ഒന്നര വർഷത്തിനു ശേഷം കൊല്ലം പബ്ലിക് ലൈബ്രറി തുറന്നു, പുസ്തകങ്ങൾ ഉണർന്നു

Mail This Article
കൊല്ലം ∙ ഒന്നര വർഷം മുൻപ് അടച്ച പബ്ലിക് ലൈബ്രറി വീണ്ടും തുറന്നു. ലൈബ്രറിയിൽ എത്തിയവരെ മധുരം നൽകി ജീവനക്കാർ സ്വീകരിച്ചു. ലൈബ്രറി അടച്ചിട്ടിരിക്കുന്നതു സംബന്ധിച്ചു മലയാള മനോരമ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണു ഗവേണിങ് ബോഡി യോഗം ചേർന്നു ലൈബ്രറി തുറക്കാൻ തീരുമാനിച്ചത്. ലൈബ്രറിയും പരിസരവും ദിവസങ്ങളെടുത്തു വൃത്തിയാക്കി.
കെട്ടിടങ്ങൾക്കുള്ളിൽ ശുചീകരണവും അണുനശീകരണവും നടത്തി. ഒരു ലക്ഷത്തിലധികം പേർക്കാണ് ലൈബ്രറിയിൽ അംഗത്വമുള്ളത്. അഞ്ഞൂറിലേറെ സജീവ അംഗങ്ങൾ ഉണ്ട്. മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവരുടെ ഏറ്റവും മികച്ച പഠനകേന്ദ്രമാണിത്. ഒന്നും രണ്ടും നിലകളിലെ പുസ്തകങ്ങൾ വൃത്തിയാക്കി ക്രമത്തിൽ അടുക്കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഉപേക്ഷിക്കാനായി ഒരു ഭാഗത്ത് കൂട്ടിയിട്ടിരുന്ന പുസ്തകങ്ങൾ മാത്രമാണ് ചിതലരിച്ചതെന്നും മറ്റു പുസ്തകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഗവേണിങ് ബോഡി അംഗങ്ങളായ കെ. ഭാസ്കരൻ, എൻ. ശിവരാമൻ നായർ, അമൃത ലാൽ, ഡോ.കെ.ജി. തോമസ് എന്നിവർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ലൈബ്രറി അടയ്ക്കേണ്ടി വന്നത്.
ഗവേഷണ സാധ്യതകൾ പ്രയോജനപ്പെടുത്തി, കുട്ടികൾക്കുള്ള ലൈബ്രറിയും വികസിപ്പിച്ച് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും അവർ അറിയിച്ചു. നാളുകളായി വരുമാനം മുടങ്ങിയിരുന്ന ജീവനക്കാർക്കും ആശ്വാസമായി .14 ജീവനക്കാരാണ് ലൈബ്രറിയിൽ ഉള്ളത്. ഒന്നര വർഷമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. സർക്കാർ നൽകിയ കിറ്റും മറ്റു സഹായങ്ങൾ കൊണ്ടുമാണ് ഇത്രയും നാൾ കഴിഞ്ഞതെന്ന് ജീവനക്കാർ പറഞ്ഞു.