തലശ്ശേരി – ബാവലി സംസ്ഥാനാന്തര പാത: ബോയ്സ് ടൗണിൽ വഴി തടഞ്ഞ് പേര്യ ചുരം കർമസമിതി

Mail This Article
ബോയ്സ് ടൗൺ ∙തലശ്ശേരി – ബാവലി സംസ്ഥാനാന്തര പാതയിൽ ഗതാഗതം നിരോധിച്ചിട്ട് 83 ദിവസം കഴിഞ്ഞിട്ടും പണികൾ നടത്തി യാത്രാ സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് പേര്യ ചുരം കർമ സമിതി ബോയ്സ് ടൗണിൽ വഴി തടയൽ സമരം നടത്തി. രാവിലെ 9.30 ന് ആരംഭിച്ച സമരം 11 മണിക്ക് അവസാനിച്ചു. സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജു ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറയ്ക്കൽ, കർമ സമിതി കൺവീനർ ടി.പ്രേംജിത്ത്, വയനാട് ജില്ല പഞ്ചായത്തംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്തംഗം സൽമ മോയ്, പഞ്ചായത്തംഗം സ്വപ്ന പ്രിൻസ്, ആനി ബസന്റ്, ഷിജി ഷാജി, സുമത അച്ചപ്പൻ, ജോസ് കൈനിക്കുന്നേൽ പ്രസംഗിച്ചു.
സമരത്തെ തുടർന്ന് ഇപ്പോൾ കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏക പാതയായ കൊട്ടിയൂർ ബോയ്സ് ടൗൺ മാനന്തവാടി റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ ഒരു ഭാഗം ഒഴിവാക്കി സമരം ചെയ്യണമെന്ന പൊലീസിന്റെ നിർദേശത്തിന് എതിരെ നാട്ടുകാർ എതിർപ്പുമായി രംഗത്ത് വന്നു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം സമരക്കാർ ഒരു ഭാഗത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചതോടെ തർക്കം അവസാനിച്ചു.
അശാസ്ത്രീയമായി മണ്ണ് എടുത്ത് മാറ്റിയാണ് ഇപ്പോൾ ചുരത്തിലെ പണികൾ നടത്തുന്നതെന്നും റോഡ് പണിയുടെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും സമരക്കാർ ആരോപിച്ചു. വയനാട്ടിലെ പേര്യ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂർ ജില്ലയിലെ കോളയാട്, പേരാവൂർ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളും ഇരു ജില്ലയിലേക്കും ജോലിക്ക് പോകുന്നവരും കഴിഞ്ഞ മൂന്ന് മാസമായി കഷ്ടപ്പെടുകയാണ്. ഇനിയും പണികൾ വേഗം പൂർത്തീകരിച്ചില്ല എങ്കിൽ കടുത്ത സമരങ്ങൾ നടത്തുമെന്ന് കർമസമിതി പ്രഖ്യാപിച്ചു.