കോട്ടാത്തലയിലെ മണ്ഡപം തകർച്ചയുടെ വക്കിൽ
![kottathala-mandapam kottathala-mandapam](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2022/5/27/kottathala-mandapam.jpg?w=1120&h=583)
Mail This Article
കൊട്ടാരക്കര∙ രാജഭരണകാലത്തിന്റെ പ്രൗഢിയുമായി നിന്നിരുന്ന കോട്ടാത്തലയിലെ മണ്ഡപം വിസ്മൃതിയിലേക്ക്. സമീപത്തെ മരച്ചില്ലകൾ വീണു മേൽക്കൂര തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. അവശേഷിക്കുന്ന ഭാഗങ്ങളും വൈകാതെ നിലം പൊത്തും. സംരക്ഷണ നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണു നാടിന്റെ ആവശ്യം. കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല ജംക്‌ഷനിലാണ് മണ്ഡപം. മാർത്താണ്ഡവർമ രാജാവിന്റെ കാലത്ത് നിർമിച്ചതാണിതെന്നു കരുതുന്നു. നാല് കൽത്തൂണുകളിലും ശിൽപങ്ങളും കൊത്തുപണികളുമുണ്ട്.
രാജഭരണകാലത്ത് വഴിയോര വിശ്രമ കേന്ദ്രങ്ങൾ പലയിടങ്ങളിലും ഉണ്ടായിരുന്നു. മണ്ഡപങ്ങൾക്കു പുറമേ ചുമടുതാങ്ങി, കിണർ എന്നിവയും സമീപത്ത് നിർമിച്ചിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ സംരക്ഷണമില്ലാതെ മിക്കതും തകർന്നു. കോട്ടാത്തലയിലെ മണ്ഡപത്തിനു പുറമേ പരിസരത്തെ കിണറിന്റെ പരിസരങ്ങളും കാട് കയറി. വൈകുന്നേരങ്ങളെ സജീവമാക്കി കൂട്ടായ്മയുടെയും ചർച്ചകളുടെയും വേദിയായിരുന്നു മണ്ഡപം.