ADVERTISEMENT

കടുത്തുരുത്തി∙ ഭൂരിപക്ഷത്തിലെ മാജിക് ആവർത്തിക്കാനായില്ലെങ്കിലും കടുത്തുരുത്തിയിൽ തുടർച്ചയായ നാലാം വിജയത്തിന്റെ തലയെടുപ്പിൽ മോൻസ് ജോസഫ്.കേരള കോൺഗ്രസിനു (എം) പാലായ്ക്കൊപ്പം തന്നെ സ്വാധീനമുള്ള കടുത്തുരുത്തിയിൽ 2016ലെ തിരഞ്ഞെടുപ്പിൽ 42,256 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണു മോൻസ്സ്വന്തമാക്കിയത്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷവും ഇതായിരുന്നു. എന്നാൽ, കേരള കോൺഗ്രസിന്റെ (എം) മുന്നണിമാറ്റത്തോടെ കടുത്തുരുത്തിയിലെ രാഷ്ട്രീയ സമവാക്യം പാടേ മാറി.

ഇത്തവണ മോൻസിന്റെ വ്യക്തിപ്രഭാവവും പരിചയ സമ്പത്തും വിവിധ സമുദായങ്ങൾക്കിടയിലെ സ്വീകാര്യതയുമാണു വിജയം കണ്ടത്. ഐശ്വര്യ കേരള യാത്രയുടെ കടുത്തുരുത്തിയിലെ പ്രചാരണ വേളയിൽ പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല മോൻസിന്റെ സ്ഥാനാർഥിത്വം അനൗദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും വൈകിയാണു പ്രചാരണം തുടങ്ങിയത്. യുഡിഎഫ് സീറ്റു വിഭജനം, കേരള കോൺഗ്രസ് – കേരള കോൺഗ്രസ് (ജോസഫ്) ലയനം തുടങ്ങിയ മുന്നണി പാർട്ടി ചർച്ചകൾ എന്നിവയ്ക്കു മേൽനോട്ടം വഹിക്കുന്നതിനിടെത്തന്നെ പ്രചാരണത്തിന്റെ മാറ്റു കുറച്ചില്ല.

ഇതിനിടെ ഏറ്റുമാനൂർ സീറ്റ് ലഭിക്കാതിരുന്നതോടെ ഇടഞ്ഞുനിന്ന കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനു യുഡിഎഫ് ചെയർമാൻ സ്ഥാനവും മോൻസ് വിട്ടുനൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ മോൻസിനായി പ്രചാരണത്തിനെത്തിയിരുന്നു. ഇത്തവണ നിയമസഭയിൽ പി.ജെ. ജോസഫിനെക്കൂടാതെ കേരള കോൺഗ്രസിൽനിന്നുള്ള ഏക പ്രതിനിധിയും മോൻസ് ആണ്. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഏക എംഎൽഎയാണു പാർട്ടിയിലെ എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായ മോൻസ്.

ഇതോടെ പി.ജെ. ജോസഫിനു പിന്നിൽ പാർട്ടിയിലെ രണ്ടാം സ്ഥാനക്കാരനും മോൻസാകും. കടുത്തുരുത്തിയിലെ 11 പഞ്ചായത്തിൽ 9 ഇടത്തും ഇപ്പോൾ എൽഡിഎഫ് ഭരണമാണ്. എന്നാൽ, മണ്ഡലത്തിലെ ‘മോൻസ് ഫാക്ടറി’നു മുന്നിൽ ഈ കണക്കുകൾ വിലപ്പോയില്ല. കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തേക്കു മാറിയതോടെ പതിനായിരത്തിനടുത്തു ഭൂരിപക്ഷത്തിൽ വിജയം പ്രതീക്ഷിച്ചിടത്ത്  തോറ്റത് കേരള കോൺഗ്രസിനും (എം) സ്ഥാനാർഥി സ്റ്റീഫൻ ജോർജിനും ഞെട്ടലായി.

കുടുംബയോഗങ്ങളും വാർഡ്തല യോഗങ്ങളുമായിരുന്നു യുഡിഎഫ് പ്രചാരണത്തിൽ മുഖ്യ ഘടകം. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ പിന്നിലായിപ്പോയെങ്കിലും പിന്നീടു നേടിയ ലീഡ് അവസാനം വരെ നിലനിർത്താൻ മോൻസിനു സാധിച്ചു. പഞ്ചായത്തു തലങ്ങളിലുള്ള പ്രചാരണം ചിട്ടയായി ഏകോപിക്കാനായതും നേട്ടമായി. കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയെച്ചൊല്ലി പാർട്ടിക്കുള്ളിലെ തർക്കവും മോൻസിനു നേട്ടമായി. മണ്ഡലത്തിലുള്ള സഖറിയാസ് കുതിരവേലിൽ, സിറിയക് ചാഴികാടൻ തുടങ്ങിയവരെ സ്ഥാനാർഥിയായി പരിഗണിക്കണമെന്നു പ്രാദേശിക നേതൃത്വം നിർദേശിച്ചിരുന്നു.

ജോസ് കെ. മാണി കടുത്തുരുത്തിയിൽ സ്ഥാനാർഥിയാകണമെന്നു മണ്ഡലത്തിലെ നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് ബിജെപിയിലെ  ലിജിൻ ലാൽ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com