ചിട്ടി നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിനെന്ന് സൂചന; 50 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നു വിവരം

Mail This Article
കൊട്ടാരക്കര∙ കേച്ചേരി ചിട്ടി നിക്ഷേപത്തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു സൂചന. ഇന്നലെ കൊല്ലം റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ പരാതികളുമായി ഒട്ടേറെ നിക്ഷേപകർ തടിച്ചു കൂടി. 42 കേസുകളാണ് ഇന്നലെ റജിസ്റ്റർ ചെയ്തത്. 50 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണു വിവരം. മറ്റു ജില്ലകളിലും നിക്ഷേപകർ പരാതികളുമായി രംഗത്തുണ്ട്. ചിട്ടി ലഭിച്ച ഇനത്തിലും പണം നിക്ഷേപിച്ച ഇനത്തിലും 350 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണു നിക്ഷേപക്കൂട്ടായ്മ പറയുന്നത്. കേച്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പത്തനാപുരം കമുകുംചേരി ഹരി ഭവനത്തിൽ എസ്.വേണുഗോപാൽ (57) അറസ്റ്റിലായ വിവരം അറിഞ്ഞു കൂടുതൽ നിക്ഷേപകർ ഇന്നലെ പരാതികളുമായി രംഗത്തെത്തി. അറസ്റ്റിലായ വേണുഗോപാലിനെ ഇന്നലെ കൊട്ടാരക്കര കോടതി ജാമ്യത്തിൽ വിട്ടു.
പത്തനംതിട്ടയിലും സമാനരീതിയിൽ തട്ടിപ്പു നടന്നതായാണു സംശയം. സംസ്ഥാനത്ത് ഉടനീളം സ്ഥാപനത്തിനു ബ്രാഞ്ചുകളുണ്ടെന്നു പൊലീസ് പറയുന്നു. നിർധന രോഗികൾ മുതൽ വ്യവസായ പ്രമുഖർ വരെ പരാതികൾ നൽകിയവരിൽ ഉണ്ടെന്നാണു വിവരം. പരാതികൾ റജിസ്റ്റർ ചെയ്തതോടെ ബ്രാഞ്ച് മാനേജർമാർ മുതൽ മാനേജിങ് ടീം വരെ പ്രതികളാകുമെന്നു പൊലീസ് പറയുന്നു. ഇതിനിടെ നിക്ഷേപത്തട്ടിപ്പിനു പിന്നിൽ രാഷ്ട്രീയ രംഗത്തെ ചില ഉന്നതർക്കും പങ്കുണ്ടെന്ന ആരോപണവും ഉയരുന്നു. ബെനാമിയായി പണം നിക്ഷേപിച്ച രാഷ്ട്രീയനേതാവ് 21 കോടി രൂപ പെട്ടെന്നു പിൻവലിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബിജെപി പ്രാദേശിക ഘടകം രംഗത്തു വന്നു.