തെങ്ങിൻ തൈകളും ഔഷധച്ചെടികളും നിറഞ്ഞ ഒരേക്കർ; ആരെയും ആകർഷിക്കും ജ്യോതിലാലിന്റെ ഈ ജൈവകൃഷിത്തോട്ടം...

Mail This Article
കൊട്ടാരക്കര ∙ വീടിനു സമീപത്തെ ചെങ്കുത്തായ കുന്നിൻപ്രദേശം തട്ടുകളായി തിരിച്ചു നിർമിച്ച കരനെൽപ്പാടം. വശങ്ങളിൽ കുറ്റിമുല്ലയും ബന്ദിയും നൂറോളം നാരകങ്ങളും തെങ്ങിൻ തൈകളും മാവും പച്ചക്കറികളും ഔഷധച്ചെടികളും നിറഞ്ഞ ഒരേക്കർ. അങ്ങിങ്ങായി തേനീച്ച കൂടുകളും.യുവ കർഷകൻ എഴുകോൺ ചിറ്റാകോട് മഞ്ജുവിലാസത്തിൽ കെ.ജ്യോതിലാലിന്റെ ജൈവകൃഷിത്തോട്ടം ആരെയും ആകർഷിക്കും.വിളകൾക്ക് ജൈവവളം നൽകാൻ തോട്ടത്തിനു നടുവിൽ ചെറിയ തൊഴുത്ത്. കാസർകോട് കുള്ളൻ ഇനത്തിൽപ്പെട്ട പശുവിനെയും കുഞ്ഞിനെയും വളർത്തുന്നു. കൃഷിക്കായി ചാണകവും മൂത്രവും ലഭിക്കാനാണു പശു വളർത്തൽ. വരൾച്ചക്കാലത്ത് ജലക്ഷാമം ഉണ്ടാകാതിരിക്കാൻ വീട്ടു പരിസരത്ത് വലിയൊരു ജലസംഭരണിയും.
കൃഷിയെക്കാൾ കാർഷിക ഉൽപന്നങ്ങളുടെ വിൽപനയാണു ശ്രദ്ധേയം. റോഡരികിൽ ജ്യോതിലാലിന് 'കുഞ്ചുവിന്റെ കട' എന്ന പേരിൽ ചെറിയൊരു ഹോട്ടലുണ്ട്. ഹോട്ടലിലെ വിഭവങ്ങൾ മിക്കവയും സ്വന്തം തോട്ടത്തിലെ ഉൽപന്നങ്ങളാണ്. നാടൻ പച്ചക്കറി വിൽക്കാൻ ചെറിയൊരു കടയും ഉണ്ട്. ഹോട്ടലിൽ നാടൻ കുത്തരിച്ചോറ് നൽകാനാണു നെൽകൃഷി.500 മൂട് കുറ്റിമുല്ല നാടിന്റെ ആഘോഷങ്ങളുടെ ഭാഗമാണ്. കല്യാണത്തിനും മറ്റു ചടങ്ങുകൾക്കും മുല്ലപ്പൂ മാല ഇവിടെ നിന്നു വാങ്ങാം. എഴുകോൺ അസി.കൃഷി ഓഫിസർ ഷീജാ ഗോപാലിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സഹായങ്ങളുമായി സജീവമാണ്.
മനോഹരമായ ബന്ദി ചെടികളുടെ കൂട്ടം ജൈവമരുന്നാണ്. വിളകളിൽ കയറാതെ കീടങ്ങൾ ബന്ദികളുടെ സമീപത്തേക്കു പായും. പ്രവാസിയായ ജ്യോതിലാൽ 8 വർഷം മുൻപാണ് നാട്ടിൽ തിരികെ എത്തിയത്. 5 വർഷമായി കൃഷിയിൽ സജീവമാണ്.42 വയസ്സുള്ള ജ്യോതിലാലിനു പുറമേ അച്ഛൻ കൃഷ്ണൻകുട്ടി,അമ്മ ഭാനുമതി, ഭാര്യ സൗമ്യ, സഹോദരൻ ശങ്കർലാൽ, ഭാര്യ ഷിനി, എന്നിവരും കുഞ്ഞുങ്ങളും അടങ്ങുന്ന പത്തംഗ കൂട്ടുകുടുംബമാണു കൃഷി നടത്തുന്നത്. കുഞ്ചുവിന്റെ ഹോട്ടലിനും പ്രത്യേകതകളേറെ. കാഞ്ഞിരംകോട്ട് കായലിലെ കരിമീൻ കൂട്ടിയുള്ള ഊണും കുടത്തിൽ നിറച്ച ബിരിയാണിയും ഇവിടത്തെ പ്രത്യേകതകളാണ്.