പൊലീസിനെ ആക്രമിച്ച് കടക്കാൻ ശ്രമിച്ചു; കുപ്രസിദ്ധ ഗരുഡ സംഘാംഗത്തെ കാലിൽ വെടിവച്ചു കീഴ്പ്പെടുത്തി

Mail This Article
മംഗളൂരു ∙ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ പൊലീസിനെ ആക്രമിച്ച് കടക്കാൻ ശ്രമിച്ച കുറ്റവാളിയെ പൊലീസ് കാലിൽ വെടിവച്ചു കീഴ്പ്പെടുത്തി. ഉഡുപ്പിയിലെ കുപ്രസിദ്ധ ഗരുഡ സംഘത്തിലെ അംഗമായ ഐസക്കിനെയാണ് വെടിവച്ച് കീഴ്പ്പെടുത്തിയത്. വിവിധ ക്രിമിനൽ കേസുകളിൽപെട്ട് ഹാസൻ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന ഐസക്കിനെയും മറ്റ് രണ്ട് കുറ്റവാളികളെയും അറസ്റ്റ് ചെയ്ത് മണിപ്പാലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ഉഡുപ്പിയിലെ ഹിരിയഡ്ക്കയിൽ എത്തിയപ്പോൾ ഐസക്ക് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പൊലീസ് ജീപ്പ് നിർത്തുകയായിരുന്നു.
ശേഷം കയ്യിൽ വിലങ്ങിട്ടിരിക്കെത്തന്നെ പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ജീപ്പിൽ നിന്നിറങ്ങിയും ആക്രമണം തുടരുകയും പൊലീസ് ജീപ്പിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. മുന്നറിയിപ്പായി ആകാശത്തേക്ക് വെടിവച്ചിട്ടും ആക്രമണം തുടർന്നതോടെ മണിപ്പാൽ പൊലീസ് ഇൻസ്പെക്ടർ ദേവരാജ് ഐസക്കിന്റെ കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ പൊലീസുകാരെയും പ്രതിയെയും മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.