസ്‌ലാം സഭ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തു വരുന്നു. നേരത്തേ ദീനുൽ ഇസ്‌ലാം സഭ ഓഫിസ് ജീവനക്കാരനായും പ്രവർത്തിച്ചു. 10 വർഷമായി നീർച്ചാൽ ലൈബ്രറി സെക്രട്ടറിയാണ്. സിറ്റി നീർച്ചാലിലെ പരേതരായ പരയങ്ങാട്ട് ഹസ്സൻ കുഞ്ഞിയുടെയും മഠത്തിൽ റൗളാബിയുടെയും മകനാണ്. ഭാര്യ പി.എൻ.പി.ഫാസിലയും മക്കളായ സെഹബ മെഹ്റിനും സഹീൻ അക്തറും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അബദ്ധ വോട്ടിൽ ഞെട്ടി സിപിഎം
കണ്ണൂർ ∙ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഞെട്ടിയത് സിപിഎം. എൽഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിന്റെ പെട്ടിയിൽ! കൊക്കേൻപാറ ഡിവിഷനിലെ കൗൺസിലർ എ.കുഞ്ഞമ്പുവിന്റെ വോട്ടാണ് ചോർന്നത്. മുസ്‌ലിഹിനെതിരെ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി എൻ.സുകന്യയുടെ നാമനിർദേശ പത്രിക തയാറാക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന കൗൺസിലറായിരുന്നു കുഞ്ഞമ്പു. 72 വയസ്സുള്ള കുഞ്ഞമ്പു, വോട്ട് മാറി ചെയ്തത് അബദ്ധത്തിലാണെന്നു സിപിഎം കൗൺസിലർമാർ പിന്നീട് വിശദീകരിച്ചു.
2015ൽ കോർപറേഷൻ ക്ഷേമകാര്യ സ്ഥിരസമിതിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അന്നത്തെ ലീഗ് കൗൺസിലർ സി.എറമുള്ളാന്റെ വോട്ട് അസാധുവായതു വലിയ വിവാദമായിരുന്നു. പിന്നീട് എറമുള്ളാൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ കോടതി അനുമതി നൽകി.