'മഹേഷിന്റെ പ്രതികാരം' കണ്ട് ഇടുക്കിയിൽ നിർമിച്ച കൊച്ചുസ്വർഗം; ചെലവ് 20 ലക്ഷം; വിഡിയോ
Mail This Article
ഇടുക്കി ഇരട്ടയാറിൽ മലമുകളിൽ ടവർ ഹൗസ് മോഡലിൽ ഒരുക്കിയ കുട്ടിവീടിന്റെ വിശേഷങ്ങളിലേക്ക് പോയിവന്നാലോ... ഫോർട്ട് കൊച്ചി സ്വദേശികളായ റിജോയ്- വർണ ദമ്പതികളുടെ വാരാന്ത്യ വസതിയാണിത്.
മഹേഷിന്റെ പ്രതികാരം വഴിത്തിരിവായി

യുകെയിലെ ടൈനി ഹോം ആശയത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് ഇങ്ങനെയൊരു വീട് നിർമിക്കാനുള്ള പ്രചോദനം. ആ സമയത്താണ് മഹേഷിന്റെ പ്രതികാരം സിനിമയിറങ്ങുന്നത്. അതിലെ മലമേലെ തിരിവച്ചു എന്ന പാട്ടാണ് മറ്റൊരു വഴിത്തിരിവ്. അതിലെ വിഷ്വൽസ് കണ്ടപ്പോൾ ഖത്തറിലിരുന്ന് ഇടുക്കിയുടെ തണുപ്പ് ആ പാട്ടിലൂടെ ഫീൽ ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് ഇടുക്കിയിൽ ഒരു വീട് വേണമെന്ന് ആഗ്രഹം തോന്നുന്നത്. തിരഞ്ഞു സ്ഥലം വാങ്ങി.ആദ്യം A ഫ്രെയിം വീടു നിർമിച്ചു. അത് എന്റെ സുഹൃത്തിന് ഇഷ്ടപ്പെട്ടതു കൊണ്ട് ആ വീട് ലാഭത്തിൽ സുഹൃത്തിന് വിറ്റു. അതിനുശേഷമാണ് ഇവിടെ ഇരട്ടയാറിൽ സ്ഥലം മേടിച്ച് കുറച്ചു കൂടി സൗകര്യമുള്ള ഈ വീട് നിർമിച്ചത്. അര ഏക്കർ സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ചുറ്റും കാപ്പി, ഏലം, കുരുമുളക് എന്നിവയുടെ പ്ലാന്റേഷനാണ്. ഇതൊരു സിഗ്നേച്ചർ ഹോം ആകണം എന്നൊരു നിർബന്ധവുമുണ്ടായിരുന്നു. ടവർ ഹൗസ് മോഡൽ വേണം എന്നത് വൈഫിന്റെ ഐഡിയ ആയിരുന്നു. എപ്പോഴും മഴയും മഞ്ഞു വീഴുന്ന കാലാവസ്ഥയായതുകൊണ്ട് ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഈ വീട് ഡിസൈൻ ചെയ്തെടുത്തത്. റിജോയ് പറയുന്നു.

സിറ്റൗട്ടിൽ ആത്തംകുടി ടൈൽ വിരിച്ചു. അലുമിനിയം ഫ്രെയിമിൽ ഗ്ലാസ്സിലാണ് പ്രധാന വാതിൽ. ഇത് തുറന്ന് ചെറിയൊരു ഹാളിലേക്കാണ് പ്രവേശിക്കുന്നത്. വളരെ മിനിമൽ ഇന്റീരിയറാണ് ഇവിടെയുള്ളത്. താഴത്തെ നിലയിൽ ഈ ഹാളും ബാത്റൂമും മാത്രമേയുള്ളൂ. ഈ ഹാളിനെ യഥേഷ്ടം ലിവിങ്- ഡൈനിങ്-കിച്ചൻ ഏരിയയാക്കി മാറ്റാം.

സ്റ്റെയർ കയറിയെത്തുന്ന അപ്പർ സ്പെയ്സ് ബെഡ്റൂമായാണ് ഉപയോഗിക്കുന്നത്. ഇവിടെ നാലുചുറ്റും ഗ്ലാസ് ജാലകങ്ങളുണ്ട്. വീട്ടിലെ ഏറ്റവും മനോഹരമായിട്ടുള്ള സ്പേസ് ഇതിനോട് ചേർന്നുള്ള ഓപൺ ബാൽക്കണിയാണ്. ഇവിടെനിന്നാൽ ചുറ്റുമുള്ള പച്ചപ്പും മലനിരകളും കോടമഞ്ഞുമെല്ലാം നന്നായി ആസ്വദിക്കാം.

870 സ്ക്വയർഫീറ്റുള്ള ഈ ടൈനി ഹൗസിന് സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം ഏകദേശം 20 ലക്ഷം രൂപയാണ് ചെലവായത്.
പ്രീഫാബ് വീട്- ഗുണങ്ങൾ നിരവധി

മൂന്നു മാസം കൊണ്ടാണ് ഈ പ്രീഫാബ് വീട് നിർമിച്ചത്. ഇത്തരം നിർമാണ രീതിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്. ഒന്ന് വളരെ കുറഞ്ഞ സമയം കൊണ്ട് നിർമിക്കാൻ സാധിക്കും. ഭൂമിക്ക് ഭാരമാകാത്ത നിർമാണരീതിയാണിത്. വളരെ ദുർഘടമായ ഭൂപ്രകൃതിയിലും അനായാസമായി വീട് നിർമിക്കാൻ സാധിക്കും. ജിഐ ചട്ടക്കൂടിൽ ഫൈബർ സിമന്റ് കൊണ്ടാണ് ഇടങ്ങള്‍ നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഇടങ്ങൾ കൂട്ടിച്ചേർക്കാം, ഇടങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനും സാധിക്കും. ഇത് അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്തു കൊണ്ട് പുനഃസ്ഥാപിക്കാനും സ്റ്റീലും അയണും റീസെയിൽ ചെയ്യാനും സാധിക്കും.