പാലത്തുംകടവ് ഗ്രാമം കാട്ടാന ഭീതിയിൽ; വാക്കുപാലിക്കാതെ വനംവകുപ്പ്

Mail This Article
ഇരിട്ടി ∙ സോളർവേലിയുടെ അറ്റകുറ്റപ്പണി നടത്താത്തതും പുതിയ വേലിയുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പാലത്തുംകടവ് ഗ്രാമത്തെ കാട്ടാനത്താവളമാക്കുന്നു. ഇന്നലെ പകൽ ബാരാപോൾ മേഖലയിൽ കർണാടക വനത്തിൽനിന്നെത്തിയ 7 ആനകൾ ആശങ്ക പരത്തി. കേരള അതിർത്തി മേഖലയിൽ പാലത്തുംകടവ്, മുടിക്കയം, കച്ചേരിക്കടവ് ഗ്രാമങ്ങൾ കാട്ടാനകളുടെ വിഹാരകേന്ദ്രമായി. പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയപ്പോൾ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും ഭാഗികമായി നടപ്പാക്കുകയും ചെയ്തു.
വളവുപാറ മുതൽ കച്ചേരിക്കടവ് മുടിക്കയം വരെ 3 കിലോമീറ്റർ ദൂരം സോളർ തൂക്കുവേലി നിർമിച്ചു ചാർജ് ചെയ്തു. മുടിക്കയം മുതൽ മടുക്കക്കുഴി ജോസിന്റെ വീട് വരെ 2 കിലോമീറ്റർ നിർമാണം നടത്തുന്നുണ്ട്. കർണാടക അതിർത്തിയിൽ അവശേഷിക്കുന്ന ബാരാപോൾ മുതൽ പൊട്ടിച്ചപ്പാറ വരെ 1.5 കിലോമീറ്റർ ദൂരം തൂക്കുവേലി നിർമിക്കാൻ പഞ്ചായത്ത് വിഹിതം 3 ലക്ഷം രൂപ അടച്ചെങ്കിലും ടെൻഡർ പോലും വിളിച്ചിട്ടില്ല.
പാലത്തുംകടവ് മുതൽ കരിക്കോട്ടക്കരി വരെ 5 കിലോമീറ്റർ നിലവിലുള്ള സോളർ തൂക്കുവേലി അറ്റകുറ്റപ്പണി നടത്തി ചാർജ് ചെയ്യുമെന്ന് 2024ൽ ഡിഎഫ്ഒ തന്നെ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. 2.5 കിലോമീറ്റർ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ബാക്കി ചെയ്തില്ല.കരിക്കോട്ടക്കരി മുതൽ പാറയ്ക്കാമല വരെ 2.5 കിലോമീറ്റർ കെൽ ഏറ്റെടുത്തതിൽ ആദ്യ 1.5 കിലോമീറ്റർ പൂർത്തിയാക്കി ചാർജ് ചെയ്തു. ബാക്കി 1 കിലോമീറ്ററിൽ നാട്ടുകാർ അടിക്കാട് തെളിച്ചു കൊടുത്തെങ്കിലും വനം വകുപ്പ് മരം മുറിച്ചു നീക്കാത്തതിനാൽ പ്രവൃത്തി തുടങ്ങിയിട്ടില്ല.
കശുവണ്ടി ശേഖരിക്കാൻ കഴിയാതെ കർഷകർ
പാലത്തുംകടവ്, ബാരാപോൾ മേഖലയിലാണ് ശല്യം കൂടുതൽ. അറ്റകുറ്റപ്പണി നടത്താത്ത സോളർ തൂക്കുവേലി മറികടന്നാണു കേരള വനത്തിൽ നിന്നു കാട്ടാനകൾ എത്തുന്നത്. ആനകളെ പേടിച്ച് കശുവണ്ടി ശേഖരിക്കാൻ കഴിയുന്നില്ല.കഴിഞ്ഞ ദിവസം പാലത്തുംകടവിലെ ബാബു നരിമറ്റം, പോളക്കൽ തമ്പി, മോഴയിൽ ഷൈബു, പുരയിടം ജയ്‌സൺ, ബിനോയി കുറ്റിയാനി, നിധീഷ് വേളേകാട്ടിൽ, ജോബി കല്ലൂപ്ര, ജോർജുകുട്ടി പല്ലാട്ട്, സിനു ഇല്ലിക്കക്കുന്നേൽ, ബിജു പല്ലാട്ടുകുന്നേൽ എന്നിവരുടെ കൃഷിയിടങ്ങളിൽ വ്യപകനാശം വരുത്തി.
മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച മറുപടിയും നടപ്പായില്ല
ഡിഎഫ്ഒ നൽകിയ വാഗ്ദാനവും പാലിക്കപ്പെടാത്തതിനാൽ പാലത്തുംകടവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോൺ പൂവത്താനിക്കൽ സോളർ വേലി നന്നാക്കാത്തതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഈ മാസം 7 ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു ലഭിച്ച മറുപടിയിൽ സോളർ വേലിയുടെ ബാക്കി വരുന്ന 2.5 കിലോമീറ്റർ ഒരാഴ്ചയ്ക്കുള്ളിൽ ചാർജ് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ നടപടിയില്ല.