എൽഡിഎഫിന് ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം; സിപിഎം തയാറാക്കിയ കണക്കുകൾ ഇങ്ങനെ
Mail This Article
കോട്ടയം ∙ പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങൾ ഒഴികെ കോട്ടയം ജില്ലയിലെ 7 മണ്ഡലങ്ങളിലും വിജയിക്കാമെന്ന് സിപിഎം വിലയിരുത്തൽ. പോളിങ്ങിനു ശേഷം ബൂത്ത് തലത്തിലെ കണക്കുകൾ ശേഖരിച്ച് സിപിഎം ജില്ലാ നേതൃത്വം നടത്തിയ വിലയിരുത്തലിലാണ് എൽഡിഎഫിനു വലിയ വിജയം കിട്ടുമെന്ന പ്രതീക്ഷ. കണക്കുകൾ സംസ്ഥാന നേതൃത്വത്തിനു സിപിഎം ജില്ലാ നേതൃത്വം കൈമാറി. കേരള കോൺഗ്രസിന്റെ (എം) വരവ് എൽഡിഎഫിനു ഗുണമായെന്നും സിപിഎം വിലയിരുത്തുന്നു.
ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായവും ഇടതു മുന്നണിയെ പിന്തുണച്ചു. സർക്കാരിന്റെ നേട്ടങ്ങളും ഗുണമായി. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചില്ലെന്നും സിപിഎം കരുതുന്നു. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിൽ യുഡിഎഫിനു മേൽക്കൈ ഉണ്ടെന്നും കോട്ടയം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് മത്സരം നടന്നുവെന്നും സിപിഎം വിലയിരുത്തുന്നു. പുതുപ്പള്ളിയിൽ യുഡിഎഫ് 5000ൽ ഏറെ വോട്ടുകൾക്കു മുന്നിലും കോട്ടയത്ത് യുഡിഎഫ് 3000 വോട്ടുകൾക്കു മുന്നിലുമാകുമെന്നാണ് സിപിഎം വിലയിരുത്തൽ.
ഘടക കക്ഷികളുടെ മണ്ഡലത്തിലാണ് എൽഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്നത്. വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. സിപിഎം സിറ്റിങ് സീറ്റായ ഏറ്റുമാനൂരിൽ ഏകദേശം 9000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. കോട്ടയത്ത് 3 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്; ഏറ്റുമാനൂരിലും പുതുപ്പള്ളിയിലും കോട്ടയത്തും. ഇതിൽ ഒരു സീറ്റിലേ വിജയപ്രതീക്ഷ വയ്ക്കുന്നുള്ളൂ.
എൽഡിഎഫിന് ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം (സിപിഎം തയാറാക്കിയ കണക്കുകൾ)
പാലാ–18,500
കടുത്തുരുത്തി – 10,000
പൂഞ്ഞാർ – 10,000
കാഞ്ഞിരപ്പള്ളി – 15,000
ചങ്ങനാശേരി – 5000
വൈക്കം – 20,000
ഏറ്റുമാനൂർ – 9000